സൈലന്‍സറില്‍ രൂപമാറ്റം: കാതടിപ്പിക്കുന്ന ശബ്ദവും മൂന്നു പേരും; ബൈക്ക് പോലീസ് പിന്തുടര്‍ന്നു പിടികൂടി
സൈലന്‍സറില്‍ രൂപമാറ്റം: കാതടിപ്പിക്കുന്ന ശബ്ദവും മൂന്നു പേരും
തിരുവല്ല: സൈലന്‍സറില്‍ രൂപമാറ്റം വരുത്തി വന്‍ ശബ്ദത്തില്‍ അതിവേഗത്തില്‍ ഓടിച്ചു വന്ന ബൈക്കിനെ ഹോം ഗാര്‍ഡ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പാഞ്ഞു. വിവരമറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ് പിന്തുടര്‍ന്നു പിടികൂടി. ഓടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. നിരത്തുകളില്‍ അപകടങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍, അവ തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്ന ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പട്രോളിംഗിനിടെയാണ് സംഭവം.
21 ന് വൈകിട്ട് ആറുമണി കഴിഞ്ഞപ്പോള്‍ പൊടിയാടി-തിരുവല്ല റോഡില്‍ രണ്ടുപേരെ പിന്നിലിരുത്തി അമിതവേഗതയിലും, അപകടമുണ്ടാക്കും വിധവും വലിയ ശബ്ദത്തിലും മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുപോയ നെടുമ്പ്രം മണക്ക് മങ്ങാട്ടു വീട്ടില്‍ അഷ്മിത്തി(19)നെതിരെയാണ് കേസെടുത്തത്. പൊടിയാടിയില്‍ വച്ച് ബൈക്കിന്റെ വരവു കണ്ട് ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് ചെന്താമരന്‍ കൈ
കാണിച്ചെങ്കിലും നിര്‍ത്താതെ പോയി.
തുടര്‍ന്ന് പോലീസിനെ അറിയിക്കുകയും എസ്.ഐയുടെ നേതൃത്വത്തില്‍ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാവിലെ മെക്കാനിക്കുമായി സ്റ്റേഷനിലെത്തി സൈലന്‍സര്‍ മാറ്റി വച്ചതിനെ തുടര്‍ന്ന് ബൈക്ക് ഇയാള്‍ക്കു വിട്ടുകൊടുത്തു. എസ്.ഐ കെ.സുരേന്ദ്രന്‍, സി.പി.ഓ രഞ്ജു, സന്തോഷ് ,സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് നടപടികള്‍ കൈക്കൊണ്ടത്.