പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളെ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാർ; എംപിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്ക്; കാർ അടിച്ചു തകർത്തു; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ബിജെപി; ദൃശ്യങ്ങൾ വൈറൽ

Update: 2025-10-06 11:45 GMT

നാഗ്‌രാകാട്ട: പശ്ചിമ ബംഗാളിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മാൾഡ ഉത്തരയിലെ ബിജെപി എംപി ഖഗൻ മുർമുവിനും സംഘത്തിനും നേരെ കല്ലെന്നറിഞ്ഞ് നാട്ടുകാർ. തിങ്കളാഴ്ച ഉച്ചയോടെ നാഗ്‌രാകാട്ടയിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തിൽ എംപി ഖഗൻ മുർമുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൽപായ്ഗുരി ജില്ലയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എത്തിയതായിരുന്നു എംപി. അദ്ദേഹത്തോടൊപ്പം ബിജെപി എംഎൽഎ ശങ്കർ ഘോഷും ഉണ്ടായിരുന്നു. ഒരു സംഘം ആളുകൾ ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എംപിയുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് എംഎൽഎ ശങ്കർ ഘോഷ് പറഞ്ഞത്, 'ഗൻദാ വാഹനത്തിൽ രക്തത്തിൽ കുളിച്ച് കിടക്കുകയാണ്. കാറിന്റെ ഒരു ഗ്ലാസ് പോലും ബാക്കിയില്ല. കാറിനുള്ളിൽ എല്ലായിടത്തും തകർന്ന ചില്ലുകളും കല്ലുകളുമാണ്.' എംപിക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി ഉടൻ തന്നെ സ്ഥലത്തു നിന്ന് പുറപ്പെട്ടതായും അദ്ദേഹം വീഡിയോയിൽ വിശദീകരിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവരാണെന്ന് ബിജെപി ആരോപിച്ചു. 'മമതാ പോലീസിന്റെ സാന്നിധ്യത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു,' കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുകാന്ത മജുംദാർ ആരോപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയുള്ള ഇത്തരം ആക്രമണങ്ങൾ പ്രതിഷേധാർഹമാണെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

Tags:    

Similar News