മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ട് പോയി; ഫാക്ടറിയിലേക്ക് എത്തിയ ഭീകരര്‍ ജീവനക്കാരെ ബന്ദികളാക്കി; മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം

മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ട് പോയി

Update: 2025-07-03 02:33 GMT

ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യക്കാരെ അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി. ഇക്കാര്യം സ്ഥിരീകരിച്ചു ഇന്ത്യന്‍ അധികൃതര്‍. പശ്ചിമമാലിയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ ആക്രമണത്തിനിടെയാണ് ഇന്ത്യക്കാരെ തട്ടികൊണ്ട് പോയത്.

ഫാക്ടറിയിലേക്ക് എത്തിയ ഭീകരര്‍ ജീവനക്കാരെ ബന്ദികളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അല്‍ ഖാഇദയുമായി ബന്ധമുള ജമാത് നുസ്ത്ര് അല്‍-ഇസ്‌ലാം-വാല്‍-മുസ്‌ലിമിനാണ് മാലിയില്‍ ആക്രമണങ്ങള്‍ നടത്തിയതെന്നാണ് സൂചന. ഇവര്‍ തന്നെയാണ് തട്ടികൊണ്ട് പോകലിനും പിന്നിലുള്ളത്.

ആക്രമണത്തെയും തട്ടികൊണ്ട് പോകലിനേയും അപലപിച്ച് വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ മാലി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിക്കുന്നു. ഇവരെ മോചിപ്പിക്കുന്നതിനായി മാലി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബാംകോയിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മാലിയിലെ ഇന്ത്യന്‍ പൗരന്‍മാരോട് ജാഗ്രത പുലര്‍ത്താനും വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു. ബന്ദികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News