തൊഴിലുറപ്പ് പദ്ധതി: രാജ്യത്ത് ആറ് മാസത്തിനടയില്‍ പുറത്തായത് 84.8 ലക്ഷം തൊഴിലാളികള്‍; ഏറ്റവും അധികം ആളുകള്‍ പുറത്തായത് തമിഴ്‌നാട്ടില്‍; കേരളത്തില്‍ പുറത്തായത് ഒരു ലക്ഷത്തോളം തൊഴിലാളികള്‍; പുറത്താകുന്നത് കൂടിയത് ആധാര്‍ അധിഷ്ഠിത വേതനവിതരണ സംവിധാനം നിര്‍ബന്ധമായതോടെ; കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് മരണമണി?

Update: 2024-11-02 03:26 GMT

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് അസ്വാഭാവികമാംവിധം വലിയ തോതില്‍ തൊഴിലാളികള്‍ പുറത്താകുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ ഇടത് പക്ഷത്തിന്റെ നിര്‍ബന്ധത്തില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഇപ്പോള്‍ ഫുള്‍സ്റ്റോപ്പ് ഇടാന്‍ പോകുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസം രജിസ്റ്റര്‍ ചെയ്തിരുന്ന 84.8 ലക്ഷം തൊഴിലാളികള്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതായാണ് അക്കാദമികപണ്ഡിതരും ആക്ടിവിസ്റ്റുകളും അടങ്ങിയ 'ലിബ് ടെക്' നടത്തിയ പഠനം കണ്ടെത്തിയത്. 45.4 ലക്ഷം പുതിയ തൊഴിലാളികളെ ഉള്‍പ്പെടുത്തി.

2022- 23, 23 24 സാമ്പത്തിക വര്‍ഷങ്ങളില്‍ എട്ടുകോടിയോളം തൊഴിലാളികളാണ് പുറത്താക്കപ്പെട്ടതെന്ന് ലിബ് ടെക്കിന്റെ പഠനം കണ്ടെത്തി. തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം പേര്‍ പുറത്തായത്, 14.7 ശതമാനം. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഢില്‍ 14.6 ശതമാനം പേര്‍ പുറത്തായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും 80 ലക്ഷം പേര്‍ പുറത്തായെന്ന റിപ്പോര്‍ട്ട് സംഘടന നേരത്തേ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഈ വര്‍ഷം പദ്ധതിയിലെ സജീവതൊഴിലാളികളുടെ എണ്ണത്തില്‍ എട്ടുശതമാനം ഇടിവുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഈ വര്‍ഷം 1,93,947 തൊഴിലാളികള്‍ പദ്ധതിക്ക് പുറത്തായത്. എന്നാല്‍ 67,629 തൊഴിലാളികള്‍ പുതുതായെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫലത്തില്‍ കേരളത്തില്‍ ഈ വര്‍ഷമുണ്ടായ തൊഴിലാളികളുടെ കുറവ് 1,26,318. തുടര്‍ച്ചയായി മൂന്നുവര്‍ഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് നേടിയ തൊഴിലാളികളെയാണ് 'സജീവതൊഴിലാളി'കളായി കണക്കാക്കുക.

പദ്ധതിയോടുള്ള അധികൃതരുടെ താത്പര്യക്കുറവും താഴെത്തട്ടിലെ തൊഴിലാളികളായ ഗുണഭോക്താക്കള്‍ക്ക് അപ്രാപ്യമായവിധത്തില്‍ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ നിബന്ധനകളും പദ്ധതിയുടെ താളം തെറ്റിക്കുന്നെന്നാണ് കണ്ടെത്തല്‍. ആധാര്‍ അധിഷ്ഠിത വേതനവിതരണ സംവിധാനം എത്തിയതോടെയാണ് ഒട്ടേറെ പേര്‍ പദ്ധതിയില്‍ നിന്ന് പുറത്താകുന്നത്. സംവിധാനം നിര്‍ബന്ധമാക്കിയതോടെ 6.73 കോടി തൊഴിലാളികളാണ് പദ്ധതിക്ക് പുറത്തായത്. മൊത്തം തൊഴിലാളികളുടെ 27.4 ശതമാനം വരുമിത്.

ആധാര്‍ അധിഷ്ഠിത വേതനവിതരണ സംവിധാനത്തില്‍ ഉള്‍പ്പെടുന്നതിന് പല കടമ്പ കടക്കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് തൊഴില്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം, ആധാര്‍ കാര്‍ഡിലെ പേര് തന്നെയാണ് തൊഴില്‍ കാര്‍ഡിലുമെന്ന് ഉറപ്പിക്കണം, ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം, ആ അക്കൗണ്ട് നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ രേഖപ്പെടുത്തണം. കേരളമാണ് ഏറക്കുറെ എ.ബി.പി.എസ്. പൂര്‍ത്തീകരണത്തില്‍ മുന്നില്‍. മറ്റു മാനദണ്ഡങ്ങളാല്‍ പുറത്താക്കപ്പെടുന്നവരുമുണ്ട്. 'സജീവതൊഴിലാളി'കളല്ലാതാവുക പോലുള്ള കാരണങ്ങളുമുണ്ട്. കേരളത്തില്‍ പലരും സജീവതൊഴിലാളികളാവുന്നില്ലെന്നതാണ് പുറത്താകുന്നതില്‍ പ്രശ്‌നം.

കഴിഞ്ഞ സാമ്പത്തികവര്‍ഷം തൊഴിലാളികളുടെ തൊഴില്‍ദിനത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16.6 ശതമാനത്തിന്റെ കുറവുണ്ടായി. മുന്‍വര്‍ഷം 184 കോടി തൊഴില്‍ദിനം പദ്ധതിയനുസരിച്ച് സൃഷ്ടിക്കപ്പെട്ടിടത്ത് ഈ വര്‍ഷം 153 കോടിയായിരിക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളുടെ സാമ്പത്തിക സാമൂഹ്യ അന്തരീക്ഷത്തില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമായ തൊഴിലുറപ്പ് പദ്ധതിയുടെ അപചയം ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനും കാരണമായിട്ടുണ്ടെന്ന് പഠനം കണ്ടെത്തി.

കേന്ദ്രത്തിന്റെ ഈ നടപടികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സ്ഥിരമായി ജോലി ചെയ്തിരുന്ന സക്രിയ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാന്‍ കാരണമായതായും പഠനം വ്യക്തമാക്കുന്നു. 2023ല്‍ 14.3 കോടി സക്രിയ തൊഴിലാളികള്‍ ഉണ്ടായിരുന്ന പദ്ധതിയില്‍ 2024 ഒക്ടോബറിലുള്ളത് 13.2 കോടിയാണ്. ഒരു വര്‍ഷംകൊണ്ട് കുറവുണ്ടായത് എട്ട് ശതമാനത്തിലധികം.

Tags:    

Similar News