ഗതാഗത കമ്മീഷണര്‍ സ്ഥാനം ഏറ്റെടുക്കാതെ ഐജി അക്ബറിന്റെ നടപടിയില്‍ ഗതാഗത മന്ത്രിയ്ക്ക് അതൃപ്തി; പകരം ആളെ നിയമിച്ചേക്കും; അക്ബര്‍ പോലീസില്‍ തുടരാന്‍ സാധ്യത
ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും അക്ബര്‍ സ്ഥാനമേറ്റെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കൊച്ചിയില്‍ നിന്നും മാറാന്‍ കഴിയില്ലെന്ന് അക്ബര്‍ ഡിജിപിയെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനം ഏറ്റെടുക്കാതെ ഐജി എ അക്ബറിന്റെ നടപടിയില്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന് അതൃപ്തി. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നുവെന്നാണ് വിലയിരുത്തല്‍. ഉടന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് മന്ത്രിയുടെ നിലപാട്. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞത്. പകരം എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐജിയായ എ അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചിരുന്നു.
ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും അക്ബര്‍ സ്ഥാനമേറ്റെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കൊച്ചിയില്‍ നിന്നും മാറാന്‍ കഴിയില്ലെന്ന് അക്ബര്‍ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചില്‍ നിന്നും സ്ഥാനം ഒഴിഞ്ഞിട്ടുമില്ല. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കറിനാണ് ഗതാഗത കമ്മീഷണറുടെ നിലവിലെ ചുമതല. കെഎസ്ആര്‍ടിസി എംഡിയുടെ ചുമതലയും പ്രമോജ് ശങ്കറിനാണ്. ഈ സാഹചര്യത്തില്‍ ഉടന്‍ പുതിയ ഗതാഗത കമ്മീഷണറെ വേണമെന്നതാണ് മന്ത്രി ഗണേഷ് കുമാറിന്റെ നിലപാട്. ഇതിനിടെ അക്ബറിന്റെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സൂചനയുണ്ട്. അങ്ങനെ എങ്കില്‍ ഉടന്‍ പുതിയ കമ്മീഷണറെ നിയമിക്കും. അക്ബറിനെ പോലീസില്‍ തന്നെ തുടരാന്‍ അനുവദിച്ചേക്കും.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി കൊമ്പുകോര്‍ത്തു നിന്ന ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന് സ്ഥാനചലനം ഏറെ ചര്‍ച്ചയായിരുന്നു. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിട്ടാണ് ശ്രീജിത്തിനെ മാറ്റിയത്. മന്ത്രിയുടെ താന്‍പോരിമ മൂലം ഗതാഗതമന്ത്രാലയില്‍ നിന്ന് മാറാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു ശ്രീജിത്. അതുകൊണ്ട് തന്നെ ഉടന്‍ പോലീസ് ആസ്ഥാനത്ത് ചുമതലയേറ്റു. ഇതോടെ ഗതാഗത കമ്മീഷണര്‍ കസേര ഒഴിഞ്ഞു.
ഗണേഷ് കുമാര്‍ ചുമതലയേറ്റത് മുതല്‍ ശ്രീജിത്തുമായി ഉടക്കായിരുന്നു. ഒരുഘട്ടത്തില്‍ മന്ത്രി കമ്മിഷണറെ പരസ്യമായി ശാസിക്കുക പോലുമുണ്ടായി. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ തുടങ്ങി അതി സുരക്ഷാ നമ്പര്‍ പ്ളേറ്റ് വരെയുള്ള വിഷയങ്ങളില്‍ ഇരുവരും വ്യത്യസ്ത നിലപാട് പുലര്‍ത്തുകയും മന്ത്രി ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. സുരക്ഷ നമ്പര്‍ പ്ലേറ്റ് ആഗോള ടെന്‍ഡര്‍ നല്‍കുന്നതിനെതിരെ കടുത്ത നിലപാടാണ് ഗതാഗത കമ്മീഷണറായിരിക്കെ ശ്രീജിത്ത് എടുത്തത്.
ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ നിയമപരമായി കഴിയില്ലെന്ന് വ്യക്തമാക്കി കമ്മീഷണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സംഘര്‍ഷം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഗതാഗത കമ്മീഷണറെ മാറ്റിയത്. ഈ സാഹചര്യങ്ങള്‍ക്കിടെയാണ് ഗതാഗത കമ്മീഷണര്‍ സ്ഥാനം ഒരു മാസമായി ഒഴിഞ്ഞു കിടക്കുന്നത്.