കേരളത്തിലും തമിഴ്നാട്ടിലും പരിവാര്‍ പ്രസ്ഥാനങ്ങള്‍ ശക്തമാക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സമ്പര്‍ക് പ്രമുഖ്; ജയകുമാര്‍ എഡിജിപിയുടെ സഹപാഠി തന്നെ; പൂരം കലക്കല്‍ വാദം പൊളിക്കാന്‍ ബിജെപി

കേരളത്തില്‍ നിറയാന്‍ ജയകുമാര്‍

Update: 2024-09-08 06:03 GMT


തിരുവനന്തപുരം: ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്നതിന് സ്ഥിരീകരണം വന്നതോടെ സംഘപരിവാറിലും ചര്‍ച്ച. 2023 മേയില്‍ ആര്‍.എസ്.എസ്. നേതാവും എ.ഡി.ജി.പി.യും കൂടിക്കാഴ്ച നടത്തി 2024-ലെ പൂരം അലങ്കോലപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതില്‍ യുക്തിയില്ലാണ് ബി.ജെ.പി. പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതിരോധം. ഈ കാല വ്യത്യാസം ബിജെപി ചര്‍ച്ചയാക്കും. അതിനിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ എ ജയകുമാറിന് കൂടുതല്‍ സാധ്യതകളും ഉയരുകയാണ്.

കഴിഞ്ഞ തവണ കെ. സുരേന്ദ്രനുപകരം ബിജെപി സംസ്ഥാന പ്രസിഡന്റാകാന്‍ ഒരുഘട്ടത്തില്‍ ചര്‍ച്ചയില്‍ ഇടംപിടിച്ച നേതാവാണ് എ. ജയകുമാര്‍. ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ജയകുമാറിനും താല്‍പ്പര്യമുണ്ട്. ആര്‍.എസ്.എസിന്റെ ശാസ്ത്രസാങ്കേതിക വിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ് ജയകുമാര്‍. നിലവില്‍ സംഘപരിവാറിലേക്ക് വി.ഐ.പി.കളെ എത്തിക്കുന്നതിന്റെ നേതൃസ്ഥാനമാണ് ജയകുമാറിന്. പല പ്രമുഖരുമായും ജയകുമാര്‍ നിരന്തര കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനിടെ ഈ വിവാദത്തോടെ പരിവാറില്‍ ജയകുമാറിന് പ്രസക്തിയും കൂടി.

ഹൊസബാളെ-അജിത് കൂടിക്കാഴ്ചയുണ്ടായിട്ടില്ലെന്ന് ആര്‍.എസ്.എസ്. ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞിരുന്നു. എന്നാല്‍ സന്ദര്‍ശിച്ചെന്ന് എ.ഡി.ജി.പി.തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ബി.ജെ.പി.യുടെയും ആര്‍.എസ്.എസിന്റെയും വാദം പൊളിഞ്ഞു. അതിനിടെ ആര്‍ എസ് എസ് ക്യാമ്പില്‍ കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഈശ്വരന്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ മറ്റൊരിടത്താണ് കൂടിക്കാഴ്ച. അത് സംസ്ഥാന ആര്‍ എസ് എസിലെ പ്രമുഖര്‍ പോലും അറിഞ്ഞില്ലെന്ന വാദവും സജീവമാണ്.

തിരുവനന്തപുരം കൈമനം സ്വദേശിയായ ജയകുമാര്‍ എ.ഡി.ജി.പി.യുടെ സുഹൃത്തും സഹപാഠിയുമാണെന്നാണ് പറയുന്നത്. ഏറെക്കാലം ബെംഗളൂരുവായിരുന്നു പ്രവര്‍ത്തനമേഖല. കേരളത്തില്‍ സ്വദേശ് സയന്‍സ് മൂവ്മെന്റിന് തുടക്കമിട്ടത് അദ്ദേഹമാണ്. സി.ഇ.ടി.യില്‍ എന്‍ജിനിയറിങ് പഠനത്തിനിടെ എ.ബി.വി.പി.യില്‍ ചേര്‍ന്നു. പിന്നീട് ആര്‍.എസ്.എസിന്റെ സജീവ പ്രചാരകനായി. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളുമായി വലിയ അടുപ്പമുണ്ട്. പല കാര്യങ്ങളിലും മോദി ജയകുമാറിന്റെ അഭിപ്രായം തേടാറുണ്ട്. കോണ്‍ഗ്രസ് നേതാവ് കൈമനം പ്രഭാകരന്റെ അനുജനുമാണ്.

എഡിജിപി എം.ആര്‍. അജിത് കുമാര്‍ സഹപാഠിയാണെന്നു സ്ഥിരീകരിച്ച് ജയകുമാറും രംഗത്തു വന്നിട്ടുണ്ട്. ''അജിത് കുമാര്‍ ഇതിനോടകം എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്. അജിത് കുമാര്‍ പറഞ്ഞതിനോട് എതിരഭിപ്രായമില്ല. മാധ്യമങ്ങളോട് അജിത് കുമാര്‍ സംസാരിക്കുമായിരിക്കും. എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിയില്ല, പരിതിമികളുണ്ട്'' ജയകുമാര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്. ജയകുമാര്‍ അയച്ച കാറിലെത്തിയാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി എഡിജിപി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്.

പ്രധാനമന്ത്രിയാകുന്നതിനു മുന്നേ മോദിയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദബന്ധമുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. ബിജെപി ഭരണത്തില്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ ആര്‍എസ്എസ് നയങ്ങള്‍ രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും ജയകുമാറാണ്. കേരളത്തിലും തമിഴ്നാട്ടിലും പരിവാര്‍ പ്രസ്ഥാനങ്ങള്‍ ശക്തമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ഇതിനു വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സമ്പര്‍ക് പ്രമുഖനാണ് ജയകുമാര്‍. കേരളത്തിലും തമിഴ്നാട്ടിലും ആര്‍എസ്എസിന് വേരോട്ടമുണ്ടാക്കുകയെന്നതാണ് ദൗത്യം.

Tags:    

Similar News