എന്തിനാണ് സിനിമ കോണ്‍ക്ലേവ്? പൊതുജനത്തിന്റെ പണവും സമയവും കളയരുത്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് നടി രഞ്ജിനി

സിനിമാ കോണ്‍ക്ലേവ് പണവും സമയവും കളയാനെന്ന് നടി രഞ്ജിനി

Update: 2024-09-07 14:05 GMT

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്കും കേസുകള്‍ക്കുമിടെ സിനിമ നയ രൂപീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി രംഗത്ത്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമ കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എന്തിനാണ് സിനിമ കോണ്‍ക്ലേവെന്നും വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുതെന്നും നടി രഞ്ജിനി തുറന്നടിച്ചു.

ഹേമ കമ്മിറ്റി ശുപാര്‍ശകള്‍ ഉള്ളപ്പോള്‍ എന്തിനാണ് കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് രഞ്ജിനിയുടെ വിമര്‍ശനം. കോണ്‍ക്ലേവ് വിളിച്ച് ചര്‍ച്ച ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുകയാണ് വേണ്ടത്. അത് കൈവശം വെച്ചിട്ട് സമയം പാഴാക്കരുതെന്നും രഞ്ജിനി പറഞ്ഞു.

ഹേമാ കമ്മിറ്റിക്ക് മൊഴി നല്‍കിയത് വിഡ്ഢിത്തമായിപ്പോയെന്ന് തോന്നുന്നുവെന്ന് രഞ്ജിനി പറഞ്ഞു. തന്റെ സമയം വെറുതെ കളഞ്ഞു. നടപടിയൊന്നും ഉണ്ടാവുന്നില്ല. മൊഴി കൊടുത്തവര്‍ക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. നടപടികളിലേക്ക് കടക്കാത്തതുകൊണ്ട് മൊഴി കൊടുത്തവര്‍ പേടിച്ചിരിക്കേണ്ട അവസ്ഥയാണ്. വളരെ സെന്‍സിറ്റീവായ വിഷയത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പ്രശ്‌ന പരിഹാരത്തിനായി ശക്തമായ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് അനാവശ്യമാണെന്നും നടി രഞ്ജിനി പറഞ്ഞു.

സിനിമ മേഖലയിലെ തീരുമാനത്തേക്കാള്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ശക്തമല്ലേ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടെന്നും നടി രഞ്ജിനി ചോദിച്ചു. വെറുതെ പൊതുജനത്തിന്റെ നികുതിപ്പണവും സമയവും കളയുന്നതിന് പകരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും നടി രഞ്ജിനി ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷവും സിനിമാ മേഖലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കടലാസില്‍ മാത്രമാണ്. അമ്മ സംഘടനയിലുള്ള സ്ത്രീകളുടെ മൊഴിയെടുത്തില്ല എന്ന വിമര്‍ശനത്തില്‍ കാര്യമില്ല. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും രഞ്ജിനി പറഞ്ഞു.

Tags:    

Similar News