എഡിജിപിയുടെ മൊഴി അതിനിര്‍ണ്ണായകം; അന്‍വറിന്റെ ആരോപണങ്ങളെ അജിത് കുമാര്‍ പൊളിച്ചാല്‍ വാദി പ്രതിയാകും; ആര്‍ എസ് എസ് ചര്‍ച്ചയില്‍ എഡിജിപിയും കുരുക്കില്‍
അജിത ്കുമാറിന്റെ രാഷ്ട്രീയ ഇടപെടലില്‍ പോലീസ് മേധാവി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.
എഡിജിപിയുടെ മൊഴി അതിനിര്‍ണ്ണായകം; അന്‍വറിന്റെ ആരോപണങ്ങളെ അജിത് കുമാര്‍ പൊളിച്ചാല്‍ വാദി പ്രതിയാകും; ആര്‍ എസ് എസ് ചര്‍ച്ചയില്‍ എഡിജിപിയും കുരുക്കില്‍
തിരുവനന്തപുരം: പി.വി.അന്‍വര്‍ നല്‍കിയ പരാതിയിലും എഡിജിപി എം.ആര്‍.അജിത്കുമാര്‍ നല്‍കിയ പരാതിയിലും എഡിജിപിയുടെ മൊഴിയെടുക്കുന്നത് നിര്‍ണ്ണായകമാകും. പി.വി.അന്‍വറിന്റെ മൊഴി അന്വേഷണസംഘം ശേഖരിച്ചു കഴിഞ്ഞു. അന്‍വറിന്റെ ആരോപണങ്ങളില്‍ അജിത് കുമാറിന്റെ വിശദ മൊഴി എടുക്കും. എഡിജിപിയ്ക്ക് നോട്ടീസ് നല്‍കുന്നതും പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ പരിഗണനയിലുണ്ട്. മൊഴി എടുക്കുന്നത് വീഡിയോയിലും ചിത്രീകരിക്കും. അതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടതിന് പോലീസില്‍ സ്ഥിരീകരണമുണ്ട്. അന്വേഷണത്തില്‍ ഇത് കുരുക്കായി മാറും.
അന്വേഷണത്തില്‍ തന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ കേസ് നല്‍കണമെന്നഭ്യര്‍ഥിച്ച് എഡിജിപി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കുമെതിരെയുള്ള ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നു കണ്ടാല്‍ സര്‍ക്കാര്‍ തന്നെ ഇവര്‍ക്കുവേണ്ടി കേസ് നടത്തുന്നതിനു വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ തന്റെ വാദം തെളിയിക്കാന്‍ അജിത് കുമാറിനായാല്‍ അന്‍വറിനെതിരെ കേസ് വരും. എന്നാല്‍ അജിത ്കുമാറിന്റെ രാഷ്ട്രീയ ഇടപെടലില്‍ പോലീസ് മേധാവി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.
ഭരണകക്ഷി എംഎല്‍എയായ പി.വി.അന്‍വറാണ് ആരോപണം ഉന്നയിച്ചത്. അന്‍വറിനെതിരെ കേസുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ കൂട്ടാക്കുമോ എന്നതും നിര്‍ണ്ണായകമാകും. നേരിട്ട് മാനഹാനിക്ക് കേസിന് പോകാന്‍ ആ ഉദ്യോഗസ്ഥന് അനുമതി നല്‍കാനും സാധ്യത ഏറെയാണ്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്വര്‍ണക്കടത്തും കൊലപാതകവുമൊക്കെ ചേര്‍ന്നതാണ്. ആരോപണം തെളിയിക്കാനായില്ലെങ്കില്‍ എഡിജിപി നേരിട്ടുതന്നെ തുടര്‍ക്കേസിന് പോകും. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ സര്‍ക്കാരിന് തുടരന്വേഷണം പ്രഖ്യാപിക്കേണ്ടിയും വരും. അങ്ങനെ വന്നാല്‍ അജിത് കുമാര്‍ കുടുങ്ങും. അതുകൊണ്ട് തന്നെ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഏവരുടേയും ശ്രദ്ധ.
ആര്‍ എസ് എസ് കൂടിക്കാഴ്ച മാത്രമാണ് അന്‍വറിന് വെല്ലുവിളിയാകുന്നത്. അല്ലാത്ത പക്ഷം അന്‍വറിന്റെ ആരോപണങ്ങളെ തകര്‍ക്കാന്‍ അജിത് കുമാറിന് കഴിയുമായിരുന്നു. 2023 മേയ് 23ന് തൃശൂരില്‍ ആര്‍.എസ്.എസ് നേതൃത്വത്തിലെ രണ്ടാമനായ ജനറല്‍സെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കണ്ടതിനു പിന്നാലെ, ജൂണ്‍ രണ്ടിനായിരുന്നു കോവളത്ത് റാം മാധവുമായുള്ള കൂടിക്കാഴ്ച. ഇന്നലെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ മുഖ്യമന്ത്രിയെ കണ്ട പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബും ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമും ഈ ദുരൂഹ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ആര്‍.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായി അറിയുന്നു. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഡി.ജി.പി ശേഖരിച്ചു. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെക്കുറിച്ച് ഡി.ജി.പി വിശദമായി അന്വേഷിക്കുന്നുണ്ട്. 14 മുതല്‍ നാലുദിവസത്തേക്ക് അജിത്ത് അവധിയിലാണ്. അജിത് കുമാറിനെതിരായ ആരോപണം തെളിയിക്കാന്‍ വേണ്ട ശക്തമായ തെളിവൊന്നും അന്‍വര്‍ പോലീസിന് കൈമാറിയിട്ടില്ല. അതുകൊണ്ട് തന്നെ ആരോപണങ്ങളില്‍ തെളിവ് കണ്ടെത്തേണ്ടതും പോലീസിന്റെ ചുമതലയായി.