ക്രമസമാധാനത്തു നിന്നും അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടില്‍ പോലീസ് മേധാവി; മാമി തിരോധാനത്തിലെ ഫയര്‍ കൈമാറ്റം ചര്‍ച്ചയാക്കും; എഡിജിപിയെ വിടാതെ പിന്തുടര്‍ന്ന് വിവാദങ്ങള്‍; പോലീസില്‍ പ്രതിസന്ധിയോ?

ഡി.ജി.പി വിലക്കിയിട്ടും റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി. അജിത് കുമാര്‍ വഴി അയക്കുന്നത് തുടര്‍ന്നതാണ് അതൃപ്തിക്കിടയാക്കിയത്

Update: 2024-09-14 07:28 GMT

തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാട് ശക്തമാക്കാന്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിക്കും. കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനക്കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഡി.ജി.പി വിലക്കിയിട്ടും റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി. അജിത് കുമാര്‍ വഴി അയക്കുന്നത് തുടര്‍ന്നതാണ് അതൃപ്തിക്കിടയാക്കിയത്.

മലപ്പുറം മുന്‍ എസ്.പി. ശശിധരനും കോഴിക്കോട് കമ്മിഷണറുമാണ് നിര്‍ദേശം അവഗണിച്ച് ആരോപണ വിധേയനായ എ.ഡി.ജി.പി. വഴി റിപ്പോര്‍ട്ടുകള്‍ അയച്ചത്. ഇതുസംബന്ധിച്ച ഇരുവരോടും വിശദീകരണം തേടാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കി. മലപ്പുറം എസ്.പി.യുടെ കീഴിലുള്ള സ്‌ക്വാഡും കോഴിക്കോട് കമ്മീഷണറുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിച്ചിരുന്നത്. പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ ഈ കേസിനെ ശ്രദ്ധേയമാക്കിയിരുന്നു. എഡിജിപി അജിത് കുമാറിനെതിരെ നിരവധി ആരോപണങ്ങള്‍ അന്‍വര്‍ ഉയര്‍ത്തിയിരുന്നു.

ആരോപണത്തെ തുടര്‍ന്ന് മാമി തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ ഫയലുകള്‍, റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി. അജിത് കുമാര്‍ മുഖേന ഡി.ജി.പിക്ക് അയക്കരുതെന്നും ഡി.ഐ.ജിയോ ഐ.ജിയോ വഴി റിപ്പോര്‍ട്ട് അയക്കാനായിരുന്നു ഡി.ജി.പിയുടെ നിര്‍ദേശം. എന്നാല്‍ നിര്‍ദേശം അവഗണിച്ചു കൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണനും അന്നത്തെ മലപ്പുറം എസ്.പി. ശശിധരനും റിപ്പോര്‍ട്ടുകള്‍ എം.ആര്‍. അജിത് കുമാര്‍ വഴി അയച്ചു. ഇതിന് സമാനമായി മറ്റ് പലതിലും പോലീസ് മേധാവിയ്ക്ക് അതൃപ്തിയുണ്ട്. പോലീസിന്റെ സുഗമമായ നടത്തിപ്പിന് ക്രമസമാധാന ചുമതലയില്‍ അജിത് കുമാര്‍ പാടില്ലെന്നാണ് ഡിജിപിയുടെ നിലപാട്.

നിലവില്‍ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോള്‍ ഡിജിപി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ എഡിജിപി അജിത് കുമാറിന്റെ മൊഴി എടുത്ത ശേഷം അന്‍വര്‍ പോലീസ് ഉന്നതരെ കണ്ടെതും ചര്‍ച്ചയാകുന്നുണ്ട്. അജിത് കുമാറിന്റെ മൊഴി അറിയാനാണ് ഈ നീക്കമെന്നാണ് ഒരു വിഭാഗം പോലീസുകാരുടെ വിലയിരുത്തല്‍. അതി സങ്കീര്‍ണ്ണമായ സാഹചര്യമാണ് ഇത്തരം ചര്‍ച്ചകള്‍ പോലീസിനുള്ളിലുണ്ടാക്കുന്നത്. അടുത്ത പോലീസ് മേധാവിയായി അജിത് കുമാര്‍ എത്താതിരിക്കുകയെന്ന ചിലരുടെ ലക്ഷ്യം സാധിച്ചുവെന്ന അടക്കം പറച്ചിലും സേനയിലുണ്ട്.

അതിനിടെ എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് നല്‍കിയ ശിപാര്‍ശപ്രകാരമാണിത്. പി.വി. അന്‍വര്‍ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആരോപണവിഷയങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി തേടും. എന്നാല്‍, എം.ആര്‍. അജിത്കുമാറിനെതിരേ അത്തരം നടപടികളിലേക്കു കടക്കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍.

വിജിലന്‍സ് കേസെടുത്താല്‍, അതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്‌മെന്റ്് ഡയറക്ടറ്റേ്, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്കു കേസെടുത്ത് അന്വേഷണം നടത്താനാകും. അതോടെ എം.ആര്‍. അജിത്കുമാറിന്റെ സര്‍വീസിനെ ബാധിക്കുകയും ചെയ്യും. അതിനാല്‍, വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമാകും വിജിലന്‍സ് കേസെടുക്കുക.

എം.ആര്‍. അജിത്കുമാറിനെതിരേ അനധികൃത സ്വത്തുസമ്പാദനം, ബന്ധുക്കളുടെപേരില്‍ സ്വത്ത് സമ്പാദിക്കല്‍, വന്‍തുക നല്‍കി കവടിയാറില്‍ ഭൂമിവാങ്ങല്‍, ഒന്നരക്കോടി രൂപ കൈക്കൂലിവാങ്ങി കേസ് ഒതുക്കി തുടങ്ങിയ ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉയര്‍ത്തിയത്.

എഡിജിപി അജിത് കുമാര്‍, അജിത്, എഡിജിപി, അന്‍വര്‍

Similar News