അന്‍വറിന്റെ ആരോപണങ്ങളെ 'പുക'യാക്കി പോലീസ് മേധാവിയുടെ അന്വേഷണം; ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ ഗുരുതര ചട്ട ലംഘനവും; അജിത് കുമാറിന് ക്രമസമാധാനം നഷ്ടമാകും; മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ഡിജിപി; എഡിജിപിയില്‍ തീരുമാനം ഉടന്‍

രണ്ട് പ്രമുഖ ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് അന്വേഷണ റിപ്പോര്‍ട്ട്.

Update: 2024-10-06 01:34 GMT

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ ക്ലീന്‍ ചിറ്റ് കിട്ടുമ്പോഴും ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എഡിജിപി എംആര്‍ അജിത് കുമാറിന് വിനയാകും. ആര്‍ എസ് എസ് കൂടിക്കാഴ്തയില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ വീഴ്ചകള്‍ നിരത്തിയ റിപ്പോര്‍ട്ട് നാടകീയതകള്‍ക്കൊടുവില്‍ സര്‍ക്കാറിന് കിട്ടിയതോടെ അജിത് കുമാറിന് ക്രമസമാധാന ചുമതല നഷ്ടമാകുമെന്ന് ഉറപ്പായി. അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് മേധാവ് ഡി.ജി.പി ദര്‍വേഷ് സാഹിബ് തയാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.

രണ്ട് പ്രമുഖ ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കും ഐ.പി.എസുകാര്‍ക്കുള്ള വിലക്ക് ലംഘിച്ചതായും ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പരിചയപ്പെടാനുള്ള സ്വകാര്യ സന്ദര്‍ശനമെന്ന അജിത്കുമാറിന്റെ വാദവും അദ്ദേഹം തള്ളി. ഔദ്യോഗിക പദവിയുടെ ദുരുപയോഗം സര്‍വിസ് ചട്ടലംഘനം എന്നിവ നിരത്തുന്ന റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാന്‍ പല തരത്തിലെ നിയമോപദേശവും ഡിജിപി തേടിയിരുന്നു.

ശനിയാഴ്ച രാത്രി വൈകിയാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അജിത്കുമാറിനെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയശേഷമാണ് സമര്‍പ്പിച്ചതെന്നറിയുന്നു. ആര്‍.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അജിത്കുമാറിന് വീഴ്ചസംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ഏതുതരത്തിലെ അച്ചടക്കനടപടി വേണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലില്ല. കണ്ടെത്തലുകളില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാവുന്നവിധത്തിലാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപിയെ മാറ്റും. ബറ്റാലിയന്‍ എഡിജിപിയായി അജിത് കുമാര്‍ തുടരാനും സാധ്യതയുണ്ട്.

റിദാന്‍ വധം, മാമി തിരോധാന കേസുകളില്‍ എഡിജിപിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഗൂഡാലോചനാ വാദമാണ് തള്ളുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ ചട്ട ലംഘനമുണ്ടെന്നും പറയുന്നു. ഏതായാലും അന്വേഷണത്തില്‍ അജിത് കുമാര്‍ ഇടപെട്ടില്ലെന്നാണ് കണ്ടെത്തല്‍. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും. അജിത് കുമാറിന്റെ ആര്‍എസ്എസ് കൂടിക്കാഴ്ചയ്ക്ക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമുണ്ട്. സ്വകാര്യ സന്ദര്‍ശനമെന്നാണ് എഡിജിപിയുടെ മൊഴി. രാഷ്ട്രീയ ഭേദമന്യേ നേതാക്കളെ കാണാറുണ്ടെന്നും എഡിജിപി മൊഴി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ അജിത്തിനെതിരായ നടപടി വൈകാതെ ഉണ്ടായേക്കും. പി.വി.അന്‍വര്‍ ഉന്നയിച്ച പരാതിയില്‍ എഡിജിപിക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയിരുന്ന നിര്‍ദേശം. അതേസമയം, അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അന്‍വറിന്റെ ആരോപണങ്ങളുടെ പേരില്‍ എഡിജിപിക്കെതിരെ നടപടി വരില്ല.

ഓഗസ്റ്റ് അവസാനം പത്തനംതിട്ട എസ്പിയായിരുന്ന എസ്. സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം പി.വി.അന്‍വര്‍ പുറത്തുവിട്ടതോടെയാണ് എഡിജപി എം.ആര്‍.അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തുന്നത്. അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സുജിത് ദാസിനെ പിന്നീട് സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പൊലീസില്‍ സര്‍വശക്തനാണെന്നും ഐജി പി.വിജയനെ തകര്‍ത്തത് അജിത് കുമാറാണെന്നും സുജിത് ദാസ് പറഞ്ഞിരുന്നു.

എഡിജിപിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് എന്താണു ജോലിയെന്ന് അന്വേഷിക്കണമെന്നും പി.വി.അന്‍വറിനോട് സുജിത് ദാസ് പറയുകയും ചെയ്തു. ആദ്യം എഡിജിപിക്കെതിരെ തുടങ്ങിയ ആരോപണം പിന്നീട് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയും ചെയ്തു. ഇത്തരം ആരോപണങ്ങളില്‍ അജിത് കുമാറിനെ കുറ്റവിമുക്തനാക്കുകായണ് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടും എന്നാണ് സൂചന.

Tags:    

Similar News