ഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ കീഴടക്കിയ മകന്‍; നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് വേണ്ടി ആ ദുരന്തം മറന്നും പണിയെടുത്ത അച്ഛന്‍; രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് അവര്‍ എത്തിയത് സര്‍ട്ടിഫിക്കറ്റുകളെടുക്കാനും ഭക്ഷണം കഴിക്കാനും; ആ യാത്ര ദുരന്തത്തിലേക്കായി; കൂമ്പന്‍പാറയ്ക്ക് തീരാ ദുഖം; ഇനി സന്ധ്യയും മകളും മാത്രം

Update: 2025-10-26 01:26 GMT

അടിമാലി: അടമാലിയില്‍ ഒഴിവായത് വന്‍ ദുരന്തം. മുന്നറിയിപ്പിനിടെയിലും ദുരന്തമുണ്ടാകില്ലെന്ന് കരുതി വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച പകല്‍ ഉന്നതി കോളനിക്ക് മുകള്‍ ഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് 22ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിരുന്നു. രാത്രി 10.20ഓടെ മണ്ണിടിയുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചില്‍ ഉണ്ടായത്.

രക്ഷാ പ്രവര്‍ത്തകര്‍ എത്തി സന്ധ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശ പ്രകാരം ജെസിബി ഉപയോഗിച്ച് മണ്ണും കോണ്‍ക്രീറ്റ് പാളികളും നീക്കി. 3.27ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്. അടിമാലി കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെയും കുടുംബത്തിന്റെയും കഥ കണ്ണീരണിയിക്കുന്നതാണ്. ഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മകനെ നഷ്ടപ്പെട്ട ബിജുവിന്റെ കുടുംബം ആ വേദനയില്‍ നിന്ന് കരകയറുന്നതിനിടെയാണ് മറ്റൊരു ദുരന്തം എത്തുന്നത്. ഇത് ബിജുവിനേയും വീടിനേയും കൊണ്ടു പോവുകായണ്.

ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ദമ്പതികളായ ബിജുവും ഭാര്യ സന്ധ്യയും വീടിനുള്ളില്‍ കുടുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇരുവരെയും പുറത്തെടുത്തു. എന്നാല്‍, ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ സന്ധ്യ ചികിത്സയിലാണ്. ബിജുവിന്റെ മകള്‍ കോട്ടയത്ത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളില്‍ കഴിയുമ്പോഴും മകളുടെ പഠനച്ചെലവ് ഭരിക്കാന്‍ ബിജു കഠിനാധ്വാനം ചെയ്തിരുന്നത്. ബിജുവിന് ത്രടിപ്പണിയായിരുന്നു വരുമാന മാര്‍ഗം.

ഏകദേശം 15 സെന്റ് സ്ഥലത്ത് 10 വര്‍ഷത്തോളമായി കുടുംബം താമസിച്ചുവരികയായിരുന്നു. സമീപത്ത് നടന്ന റോഡ് പണിയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ശനി രാത്രി പത്തരയോടെയാണ് സംഭവം. അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തില്‍നിന്നും മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. ഇരുനിലവീട് പൂര്‍ണമായി തടഞ്ഞു.

മണ്ണുമാന്തിയന്ത്രവുമായി അഗ്‌നിരക്ഷാസേനയും എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭാര്യ സന്ധ്യയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ദുഷ്‌കരമായ രക്ഷാദൗത്യത്തിനൊടുവില്‍ അഞ്ചുമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ട്.

മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് ഇൗ ലക്ഷംവീട് ഉന്നതിയിലുള്ള താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ബന്ധുവീട്ടില്‍ പോയ ബിജുവും കുടുംബവും സര്‍ട്ടിഫിക്കറ്റ് എടുക്കാനും ഭക്ഷണം കഴിക്കാനും മടങ്ങിവന്നപ്പോഴായിരുന്നു അപകടം. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണ്ണിടിഞ്ഞതോടെ അടിമാലി- മൂന്നാര്‍ പാതയില്‍ ഗതാഗതം നിര്‍ത്തിവച്ചു.

ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് ബിജുവിന്റെ മകന് ക്യാന്‍സര്‍ ബാധിക്കുന്നത്. ചികിത്സ നടത്തിയെങ്കിലും ഒരു വര്‍ഷം മുമ്പ് മരിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാര്‍ഗങ്ങള്‍ ഒന്നുമില്ല. 15 സെന്റ് സ്ഥലമുണ്ടായിരുന്നു. ഇവിടെ വീട് വെച്ച് 10 വര്‍ഷത്തോളമായെന്നും റോഡിന്റെ പണി വന്നതാണ് പ്രശ്‌നമായതെന്നും പിതാവ് പറഞ്ഞു.

Tags:    

Similar News