അടൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ ഇമേജ് പ്ലാന്റ്: ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സിപിഎം; എതിര്‍പ്പുമായി ജില്ലാ സെക്രട്ടറി; സിഇആര്‍ ഫണ്ട് കൈക്കലാക്കാന്‍ ഏരിയ സെക്രട്ടറിയും സംഘവും
ബയോമെഡിക്കല്‍ പ്ലാന്റ് സ്ഥാപിക്കരുത്: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം
അടൂര്‍: ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഇമേജ് സ്ഥാപിക്കുന്ന ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സംബന്ധിച്ച് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്. ജില്ലാ സെക്രട്ടറി പ്ലാന്റിനെതിരേ നിലപാട് എടുക്കുമ്പോള്‍ അടൂര്‍ ഏരിയ സെക്രട്ടറിയും സംഘവും തങ്ങളുടെ കമ്പനിയുമായി പ്ലാന്റില്‍ നിന്നുളള സിഇആര്‍ ഫണ്ട് 47 ലക്ഷം രൂപ കൈക്കലാക്കാനുള്ള ശ്രമത്തിലാണ്.
മണ്ണടി കേന്ദ്രീകരിച്ചുളള പമ്പാവാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനിക്കാണ് സിഇആര്‍ ഫണ്ട് നല്‍കുന്നതെന്ന് പരിസ്ഥിതി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ ലിമിറ്റഡ് കമ്പനികളില്‍ ഷെയര്‍ ഹോള്‍ഡര്‍മാരാകരുതെന്ന ചട്ടം ലംഘിച്ചാണ് ഡയറക്ടര്‍ ബോര്‍ഡ് നിയമനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാരാണ്. ഇവര്‍ക്കെതിരേ നടപടിക്കും സാധ്യതയേറി.
സിഇആര്‍ ഫണ്ട് എങ്ങനെ ഈ കമ്പനിക്ക് ലഭിച്ചുവെന്ന ചോദ്യത്തിന് മുന്നില്‍ ഐഎംഎ ഭാരവാഹികള്‍ ഉരുണ്ടു കളിക്കുകയാണ്. ഫണ്ട് നല്‍കിയതിനെ കുറിച്ച് തങ്ങള്‍ക്ക് കൂടുതലായി അറിയില്ലെന്ന് ഐ.എം.എ കേരള ഘടകം പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, ഇമേജ് സെക്രട്ടറി കെ.പി. ഷറഫുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
24.84 കോടിയുടെ ഫണ്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി നീക്കി വച്ചിരിക്കുന്നത്. ഇതിന്റെ രണ്ടു ശതമാനമായ 49 ലക്ഷം രൂപയില്‍ 47 ലക്ഷമാണ് പമ്പാവാലി ഫാര്‍മേഴ്സ് സൊസൈറ്റിക്ക് നല്‍കാന്‍ ധാരണയായിരിക്കുന്നത്. ഐ.എം.എയ്ക്ക് വേണ്ടി ഹൈദരബാദ് ആസ്ഥാനമായ പ്രഗതി ലാബ്സ് തയാറാക്കിയ പരിസ്ഥിതി പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്്. പദ്ധതി നടപ്പാക്കുന്ന ഏനാദിമംഗലം പഞ്ചായത്തിന് നല്‍കാതെ കിലോമീറ്ററുകള്‍ അകലെയുള്ള കടമ്പനാട് പഞ്ചായത്തില്‍ മണ്ണടിയിലെ ഒരു സൊസൈറ്റിക്ക് ഒണ്ട് അനുവദിച്ചതിലെ ദൂരുഹതയാണ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്.
തങ്ങള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ഐഎംഎ കേരള ഘടകം പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, ഇമേജ് സെക്രട്ടറി കെ.പി. ഷറഫുദ്ദീന്‍ എന്നിവര്‍ അപ്പോഴാണ് പറഞ്ഞത്. ഏനാദിമംഗലം പഞ്ചായത്തില്‍ നിന്ന് സി.ഇ.ആര്‍ ഫണ്ടിന് അപേക്ഷ ലഭിച്ചില്ല. തുടര്‍ന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കടമ്പനാട് പഞ്ചായത്തിലെ പമ്പാവാലി സൊസൈറ്റിയ്ക്ക് നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു. സൊസൈറ്റിയുടെ അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിപാര്‍ശ ചെയ്തതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്.
തന്നെ തെറ്റിദ്ധരിപ്പിച്ച് ഏരിയ സെക്രട്ടറി ശിപാര്‍ശയില്‍ ഒപ്പിടുവിച്ചെന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ബയോമെഡിക്കല്‍ പ്ലാന്റാണെന്ന വിവരം മറച്ചു വച്ചു കൊണ്ട് പമ്പാവാലി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സി.പി.എം അടൂര്‍ എരിയ സെക്രട്ടറി എസ്. മനോജ് തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയതെന്നത് ശ്രദ്ധിക്കേണ്ടതാണ്.
തന്നെ തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി ഡയറക്ടര്‍മാര്‍ ബ്ലോക്ക് ഓഫീസില്‍ വന്ന് സി.എസ്.ആര്‍ ഫണ്ടിനുള്ള ശിപാര്‍ശ ഒപ്പിട്ടു വാങ്ങിയതെന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള പറഞ്ഞു. അഡ്വ. എസ്. മനോജിന്റെ നേതൃത്വത്തിലാണ് വന്നത്. സി.ഇ.ആര്‍ ഫണ്ട് പ്ലാന്റിന്റെ ആണെന്ന് തന്നോട് പറഞ്ഞിരുന്നില്ല. പിന്നീടാണ് അത് അറിഞ്ഞത്. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം ഇല്ലാതെയാണ് ശിപാര്‍ശ ഒപ്പിട്ടു നല്‍കിയത് എന്നും പ്രസിഡന്റ് പറഞ്ഞു. പിന്നീട് ഇക്കാര്യം അറിഞ്ഞപ്പോഴാണ് പ്ലാന്റിനെതിരേ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കിയത്. തങ്ങള്‍ക്ക് ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ണടി കേന്ദ്രമാക്കിയുള്ള പമ്പാവാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനി ഡയറക്ടര്‍ ബോര്‍ഡിലുള്ളത് സി.പി.എം നേതാക്കള്‍ മാത്രമാണ്. അടൂര്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഡയറക്ടര്‍ ബോര്‍ഡില്‍ മുഴുവന്‍ സിപിഎം നേതാക്കളോ ബന്ധുക്കളോ ഭാര്യമാരോ ആണ് അംഗങ്ങള്‍ ആയിട്ടുള്ളത്. അംഗകര്‍ഷകര്‍ക്ക് നല്ല കാര്‍ഷിക രീതികള്‍ പഠിപ്പിക്കുന്നതിനുള്ള പരിശീലന കേന്ദ്രം, നല്ല നിലവാരമുള്ള വിത്തുകളും തൈകളും ഉല്‍പ്പാദിപ്പിക്കുക, ജൈവവളം ഉല്‍പ്പാദിപ്പിക്കുക, കര്‍ഷക ഉല്‍പ്പന്നങ്ങളുടെ ശേഖരണം എന്നിവയാണ് സൊസൈറ്റി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
പദ്ധതിയ്ക്കെതിരേ പ്രദേശത്ത് എതിര്‍പ്പ് വ്യാപകമാണ്. കെ.എസ്.കെ.ടി.യു കൊടുമണ്‍ ഏരിയാ കമ്മറ്റി ഏനാദിമംഗഗലത്ത് ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കാറ്റും ജലവുമെല്ലാം രോഗാണുക്കളെ കൊണ്ട് നിറയുമെന്നാണ് നാട്ടുകാരുടെ ഭീതി. പാര്‍ട്ടി തലത്തില്‍ ഈ എതിര്‍പ്പ് മറികടക്കുന്നതിന് വേണ്ടിയാണ് സി.പി.എം ഏരിയ സെക്രട്ടറി നേതൃത്വം നല്‍കുന്ന പമ്പാവാലി കമ്പനിക്ക് സി.ഇ.ആര്‍ ഫണ്ട് നല്‍കുന്നത് എന്ന ആരോപണം ശക്തമാണ്.
ബയോമെഡിക്കല്‍ പ്ലാന്റ് സ്ഥാപിക്കരുത്: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം
അടൂര്‍: ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ ഇമേജിന്റെ ബയോമെഡിക്കല്‍ പ്ലാന്റ് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി. കഴിഞ്ഞ മാസം 29 ന് ചേര്‍ന്ന കമ്മറ്റി യോഗത്തിലെ പ്രമേയം ഇന്നലെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള പുറത്തു വിട്ടത്. വിവാദം കനത്തതോടെ നിലനില്‍പ്പിന് വേണ്ടിയാണ് പ്രമേയം പാസാക്കിയ വിവരം പുറത്തു വന്നത്.
പ്രസിഡന്റും കൈതപ്പറമ്പ് ഡിവിഷന്‍ മെമ്പറുമായ തുളസീധരന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. വ്യവസായ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതാണ്. നിരവധി ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍ അടക്കം പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയില്‍ രോഗാണു വാഹകരായ മെഡിക്കല്‍ മാലിന്യം സംസ്‌കരിക്കുന്നത് മനുഷ്യരാശിക്ക് അടക്കം ഭീഷണിയുണ്ടാകും. വായുവും ജലവും അടക്കം മലിനീകരിക്കപ്പെടുന്ന പ്ലാന്റ് സ്ഥാപിക്കാതിരിക്കാന്‍ നടപടി വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. തുടര്‍നടപടി സ്വീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.