പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഫാന്‍ സമയം തള്ളി നീക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍; എന്തു വന്നാലും ആത്മഹത്യ ചെയ്യുമെന്ന് തറപ്പിച്ച് പറയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ വില്ലന്‍ ജയില്‍ അധികൃതര്‍ക്ക് നല്‍കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; നിരീക്ഷണം അതിശക്തം; കരുതല്‍ എത്രനാള്‍ വേണ്ടി വരുമെന്ന് ആര്‍ക്കും അറിയില്ല

Update: 2025-03-05 08:35 GMT

തിരുവനന്തപുരം: എന്തുവന്നാലും താനും ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ പറഞ്ഞത് കേട്ട് ഞെട്ടി ജയില്‍ ഉദ്യോഗസ്ഥര്‍. ഈ സാഹചര്യത്തില്‍ അഫാന് പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കും. 24 മണിക്കൂറും അഫാനെ നിരീക്ഷിക്കും. അഫാനൊപ്പമുള്ള തടവു പുള്ളിയ്ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്തും ചെയ്യുന്ന മാനസികാവസ്ഥയിലാണ് അഫാന്‍ എന്ന് ജയില്‍ അധികൃതര്‍ തിരിച്ചറിയുന്നുണ്ട്. ആറുമണിക്കൂറിനുള്ളിലാണ് അഞ്ച് പേരെ അഫാന്‍ കൊന്നുതള്ളിയത്. 100 കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരുന്നു ക്രൂരകൃത്യം. ഇതിലൊന്നും ഒരിക്കല്‍ പോലും പ്രതി പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വല്ലാത്ത മാനസികാവസ്ഥയിലാണ് ഈ 23കാരന്‍. അതുകൊണ്ട് തന്നെ അഫാന്റെ ആത്മഹത്യാ ഭീഷണിയേയും ജയില്‍ അധികൃതര്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

കടം കയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചത്. അമ്മ മരിച്ചില്ലെന്നത് താന്‍ അറിഞ്ഞത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമാണെന്നും ഇയാള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രത്യേക നിരീക്ഷണത്തോടെയാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കണ്ണു തെറ്റിയാല്‍ അഫാന്‍ എന്തും ചെയ്യുമെന്ന ഭയം ജയില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ അടക്കം പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. എത്രനാള്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന ചോദ്യം ഉയരുന്നുണ്ട്. ആവശ്യമെങ്കില്‍ എല്ലാം കോടതിയെ അറിയിച്ച് ആശുപത്രിയിലേക്ക് അഫാനെ മാറ്റും.

ഫെബ്രുവരി 24ാം തീയതി രാവിലെ മുതലാണ് അഫാന്‍ കൊലപാതകം ആരംഭിച്ചത്. രാവിലെ ഉമ്മയോട് പണം ചോദിച്ചു. ഇത് ലഭിക്കാതെ വന്നതോടെ ഉമ്മ ഷെമീനയെ ഷാളുകൊണ്ട് കഴുത്തില്‍ കുരുക്കി നിലത്തടിച്ചു. രക്തം വാര്‍ന്നൊഴുകുന്നത് കണ്ടപ്പോള്‍ മരിച്ചെന്ന് കരുതി അഫാന്‍ വീട് പൂട്ടി പുറത്തുപോയി. പിന്നീട് വെഞ്ഞാറമ്മൂട്ടിലെ ധനകാര്യ സ്ഥാപനത്തിലെത്തി അവിടെ നിന്ന് പണം കടം വാങ്ങി ,പുറത്ത് നിന്ന് ചുറ്റികയും ബാഗും വാങ്ങി മുത്തശിയുടെ വീട്ടിലെത്തി. ഇവിടെ എത്തി പണയം വയ്ക്കാന്‍ മാല ചോദിച്ചു. നല്‍കില്ലെന്ന് പറഞ്ഞതോടെ മുത്തശിയെ കൊന്ന് സ്വര്‍ണമാല കൈക്കലാക്കി. മാല വെഞ്ഞാറമ്മൂട്ടിലെ ധനകാര്യസ്ഥാപനത്തിലെത്തിച്ച് പണയം വച്ച് നാലുപേരുടെ കടം വീട്ടി. അവിടെ നിന്ന് പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തിയ അഫാന്‍ ലത്തീഫിനെയും ഭാര്യ സാജിതയെയും വകവരുത്തി. പിന്നീടാണ് വീട്ടിലെത്തി അമ്മയെ വീണ്ടും ചുറ്റികയ്ക്കടിച്ച് ഇറങ്ങി.

പിന്നീട് കാമുകിയായ ഫര്‍സാനയെ കൂട്ടിക്കൊണ്ട് വന്ന ശേഷം ചുറ്റികയ്ക്കടിച്ച് കൊന്നു. പിന്നാലെ മദ്യത്തില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചു. ഇതിനിടെ കുഴിമന്തി വാങ്ങിയെത്തിയ അനുജന്‍ അഫ്‌സാനെയും കൊന്നു. ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. അങ്ങനെ വിചിത്രമായ വഴികളിലൂടെയായിരുന്നു അഫാന്റെ യാത്ര. ദിവസം പതിനായിരം രൂപവരെ പലിശ നല്‍കേണ്ടി വന്നത് താങ്ങാനായില്ല. അങ്ങനെയാണ് എല്ലാവരെയും കൊലപ്പെടുത്തിയതിനുശേഷം മരിക്കാന്‍ തീരുമാനിച്ചത്. താന്‍ മരിക്കാത്തതില്‍ അസ്വസ്ഥനാണെന്നും അഫാന്‍ ജയില്‍ അധികൃതരോട് പറഞ്ഞു. അഫാനും അമ്മ ഷെമിക്കും ഏതാണ്ട് 60 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് പണം കടം കൊടുത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ഭാട ജീവിതമാകാം കടത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

അഫാന്റെ പിതാവ് റഹീം സൗദിയില്‍ നല്ല നിലയില്‍ ജോലി ചെയ്തിരുന്നയാളാണ്. കൊവിഡ് സമയത്ത് വരുമാനം കുറഞ്ഞെങ്കിലും കുടുംബം അതേ നിലയില്‍ തന്നെയാണ് ജീവിതം തുടര്‍ന്നത്. ഇതിനായാണ് പലരില്‍ നിന്നും കടം വാങ്ങിയതെന്നാണ് പൊലീസിന്റെ നിഗമനം. പിന്നീട് അമ്മയും മകനും ഒരുമിച്ച് ബന്ധുക്കളെ ചേര്‍ത്ത് ചിട്ടി നടത്തിയിരുന്നു. എന്നാല്‍ ചിട്ടി ലഭിച്ച ബന്ധുക്കള്‍ക്ക് പണം നല്‍കാന്‍ കഴിയാതെ വന്നതോടെ പ്രശ്‌നം വഷളായി.മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത സ്വര്‍ണം പണയം വച്ചതില്‍ 40,000 രൂപ കല്ലറയിലെ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിച്ച ശേഷം പലര്‍ക്കും ഗൂഗിള്‍ പേ വഴി അയച്ചുനല്‍കി. ഇതടക്കം ഏറെ ദൂരൂഹമാണ് അഫാന്റെ ഇതുവരെയുള്ള രീതികള്‍.

Similar News