ഷാജന്‍ സ്‌കറിയയുമായുള്ള തര്‍ക്കമാണ് അന്‍വറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനമെന്ന് ഇടത് യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെന്ന് മാതൃഭൂമി; അജിത് കുമാറിന് പിണറായി പ്രതിരോധം തീര്‍ത്തത് 'മറുനാടന്‍' ഉയര്‍ത്തി!

പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പി.വി. അന്‍വറിനോടുള്ള അതൃപ്തിയും മുഖ്യമന്ത്രി മറച്ചുവെച്ചില്ലെന്ന് മാതൃഭൂമി പറയുന്നു

Update: 2024-09-13 03:27 GMT

തിരുവനന്തപുരം: ഇപ്പോഴത്തെ ആരോപണങ്ങളില്‍ എ.ഡി.ജി.പി.ക്കെതിരേ നടപടി വൈകുന്നതിനു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യക്കുറവുതന്നെയാണ് വ്യക്തമാകുമ്പോള്‍ ചര്‍ച്ചയാകുന്നത് മറുനാടന്‍ മലയാളിയും. ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധം തീര്‍ക്കാന്‍ ചര്‍ച്ചയാക്കിയതും അന്‍വറും മറുനാടനും തമ്മിലെ പ്രശ്‌നമാണ്. അജിത് കുമാറിനെതിരെ നടപടിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുന്ന നിലയിലായിരുന്നു കഴിഞ്ഞദിവസം എല്‍.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍.

തന്നെയും മകളെയും ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളില്‍ ചിലരെങ്കിലും വീണുപോയിട്ടുണ്ടെന്ന് മുന്നണിയോഗത്തില്‍ പരിഭവിച്ച അദ്ദേഹം, ഈ ഘട്ടത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനൊപ്പമാണ് മറുനാടനും മുഖ്യമന്ത്രി ഇടതു മുന്നണിയോഗത്തില്‍ ചര്‍ച്ചയാക്കിയത്. മാതൃഭൂമിയുടെ പ്രത്യേക റിപ്പോര്‍ട്ടിലാണ് ഈ സൂചനകളുള്ളത്. പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പി.വി. അന്‍വറിനോടുള്ള അതൃപ്തിയും മുഖ്യമന്ത്രി മറച്ചുവെച്ചില്ലെന്ന് മാതൃഭൂമി പറയുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിലൂടെവന്ന ആളല്ലല്ലോ എന്നായിരുന്നു അന്‍വറിനെക്കുറിച്ചുള്ള വിശേഷണം. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയുമായുള്ള തര്‍ക്കമാണ് അന്‍വറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനമെന്നും അതെല്ലാം അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞുവന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്‍വറല്ല, ആര്‍.എസ്.എസാണ് ഇവിടത്തെ വിഷയമെന്നതാണ് സി.പി.ഐ.യും മറ്റു ഘടകകക്ഷികളും യോഗത്തില്‍ ഉന്നയിച്ച എതിര്‍വാദം. ഇടതുപക്ഷം ഭരിക്കുമ്പോള്‍ സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ രണ്ട് ആര്‍.എസ്.എസ്. നേതാക്കളെ കണ്ടതിലെ രാഷ്ട്രീയപ്രശ്‌നം അവര്‍ ചൂണ്ടിക്കാട്ടി. അടിയന്തരമായ ഇടപെടലും ആവശ്യപ്പെട്ടു. എല്ലാം ഡി.ജി.പി.യുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വരട്ടെയെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോഴും സി.പി.ഐ., ആര്‍.ജെ.ഡി., എന്‍.സി.പി. എന്നീ പാര്‍ട്ടികള്‍ ഉറച്ച നിലപാടെടുത്തു.

നടപടി നീളുന്നതില്‍ ഇടതുമുന്നണിയിലുള്ള നീരസം പ്രകടമാക്കുന്ന തരത്തിലായിരുന്നു യോഗത്തിലെ ചര്‍ച്ച. തന്നെ ലക്ഷ്യമിട്ടുള്ള പ്രചാരണം കൂട്ടത്തിലുള്ള ചിലര്‍ തിരിച്ചറിയുന്നില്ലെന്നു മുഖ്യമന്ത്രി പരാതിപ്പെട്ടപ്പോള്‍ പിണറായി വിജയന്‍ ആര്‍.എസ്.എസിനു പിറകെ പോയെന്നു തങ്ങളാരും കരുതുന്നില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി-ഇതാണ് മാതൃഭൂമി വാര്‍ത്ത ചര്‍ച്ചയാക്കുന്ന ഇടതു മുന്നണിയിലെ രാഷ്ട്രീയ ചര്‍ച്ച. ആരോപണവിധേയനായ എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റണമെന്ന എല്‍.ഡി.എഫ്. ഘടകകക്ഷികളുടെ ആവശ്യം തള്ളുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റണമെന്നായിരുന്നു സി.പി.ഐയുടെയും ആര്‍.ജെ.ഡിയുടെയും ആവശ്യം. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ നടപടി സാധ്യമല്ലെന്നു മുഖ്യമന്ത്രി മുന്നണിയോഗത്തില്‍ വ്യക്തമാക്കി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്കു പുറമേ, ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. നടത്തിയ കൂടിക്കാഴ്ചകള്‍ വിവാദമായതും ചൂണ്ടിക്കാട്ടിയാണു ഘടകകക്ഷികള്‍ നടപടിയാവശ്യപ്പെട്ടത്. എന്നാല്‍, ആര്‍.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


 



ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാനുള്ള സാങ്കേതികക്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുമുന്നണി യോഗത്തിന്റെ അജന്‍ഡയില്‍ അജിത്കുമാര്‍ വിഷയം ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും സി.പി.ഐ, ആര്‍.ജെ.ഡി. നേതാക്കള്‍ ഇക്കാര്യം ഉന്നയിക്കുകയായിരുന്നു. അജന്‍ഡയിലില്ലാത്ത വിഷയം ചര്‍ച്ചചെയ്യാനാവില്ലെന്നായിരുന്നു മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ നിലപാട്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ പരാതിയില്‍ എ.ഡി.ജി.പിക്കെതിരേ ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആര്‍.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അതില്‍ ഉള്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News