ഡൽഹി സ്ഫോടനം; കേരളത്തിലും ജാഗ്രത നിർദേശം; സുരക്ഷാ പരിശോധനകൾക്കായി ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും; പരിശോധന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും; തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തും; നിർദ്ദേശം നൽകി പൊലീസ് മേധാവി
തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഉൾപ്പെടെ തിരക്കേറിയ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും സഹായത്തോടെയാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം ഐഇഡി ഉപയോഗിച്ചുള്ള ഭീകരാക്രമണമാണെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. സ്ഫോടനത്തിൽ ഒൻപത് പേർ മരണപ്പെടുകയും മുപ്പതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്.
സംസ്ഥാനത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കാൻ ഡിജിപി റവാഡ ചന്ദ്രശേഖർ നിർദ്ദേശം നൽകി. തിരക്കേറിയ സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന കേന്ദ്രങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിശദമായ പരിശോധനകൾ നടത്താനും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർ ഈ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കണം.
വൈകുന്നേരം 6:52-ന് ഒരു ഹുണ്ടായ് ഐ20 (Hyundai I20) കാറിലാണ് സ്‌ഫോടനം നടന്നത്. സുഭാഷ് മാര്‍ഗ് ട്രാാഫിക് സിഗ്‌നലില്‍ നിര്‍ത്തിയ, സാവധാനം നീങ്ങുകയായിരുന്ന വാഹനത്തിലാണ് സ്‌ഫോടനം നടന്നതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'വൈകുന്നേരം 6.52-ഓടെ, പതുക്കെ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്നലില്‍ നിര്‍ത്തി. ആ വാഹനത്തില്‍ ഒരു സ്ഫോടനം ഉണ്ടായി. ആ സമയം വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു. സ്ഫോടനം മൂലം സമീപത്തുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു'', ഡല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ തിരക്കേറിയ പ്രദേശത്ത് ശരീരഭാഗങ്ങളും തകര്‍ന്ന കാറുകളും ചിതറിക്കിടക്കുന്ന നിലയില്‍ കാണാം. സ്‌ഫോടനം 22 കാറുകള്‍ക്ക് നാശനഷ്ടമുണ്ടാക്കി.
ഇന്ത്യയുടെ പ്രധാന ഭീകരവാദ അന്വേഷണ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സിയും (NIA) നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും (NSG) അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മുംബൈ, ജയ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ജാഗ്രത ശക്തമാക്കി.സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ, വര്‍ഷം മുഴുവനും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന ഈ പ്രദേശത്ത് പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചു.
സ്‌ഫോടനത്തിന്റെ തീവ്രത കാരണം സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 150 മീറ്റര്‍ അകലെ വരെ വാഹനങ്ങള്‍ തെറിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 6:55 ഓടെയാണ് സംഭവം സംബന്ധിച്ചുള്ള അറിയിപ്പ് ലഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനം വളരെ ശക്തമായിരുന്നെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്‌പെഷ്യല്‍ സെല്ലിലെ ഡിസിപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫോറന്‍സിക്, സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി സ്‌ഫോടനത്തിന്റെ കാരണങ്ങളും സ്വഭാവവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
