കിടപ്പു മുറിയില്‍ നിന്നും വിളിച്ചിറക്കി ശതകോടി നടനെ ജയിലിലേക്ക് കൊണ്ടു പോയത് വീടിന്റെ മുന്‍ വാതിലിലൂടെ; ജയിലിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്ക് ആര്‍പ്പുവിളിക്ക് അവസരം നല്‍കാതെ ജയിലിലെ പിന്‍വാതിലിലൂടെ അല്ലു അര്‍ജുനെ മോചിപ്പിച്ച ജയില്‍ അധികാരികള്‍; ജാമ്യം കിട്ടിയിട്ടും ഒരു രാത്രിയിലെ ജയില്‍ ജീവിതം; അല്ലു അര്‍ജുന്‍ മോചിതന്‍
ഹൈദരാബാദ്: പുഷ്പ2 വിന്റെ റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസില്‍ ജയിലില്‍ ആയിരുന്ന അല്ലു അര്‍ജുന്‍ മോചിതനായി. ഇടക്കാല ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയതോടെയാണ് പുലര്‍ച്ചെ മോചനം. ഇന്നലെ വൈകുന്നേരം തന്നെ തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഉത്തരവ് ജയിലില്‍ എത്തിച്ചത് രാത്രിയാണെന്ന വാദത്തില്‍ പുറത്തു വിട്ടില്ല. ഇന്ന് ജയിലിലെ പിന്‍വാതിലിലൂടെയാണ് അല്ലുവിനെ ജയിലില്‍ നിന്നും പുറത്തേക്ക് വിട്ടത്. ജയിലിന് മുന്നില്‍ വന്‍ ആരാധകനിരയാണ് തമ്പടിച്ചിരുന്നത്. ഇതുകൊണ്ടാണ് പിന്‍വാതിലിലൂടെ പുറത്തു വിട്ടത്.
കേസ് റദ്ദാക്കണെമന്ന ഹര്‍ജിയില്‍ അതിവേഗം വാദം കേട്ട തെലങ്കാന ഹൈക്കോടതിയാണ് നാലാഴ്ചത്തേക്ക് അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചത്. രേഖകളില്‍ നിന്നു താരം തെറ്റ് ചെയ്‌തെന്ന നിഗമനത്തിലെത്താനാവില്ലെന്നു വ്യക്തമാക്കിയ കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം നിലനില്‍ക്കുമോയെന്ന സംശയം പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ കേസിന്റെ ഭാവി തന്നെ ചോദ്യചിഹ്നമാകുകയാണ്. എന്നിട്ടും ഒരു ദിവസം രാത്രി മുഴുവന്‍ അല്ലുവിനെ തെലുങ്കാനാ പോലീസ് ജയിലില്‍ ഇട്ടു. ജൂബിലിഹില്‍സിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അല്ലുവിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അതിവേഗ നീക്കങ്ങാണ് ഉണ്ടായത്.
5 മുതല്‍ 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്. അല്ലുവിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ഹൈദരാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പൊലീസിന്റെ നാടകീയ നീക്കത്തില്‍ തെലുങ്ക് സിനിമാ ലോകവും നടുങ്ങി. സൂപ്പര്‍താരം ചിരഞ്ജീവിയടക്കം ചിത്രീകരണം നിര്‍ത്തിവച്ചു. ആരാധകര്‍ സംഘടിച്ചു. കേസില്‍ തിയേറ്റര്‍ ഉടമ, മാനേജര്‍, സുരക്ഷാ മേധാവി തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതിയുടെ നിരീക്ഷണം പോലീസിന് തിരിച്ചടിയാണ്. ഈമാസം നാലിന് രാത്രി പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് മുപ്പത്തൊന്‍പതുകാരി മരിച്ചത്. സിനിമ കാണാനെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ ശ്രമമാണു പ്രതിസന്ധിയായത്.
നടന്റെ അംഗരക്ഷകര്‍ ഉണ്ടാക്കിയ തിക്കും തിരക്കുമാണ് മുപ്പത്തൊമ്പതുകാരി രേവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. തിയറ്റര്‍ മാനേജ്‌മെന്റും കേസില്‍ പ്രതികളാണ്. അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിക്കിത്തിരക്കുണ്ടായതും കുടുംബത്തോടൊപ്പം വന്ന രേവതി അതില്‍പ്പെട്ടതും.