തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍; ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പുഷ്പാ നായകനെ പൊക്കിയത് റിലീസ് ദിവസത്തെ തിക്കിലും തിരക്കിലും ആരാധിക മരിച്ച കേസില്‍; അറസ്റ്റ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ; ഹൈദരാബാദ് പോലീസിന്റേത് നാടകീയ നീക്കങ്ങള്‍

Update: 2024-12-13 07:17 GMT

ഹൈദരാബാദ്: തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തെ നിര്‍ണ്ണായക നീക്കത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. പുഷ്പാ 2 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ റിലീസ് ദിനത്തിലെ ആരാധികയുടെ മരണമാണ് അറസ്റ്റിന് കാരണമായ കേസിന് ആധാരം. വീട്ടിലെത്തി നാടകീമായി നടനെ അറസ്റ്റു ചെയ്യുകയായിരുന്നു. ജൂബിലെ ഹില്‍സിലെ വസതിയില്‍ വച്ചാണ് ശതകോടികള്‍ പ്രതിഫലം വാങ്ങുന്ന വന്‍ ആരാധക വൃന്ദമുള്ള നടനെ അറസ്റ്റു ചെയ്തത്.

ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം ആണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ഇന്നലെ തനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തിയറ്റര്‍ ഉടമയടക്കം 3 പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന സന്ധ്യ തിയറ്റര്‍ ഉടമ സന്ദീപ്, സീനിയര്‍ മാനേജര്‍ നാഗരാജു, മാനേജര്‍ വിജയ് ചന്ദ്ര എന്നിവരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിരക്കില്‍പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുനനു. തിയേറ്ററില്‍ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി എത്തിയതോടെ വന്‍ തിരക്കുണ്ടാകുകയായിരുന്നു. എത്തുന്ന വിവരം തിയേറ്റര്‍ ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നതായും അല്ലു പറഞ്ഞിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ആരോപിച്ചു.

ക്രമസമാധാന പരിപാലനത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കി. ഈ ഹര്‍ജിയില്‍ തീരുമാനം വരും മുമ്പേ അല്ലു അര്‍ജുനെ അറസ്റ്റു ചെയ്യുകയാണ് ഹൈദരാബാദ് പോലീസ്. ചോദ്യംചെയ്ത ശേഷം ജാമ്യത്തില്‍ വിടുമോ എന്നതാണഅ ഉയരുന്ന ചോദ്യം. ചിക്കിടപള്ളി പോലീസ് സ്‌റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്ത് നടനെ കൊണ്ടു വന്നത്. ഒരു സൂചനയും നല്‍കാതെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.

ഡിസംബര്‍ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പം പ്രീമിയര്‍ ഷോ കാണാന്‍ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രേവതിയുടെ ഭര്‍ത്താവും മക്കളും അപകടത്തില്‍പ്പെട്ടു. ഇവര്‍ ചികിത്സയിലാണ്.

രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ കൂട്ടം തിയറ്ററിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി സിനമയിലെ നായകനായ അല്ലു അര്‍ജുനും കുടുംബവും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ആളുകള്‍ തിയേറ്ററിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചത് പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ഇതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്.

Tags:    

Similar News