ആഗോളാടിസ്ഥാനത്തില്‍ പകുതിയോളം ഡോക്ടര്‍മാര്‍ ലൈംഗിക പീഢനങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്; 52 ശതമാനം വനിത ഡോക്ടര്‍മാര്‍ പീഢനത്തിനിരയാകുമ്പോള്‍, പുരുഷ ഡോക്ടര്‍മാരില്‍ 34 ശതമാനവും ഇരകള്‍

വനിതാ ഡോക്ടര്‍മാരില്‍ പകുതിയിലധികം പേരും പീഡനത്തിന് ഇരകള്‍

Update: 2024-09-09 03:40 GMT

ലണ്ടന്‍: ലോകത്തിലെ ഡോക്ടര്‍മാരില്‍ പകുതിയോളം പേര്‍ രോഗികളില്‍ നിന്നും ലൈംഗിക പീഢനം അനുഭവിക്കുന്നുവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. സ്വയരക്ഷക്കായി ഡോക്ടര്‍മാര്‍ക്ക് പാനിക് അലാമുകള്‍ നല്‍കണം എന്ന ആവശ്യത്തെ ശക്തിപ്പെടുത്തുന്ന ഈ റിപ്പോര്‍ട്ട് ഇന്റേണല്‍ മെഡിസിന്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ 45 ശതമാനം ഡോക്ടര്‍മാരാണ് രോഗികളില്‍ നിന്നും വിവിധ തരത്തിലുള്ള ലൈംഗിക പീഢനങ്ങള്‍ അനുഭവിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, വനിതാ ഡോക്ടര്‍മാരില്‍ പകുതിയിലധികം പേരും (52 ശതമാനം) രോഗികളില്‍ നിന്നും വിവിധ തരത്തിലുള്ള ലൈംഗിക പീഢനങ്ങള്‍ക്ക് വിധേയരാവുകയാണ്. പുരുഷ ഡോക്ടര്‍മാരേക്കാള്‍ രോഗികളുടെ ക്രൂരത സഹിക്കേണ്ടി വരുന്നത് വനിതാ ഡോക്ടര്‍മാര്‍ക്കാണ്. പുരുഷ ഡോക്ടര്‍മാരില്‍ 34.4 ശതമാനം പേരാണ് രോഗികളില്‍ നിന്നും പീഡനങ്ങള്‍ക്ക് ഇരയാകുന്നത്.

ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നോട്ടം, ലൈംഗിക ചുവയാര്‍ന്ന സംഭാഷണം, ഡേറ്റിംഗിന് വരാന്‍ ആവശ്യപ്പെടുക, സദ്ദുദ്ദേശത്തോടെയല്ലാതെയുള്ള സ്പര്‍ശനം, ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുക തുടങ്ങി വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്കാണ് ഡോക്ടര്‍മാര്‍ ഇരകളാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, തങ്ങള്‍ ചികിത്സിക്കുന്ന രോഗികള്‍ പലപ്പോഴും തങ്ങള്‍ക്ക് മുന്‍പില്‍ സ്വകാര്യഭാഗങ്ങള്‍ അശ്ലീല ചുവയോടെ പ്രദര്‍ശിപ്പിക്കുന്നതും ഡോക്ടര്‍മാര്‍ക്ക് സഹിക്കേണ്ടതായി വരുന്നു.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച് 22 റിപ്പോര്‍ട്ടുകളെ പുനരവലോകനം ചെയ്താണ് ബിര്‍ക്ക്‌ബെക്ക് കോളേജിലെ ഡോക്ടര്‍ കരോളിന്‍ കമവു മിറ്റ്‌ചെല്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രോഗികളില്‍ നിന്നും ഡോക്ടര്‍മാര്‍ക്കുണ്ടാകുന്ന പീഢനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും അത് തടയാന്‍ ആശുപത്രികളും ക്ലിനിക്കുകളും സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കരോളിന്‍ ആവശ്യപ്പെട്ടു.

ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആശുപത്രികള്‍ ഗൗരവത്തില്‍ എടുക്കണമെന്നും, ഒറ്റപ്പെട്ട വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷക്കായി സി സി ടിവി, പാനിക് ബട്ടണ്‍ എന്നിവ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റ്റാത്രികാല ഷിഫ്റ്റുകളിലും ഇത് ആവശ്യമാണ്. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുകയാണ്.

Almost half of doctors sexually harassed by patients

Tags:    

Similar News