'നരേന്ദ്ര; നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ചെയ്യുന്നത് ഗംഭീരമായ ജോലി'; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡോണള്‍ഡ് ട്രംപ്; ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും; 'പിറന്നാള്‍ നയതന്ത്രത്തില്‍ ഇന്ത്യ- യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുമെന്ന് സൂചന; മോദിയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ബിജെപിയും
'നരേന്ദ്ര; നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ചെയ്യുന്നത് ഗംഭീരമായ ജോലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17ന് ജനിച്ച മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും. വിവിധ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. ലോകനേതാക്കള്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയും യുഎസുമായുള്ള മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും. മോദി ഗംഭീരമായി ജോലി ചെയ്യുന്നുണ്ടെന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രംപ് പറഞ്ഞു.
''ഇപ്പോള്‍ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹം ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര: റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി''ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു. ട്രംപിനെപ്പോലെ തന്നെ ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും മോദി പറഞ്ഞു.
'എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോണ്‍ കോളിനും ജന്മദിനാശംസയ്ക്കും നന്ദി. നിങ്ങളെപ്പോലെ തന്നെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാന്‍ ഞാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ന്‍ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കും'മോദി പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തീരുവ വര്‍ധനവിനുശേഷം ആദ്യമായി ഇന്ത്യയുഎസ് വ്യാപാര ചര്‍ച്ച ഇന്ന് നടന്നിരുന്നു. ചര്‍ച്ച 'ശുഭകരം' എന്നായിരുന്നു ഇരുവിഭാഗത്തിന്റെയും പ്രതികരണം. ഇതിനു പിന്നാലെയാണ് മോദിയുമായുള്ള ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. യുഎസ് ഇന്ത്യക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയ ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും മുഖാമുഖം ചര്‍ച്ച നടത്തുന്നത്. ഓഗസ്റ്റ് അവസാനം നടക്കേണ്ടിയിരുന്ന ചര്‍ച്ചയാണ് തീരുവയില്‍ ഉടക്കി വൈകിയത്. വ്യാപാര കരാറിലുള്‍പ്പടെ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നരേന്ദ്ര മോദിക്കും ഡോണള്‍ഡ് ട്രംപിനും ഇടയില്‍ ധാരണയായിരിക്കുന്നത്.
തന്ത്രപ്രധാന ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പ്രതിജ്ഞാബദ്ധമെന്നും യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തുന്ന നീക്കത്തെ പിന്തുണയ്ക്കുന്നു എന്നും മോദി സംഭാഷണത്തിനു ശേഷം അറിയിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെയും വ്യാപാരകരാറിന്റെയും പേരില്‍ ഇടിഞ്ഞ ബന്ധം മെച്ചപ്പെടുത്താന്‍ ഈ സംഭാഷണം ഇടയാക്കും. വ്യാപാര കരാറില്‍ യുഎസ് വാണിജ്യ പ്രതിനിധി ദില്ലിയില്‍ എത്തി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ട്രംപ് മോദിയെ വിളിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച 75 ഡ്രോണുകള്‍ വിന്യസിക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. മോദിയുടെ ജന്മദിനമായ ഇന്ന് ല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് ഡ്രോണുകള്‍ വിന്യസിക്കുന്നതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
''ഡല്‍ഹി ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ 75 പ്രത്യേക ഡ്രോണുകളാണ് വികസിപ്പിച്ചിരിക്കുന്നത്, സെപ്റ്റംബര്‍ 17ന് ത്യാഗരാജ സ്റ്റേഡിയത്തില്‍ നിന്ന് അവ പറന്നുയരും'', അദ്ദേഹം പറഞ്ഞു. ഈ ഡ്രോണുകള്‍ പിന്നീട് ഡല്‍ഹി പൊലീസിന് കൈമാറുമെന്നും ഓരോ ജില്ലയ്ക്കും അഞ്ച് ഡ്രോണുകള്‍ വീതം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വനിതാ കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ 75ാം ജന്മദിനത്തോട് അനുബന്ധിച്ച് 75 പദ്ധതികളും, പരിപാടികളുമാണ് ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും. പിറന്നാള്‍ ദിനം പ്രധാനമന്ത്രി മദ്ധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ രാജ്യത്തെ ആദ്യ പി.എം മിത്ര ടെക്സ്‌റ്റൈല്‍ പാര്‍ക്കിന് തറക്കല്ലിടും.
മോദിയുടെ പിറന്നാളിന്റെ ഭാഗമായി ബി.ജെ.പി നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും. മദ്ധ്യപ്രദേശില്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകള്‍, ശുചിത്വ ദൗത്യങ്ങള്‍, പരിസ്ഥിതി ബോധവത്കണം, പ്രദര്‍ശനങ്ങള്‍, സംഭാഷണ പരിപാടികള്‍, വികലാംഗര്‍ക്കുള്ള ഉപകരണ വിതരണം, 'മോദി വികാസ് മാരത്തണ്‍', കായികമേളകള്‍, ചിത്രരചനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും
അതേസമയം 75 വയസ്സായതോടെ പ്രായപരിധി ചട്ടവും ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകും. എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ക്ക് 75 വയസ് പൂര്‍ത്തിയായപ്പോള്‍ വിശ്രമം നിര്‍ദ്ദേശിച്ച ചട്ടം മോദി സ്വയം നടപ്പാക്കുമോ എന്ന ചോദ്യം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകും. മോദിക്ക് പാര്‍ട്ടി ഇളവു നല്‍കുമോ എന്നും 2029ലെ പൊതുതിരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കുമോയെന്നുമുള്ള സ്ഥിതീകരണത്തിനും അത് വഴി തുറക്കാം. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിലും മോദി നയിക്കണമെന്ന പൊതു വികാരം പാര്‍ട്ടിയിലുണ്ട്.