ജയില്‍ വാസം ഒഴിവാക്കാന്‍ ആന്റണി രാജുവിന് ഇനി 30 നാള്‍! മേല്‍ക്കോടതി സ്റ്റേ നല്‍കിയില്ലെങ്കില്‍ നേരേ തുറുങ്കിലേക്ക്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കി തൊണ്ടിമുതല്‍ കേസ്; ജാമ്യം കിട്ടിയെങ്കിലും വിടാതെ പ്രതിഷേധക്കാര്‍; ചാനല്‍ ചര്‍ച്ചകളില്‍ ഇനി പുകയുന്നത് ഈ വിധി
ജയില്‍ വാസം ഒഴിവാക്കാന്‍ ആന്റണി രാജുവിന് ഇനി 30 നാള്‍!
തിരുവനന്തപുരം: തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍, ആന്റണി രാജുവിന് ജാമ്യം കിട്ടി. കനത്ത പ്രതിഷേധത്തിന് നടുവിലാണ് അദ്ദേഹം നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് മടങ്ങിയത്.
മൂന്ന് വര്‍ഷത്തെ തടവുശിക്ഷയാണ് രണ്ടാം പ്രതിയായ ആന്റണി രാജുവിന് കോടതി വിധിച്ചത്. ഇതോടെ ആന്റണി രാജുവിന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടി വരും. ഒന്നാം പ്രതി ജോസിനും മൂന്ന് വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിന് വേണ്ടി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു. നിലവിലെ സാഹചര്യത്തില്‍ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി റൂബി ഇസ്മാഈല്‍ ആണ് ശിക്ഷ വിധിച്ചത്. മേല്‍ക്കോടതിയില്‍ നിന്ന് സ്‌റ്റേ കിട്ടിയില്ലെങ്കില്‍, ആന്റണി രാജുവിനെ റിമാന്‍ഡ് ചെയ്യും.
'ഈ കേസില്‍, കോടതിക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ കൊടുത്തിട്ടുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യം എന്‍ഹാന്‍സ്ഡ് പണിഷ്‌മെന്റ് കൊടുക്കണമെന്നായിരുന്നു. ശിക്ഷ ഒരുമിച്ച് അനുവദിച്ചാല്‍ മതി. പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തേക്ക് ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരുമാസത്തിനകം സ്റ്റേ ലഭിച്ച് കോടതിയെ അറിയിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍, റിമാന്‍ഡിലേക്ക്, ജയിലിലേക്ക് പോകും. 409 ാം വകുപ്പില്‍ ഒന്നാം പ്രതിക്ക് മാത്രമേ ശിക്ഷയുള്ളു. 84 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.'-അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ ജനപ്രതിനിധിക്ക് അയോഗ്യത കല്‍പ്പിക്കുമെന്ന സുപ്രീം കോടതിയുടെ മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് ആന്റണി രാജു അയോഗ്യനാകുന്നത്. മേല്‍ക്കോടതികളില്‍ നിന്ന് വിധിക്ക് സ്റ്റേ ലഭിച്ചാല്‍ പോലും അയോഗ്യത നിലനില്‍ക്കുമെന്നതാണ് ഈ കേസിലെ മറ്റൊരു പ്രധാന നിയമപരമായ കാര്യം. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വര്‍ഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യതയുണ്ട്.
നിയമസഭാ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ വെല്ലുവിളിയാണ് ഈ വിധി ഉയര്‍ത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് അദ്ദേഹത്തിന് ഈ കനത്ത തിരിച്ചടി.
ഇടതു മുന്നണിക്കും ഈ ശിക്ഷാ വിധി വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ചെറിയ ഘടകകക്ഷിയുടെ പ്രതിനിധിയാണെങ്കിലും, തെക്കന്‍ കേരളത്തിലെ മുന്നണിയുടെ പ്രധാന നേതാക്കളില്‍ ഒരാളായി ആന്റണി രാജുവിനെ കണക്കാക്കിയിരുന്നു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്ന നേതാവാണ് അദ്ദേഹം. നിലവില്‍ സിപിഎമ്മിന് പോലും ആന്റണി രാജുവിന് സഹായം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ലഹരിക്കേസില്‍ വിദേശിയായ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ അട്ടിമറിച്ച കേസിലാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് ആറ് മാസം തടവും, തെളിവ് നശിപ്പിച്ചതിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ളത്തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വര്‍ഷം തടവുമാണ് കോടതി ആന്റണി രാജുവിന് വിധിച്ച ശിക്ഷകള്‍. കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം നെടുമങ്ങാട് കോടതി തള്ളിക്കളയുകയും ചെയ്തു.
നീതിന്യായ ചരിത്രത്തില്‍ അപൂര്‍വമായ ഈ കേസില്‍ ഒരു ജനപ്രതിനിധിയും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഹാഷിഷുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ സാല്‍വദോര്‍ സാര്‍ലിയെ രക്ഷിക്കാനായിരുന്നു ഇത്. പൂന്തുറ എസ്എച്ച്ഒ ആയിരുന്ന ജയമോഹന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സാര്‍ലിക്ക് 10 വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. ഈ വിചാരണ നടക്കുന്ന സമയത്ത് പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടി ക്ലര്‍ക്കിനെ സ്വാധീനിച്ച് പ്രതിയുടെ അടിവസ്ത്രം കോടതിക്ക് പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വെക്കുകയായിരുന്നു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിന്റെ മറവിലാണ് തൊണ്ടി കടത്തിക്കൊണ്ടുപോയി മാറ്റം വരുത്തിയത്.
