പി വി അന്‍വര്‍ എല്ലാ കച്ചവടങ്ങള്‍ക്കും പൊലീസിന് ഒപ്പംനിന്ന കൂട്ടു പ്രതി; കാര്യങ്ങള്‍ പുറത്തുപറയുന്നത് സുജിത് ദാസിനോട് തെറ്റിയപ്പോള്‍; ഫോണ്‍ കോളില്‍ കാര്യങ്ങള്‍ വ്യക്തം; അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ്

തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാണ് അന്‍വറിന്റെ ഭാഗത്ത് നിന്നുള്ളതെന്നും പി.കെ. ഫിറോസ് പറഞ്ഞു.

Update: 2024-09-11 05:39 GMT

എം റിജു

കോഴിക്കോട്: പൊലീസിനെതിരെയുള്ള പോര്‍മുഖം തുറക്കുമ്പോള്‍, നിലമ്പരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ പി വി അന്‍വറിന്റെ ഒരു രാഷ്ട്രീയ നേട്ടമായി കരുതിയിരുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയായിരുന്നു. തുടക്കത്തില്‍ മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ അന്‍വറിനൊപ്പം നിന്നുവെങ്കിലും, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറയുകയാണ്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വറിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതോടെ എല്‍ഡിഎഫ് വിട്ടാലും, യുഡിഎഫില്‍ ചേക്കാറാമെന്ന അന്‍വറിന്റെ സ്വപ്നങ്ങള്‍ക്കും ഏതാണ്ട് വിരാമമായിരിക്കയാണ്.

എല്ലാ കച്ചവടങ്ങള്‍ക്കും പൊലീസിന് ഒപ്പംനിന്ന കൂട്ടു പ്രതിയാണ് പി വി അന്‍വറെന്ന്, യുത്ത്ലീഗ് സംസഥാന സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. ഭരണകക്ഷി എംഎല്‍എ ഇപ്പോള്‍ പൊലീസിനെതിരെ രംഗത്തുവന്നിരിക്കുന്നു എന്നത് നല്ലകാര്യം. പക്ഷേ താനൂര്‍ ജിഫ്രി കൊലക്കേസ്, താനൂര്‍ ബോട്ടപകടത്തിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു തുടങ്ങിയ എസ് പി സുജിത്ത്ദാസിനെതിരെ വിവിധ വിഷയങ്ങളില്‍ യൂത്ത്് ലീഗ് ആരോപണം ഉന്നയിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാതിരുന്ന ആളാണ് പി വി അന്‍വര്‍. എസ്പി സുജിത്ത് ദാസുമായുള്ള പി വി അന്‍വറിന്റെ സംഭാഷണം ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. താന്‍ എസ്പിയായിരുന്നപ്പോള്‍, എംഎല്‍എക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയോ, എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അപ്പോള്‍ തമ്മില്‍ തെറ്റിയപ്പോള്‍ എല്ലാം പുറത്തുപറയുകയാണ്. അപ്പോള്‍ തെറ്റിയതിന്റെ കാരണങ്ങള്‍ മറ്റെന്തോ ആയിരിക്കണമെന്നും പി കെ ഫിറോസ് പറഞ്ഞു.

പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന്് പറയുന്നത്, മുഖ്യമന്ത്രിയെക്കുറിച്ച് പറയാന്‍ ഭയം ഉള്ളതുകൊണ്ടല്ലേ. അതെന്താ പറയാന്‍ അന്‍വറിന് ധൈര്യമില്ലാത്തത് എന്നും, ഫിറോസ് ചോദിച്ചു. 19-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തുമെന്നും പി കെ ഫിറോസ് അറിയിച്ചു.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നേരത്തെയും ആരോപിച്ചിരുന്നു. നിഗൂഢതകളുള്ള വ്യക്തിയാണ് അന്‍വര്‍. അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ നല്ലതായി ഒന്നും പറയാനില്ല. പരിസ്ഥിതിയെ നശിപ്പിക്കല്‍, പണം കബളിപ്പില്‍, കൊലപാതകം തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

അന്‍വറിന്റേത് ഫ്യൂഡല്‍ മനോഭാവമാണ്. മറ്റൊരു രാജ്യത്ത് നിന്ന് സേവിക്കാനല്ല ജനങ്ങള്‍ തെരഞ്ഞെടുത്തത്. നിയമസഭയില്‍ എം.എല്‍.എയുടെ സാന്നിധ്യം ഉണ്ടാകണം. ഒരു ജനപ്രതിനിധിക്ക് സഭയിലെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിവരും. തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാണ് അന്‍വറിന്റെ ഭാഗത്ത് നിന്നുള്ളതെന്നും പി.കെ. ഫിറോസ് പറഞ്ഞു.

Tags:    

Similar News