കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് കള്ളപ്രചരണം നടത്തുന്നു; അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തില്‍? വ്യാപകമായി ഫണ്ട് പിരിവ് നടക്കുന്നു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു

Update: 2024-10-02 11:25 GMT

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് കുടുംബം വാര്‍ത്താസമ്മേളനം നടത്തി. കോഴിക്കോട് വസതിയില്‍ വെച്ചാണ് കുടുംബം മാധ്യമങ്ങളെ കണ്ടത്. തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചത്. ഒപ്പംനിന്ന മാധ്യമങ്ങള്‍ക്കും സര്‍ക്കാറിനും ഈശ്വര്‍ മാല്‍പെക്കുമെല്ലാം കുടുംബം നന്ദിയറിയിച്ചു.

അതേസമയം ലോറി ഉടമ മനാഫിനെതിരെയും കുടുംബം രംഗത്തെത്തി. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് ഒരു വ്യക്തി പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

അര്‍ജുനെ കാണാതായതു മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നു. എം.കെ. രാഘവന്‍ എംപി, കെ.സി. വേണുഗോപാല്‍ എം.പി, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയില്‍, മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, ലോറി ഉടമ മനാഫ്, ആര്‍.സി ഉടമ മുബീന്‍, മാധ്യമങ്ങളെ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കാലതാമസം ഉണ്ടായെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്കൊന്നും കടക്കുന്നില്ല. കെ.സി. വേണുഗോപാലിനെ നേരിട്ട് ബന്ധപ്പെട്ടാണ് തിരച്ചില്‍ വീണ്ടും തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചത്.

തുടര്‍ന്നാണ് രണ്ടാംഘട്ട തിരച്ചില്‍ ആരംഭിച്ചത്. നേവിയും ഈശ്വര്‍ മല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തിരച്ചില്‍ മാത്രമാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിന്‍ ആരോപിച്ചു. ഇത്തരത്തില്‍ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുടുംബം വ്യക്തമാക്കി.

ഈ വ്യക്തിയുടെ കൂടെ വന്ന സംഘം ആയി 2000 രൂപ തന്നു. അതും പ്രചരിപ്പിക്കുകയാണ്. അര്‍ജുന്റെ ബൈക്ക് നേരത്തെ നന്നാക്കാന്‍ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്ന് പ്രചരിപ്പിക്കുകയാണ്. അത് യൂട്യൂബിലൂടെ പ്രചരിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടര്‍ന്നാല്‍ പ്രതികരിക്കും. തെരച്ചില്‍ ഘട്ടത്തില്‍ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശനങ്ങള്‍ അവരോട് പറഞ്ഞിരുന്നു.

ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് ഞങ്ങള്‍ അവിടെ നിന്നത്. മലപെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎല്‍എ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനല്‍ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചര്‍ച്ച. ഇതെല്ലാം ഈശ്വര മലപെയും നടത്തിയ നാടകമാണെന്നും ജിതിന്‍ ആരോപിച്ചു.

അര്‍ജുന്റെ പിതാവ് പ്രേമന്‍, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കണ്ടത്.

Tags:    

Similar News