ആശ വര്‍ക്കര്‍മാരെ കേട്ടില്ലെന്ന പഴി വരാതിരിക്കാന്‍, കണ്ണില്‍ പൊടിയിടാന്‍ ഒരു ചര്‍ച്ച; യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന ഉപദേശം മാത്രം നല്‍കി ആരോഗ്യമന്ത്രി; ചര്‍ച്ച പരാജയപ്പെട്ടതോടെ, വ്യാഴാഴ്ച മുതല്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം; ഖജനാവില്‍ പണമില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വീണ ജോര്‍ജ്
ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരും
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരും. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നിയമസഭാ ഓഫീസില്‍ വച്ച് നടത്തിയ ചര്‍ച്ചയും പരാജയമായി. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് എസ്. മിനി അറിയിച്ചു. നേരത്തെ എന്‍എച്ച്എം ഡയറക്ടര്‍ ഡോ.വിനയ് ഗോയല്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചത്. നിയമസഭയില്‍ മന്ത്രിയുടെ ഓഫിസിലായിരുന്നു ചര്‍ച്ച.
ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സമരം അവസാനിപ്പിക്കണമെന്നും യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന ഉപദേശവും മാത്രമാണ് മന്ത്രി നല്‍കിയത്. ആവശ്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ വന്നതോടെ, സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചു.
നാളെ തുടങ്ങാനിരിക്കുന്ന നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണില്‍ പൊടിയിടാനുള്ള ഒരു ചര്‍ച്ച മാത്രമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാര്‍ ആരോപിച്ചു. പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചര്‍ച്ചയിലുണ്ടായില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ ആരോപിച്ചു.സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.
വീണ ജോര്‍ജ്ജിന്റെ വാക്കുകള്‍
ആശമാരുടെ ആവശ്യം അനുഭാവപൂര്‍വ്വം കേട്ടു. സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സമരക്കാര്‍ തയ്യാറായില്ല. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. 7000 രൂപ ഓണറേറിയം നല്‍കുന്നത് സംസ്ഥാനം മാത്രമാണ്. ഇന്‍സന്റീവ് കേന്ദ്രവും സംസ്ഥാനവും കൂടിയാണ് നല്‍കുന്നത്. ഫിക്‌സ്ഡ് ഇന്‍സെന്റീവ് 3000 രൂപയാണ്. ഇതില്‍ 1600 കേന്ദ്രവും 1400 കേരളവുമാണ് നല്‍കുന്നത്.
ഓണറേറിയത്തിന് 2017 ല്‍ 10 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. അത് പിന്‍വലിക്കണമെന്ന് സമരം തുടങ്ങി ആദ്യ ഘട്ടത്തില്‍ സമരക്കാര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞു. മാനദണ്ഡം പിന്‍വലിക്കാനാകുമോ എന്ന് പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡം പിന്‍വലിച്ചു. 2006 ല്‍ നിശ്ചയിച്ച ഇന്‍സന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. സംസ്ഥാനത്ത് ആകെ 26125 ആശമാരാണുള്ളത്. ആകെ 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നു. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 21000 രൂപ ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവ സമരക്കാര്‍ ആവര്‍ത്തിക്കുന്നു. കൂട്ടരുതെന്ന നിലപാട് സംസ്ഥാനത്തിന് ഇല്ല. മൂന്നിരട്ടി ഉടന്‍ കൂട്ടണമെന്ന് പറഞ്ഞാല്‍ പലകാര്യങ്ങള്‍ പരിഗണിച്ച് മാത്രമെ അത് ആലോചിക്കാന്‍ പോലും കഴിയുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.