ഫെഫ്ക അംഗങ്ങള്‍ക്ക് 40 ലക്ഷത്തോളം രൂപ ആഷിഖ് അബു കൊടുക്കാനുണ്ട്; എല്ലാം പരിഹരിച്ചത് ഉണ്ണികൃഷ്ണന്‍; ബെന്നി ആശംസ പറയുമ്പോള്‍

ആഷിഖ് അബുവിനെ പ്രതികൂട്ടിലാക്കി വെളിപ്പെടുത്തല്‍

By :  Remesh
Update: 2024-08-29 09:48 GMT


കൊച്ചി: ആഷിഖ് അബുവിന്റെ പല സിനിമകളില്‍ നിന്നും ഫെഫ്ക അംഗങ്ങള്‍ പിന്‍വാങ്ങനൊരുങ്ങിയപ്പോള്‍ അത് പരിഹരിച്ചത് ബി.ഉണ്ണികൃഷ്ണനെന്ന് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗം ബെന്നി ആശംസ. ഉണ്ണികൃഷ്ണനെ കടന്നാക്രമിച്ച് കഴിഞ്ഞ ദിവസം ആഷിഖ് അബു രംഗത്തു വന്നിരുന്നു. ഇതിനെതിരെയാണ് ബെന്നി ആശംസ നിലപാട് വിശദീകരിക്കുന്നത്.

ഗുരുതര ആരോപണങ്ങളാണ് ബെന്നി ആശംസയും ഉയര്‍ത്തുന്നത്. ഫെഫ്ക അംഗങ്ങള്‍ക്ക് 40 ലക്ഷത്തോളം രൂപ ആഷിഖ് അബു കൊടുക്കാനുണ്ടെന്നും ബെന്നി ആരോപിച്ചു. ആഷിഖ് അബുവിനെതിരേ നടപടിയെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡയറക്ടേഴ്സ് യൂണിയനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഫ്കയിലെ ഭൂരിപക്ഷവും ഉണ്ണികൃഷ്ണനൊപ്പമാണെന്ന സൂചനയാണ് ബെന്നി നല്‍കുന്നത്.

സിനിമാ കോണ്‍ക്ലേവില്‍ നിന്ന് ബി.ഉണ്ണികൃഷണനെ മാറ്റി നിര്‍ത്തണമെന്ന് എന്തടിസ്ഥാനത്തിലാണ് ആഷിഖ് അബു പറഞ്ഞത് എന്ന് മനസിലായില്ല. ഫെഫ്കയില്‍ വിഭാഗീയതയുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ആഷിഖ് അബുവിനെ പോലെ കഴിവുള്ള സംവിധായകര്‍ വരണമെന്ന് ആഗ്രഹിക്കുന്ന സംഘടനയാണ് ഫെഫ്ക. കഴിഞ്ഞ പല സിനിമകളിലായി 40 ലക്ഷത്തോളം രൂപയാണ് അദ്ദേഹം ഫെഫ്ക അംഗങ്ങള്‍ക്ക് നല്‍കാനുള്ളത്-അദ്ദേഹം ആരോപിച്ചു.

മാക്ടയിലെ വിനയന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് ഫെഫ്ക ഉണ്ടായത്. വിനയന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിനൊപ്പം മാക്ട പോലും ഇപ്പോഴില്ല. വിനയനോ ആഷിഖ് അബുവോ എന്തെങ്കിലും വിവരക്കേട് വിളിച്ചുകൂവിയാല്‍ തകര്‍ന്ന് പോകുന്ന സംഘടനയല്ല ഫെഫ്ക-അദ്ദേഹം വിശദീകരിച്ചു.

സെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല എന്നത് വെറുതേ പറയുന്നതാണ്. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് ബാത്ത് റൂം സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഗുരുവായൂര്‍ അമ്പലനട സെറ്റിലുണ്ടായ വിഷയത്തിലും ഫെഫ്ക പ്രതികരിച്ചിട്ടുണ്ട്. ഫെഫ്ക അംഗങ്ങള്‍ക്കെതിരേ ആരോപണമുയര്‍ന്നാല്‍ നടപടിയെടുക്കും.' - ബെന്നി പറഞ്ഞു.

Tags:    

Similar News