മെസിയ്‌ക്കൊപ്പം റേറ്റിംഗും ചതിച്ചാശാനേ.....! 41-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗും റിപ്പോര്‍ട്ടറിന് നല്‍കുന്നത് നിരാശ; ചീറ്റിപ്പോയ 'ബിപിഎല്‍ ഭൂമി തട്ടിപ്പിന്' പിന്നാലെ മുട്ടില്‍ മരം മുറിക്കാര്‍ക്ക് റേറ്റിംഗ് പരാജയവും; ഏഷ്യാനെറ്റ് ന്യൂസ് എതിരാളികളില്ലാതെ ബഹുദൂരം മുന്നില്‍; ശബരിമലയില്‍ നേട്ടമുണ്ടാക്കി മനോരമയെ മറികടന്ന് മാതൃഭൂമിയും; ന്യൂസ് ചാനല്‍ റേറ്റിംഗില്‍ തെളിയുന്നതും നേരോടെ നിര്‍ഭയം നിരന്തരം..!
കൊച്ചി: മലയാള വാര്‍ത്താ ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സമ്പൂര്‍ണ്ണ ആധിപത്യം തുടരുന്നു. 90 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണ്. ഏഷ്യാനെറ്റ് ന്യൂസിനെ തകര്‍ക്കും എന്ന് പ്രഖ്യാപിച്ച് നടന്നവര്‍ക്കൊക്കെ റേറ്റിംഗില്‍ കിതപ്പാണ്. 68 പോയിന്റാണ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്കുളളത്. മെസിയേയും അര്‍ജന്റീനയേയും കേരളത്തിലെത്തിച്ച് വാര്‍ത്താ ചാനലുകളില്‍ പ്രധാനിയാകാനുള്ള റിപ്പോര്‍ട്ടറിന്റെ ശ്രമം പാളിയിരുന്നു. കലൂരിലും മരം മുറി നടത്താനായി എന്നതാണ് മെസിയെ കൊണ്ടു വരാന്‍ ശ്രമിച്ചവര്‍ക്കുള്ള ഏക നേട്ടം. ഇതിനിടെ ബിപിഎല്‍ ഭൂമി തട്ടിപ്പ് വാര്‍ത്തയുമായി ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവും പൊളിഞ്ഞു. ബിപിഎല്‍ പത്രക്കുറിപ്പോടെ ഈ വിഷയത്തില്‍ മാനനഷ്ടക്കേസും ഉറപ്പായി. അങ്ങനെ മെസിയ്‌ക്കൊപ്പം ബാര്‍ക്ക് റേറ്റിംഗും ചിലരെ ചതിയ്ക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസിനും റിപ്പോര്‍ട്ടറിനും പിന്നില്‍ ട്വന്റി ഫോര്‍ ന്യൂസാണ്. അവര്‍ക്കും പോയിന്റ് ഇടിവുണ്ട്. 51 പോയിന്റിലേക്ക് അവര്‍ കൂപ്പു കുത്തുന്നു. മാതൃഭൂമി 36 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തുന്നുണ്ട്. 34 പോയിന്റുള്ള മനോരമ ന്യൂസിനും നിരാശയുടെ അഞ്ചാം സ്ഥാനമാണ്. വളരെ കാലത്തിന് ശേഷമാണ് റേറ്റിംഗില്‍ നാലാം സ്ഥാനം മനോരമയ്ക്ക് നഷ്ടമാകുന്നത്. 27 പോയിന്റുണ്ട് ന്യൂസ് കേരള മലയാളത്തിന്. ജനം ടിവിയ്ക്ക് 23. ആര്‍ എസ് എസ് ചാനലയാ ജനം ടിവിക്ക് പിന്നില്‍ തന്നെയാണ് സിപിഎം മുഖമുള്ള കൈരളി ടിവി. ന്യൂസ് 18 കേരളയ്ക്ക് 10 പോയിന്റുമായി 9-ാം സ്ഥാനം. മീഡിയാ വണ്ണിന് പത്താംസ്ഥനത്തുള്ളത് 9 പോയിന്റും. ശബരിമലയ്ക്ക് അപ്പുറമുള്ള വലിയ വാര്‍ത്തകളൊന്നും സംഭവിക്കാത്തെ ആഴ്ചയിലെ റേറ്റിംഗാണ് അത്. അതില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രേക്ഷരുടെ എണ്ണം സ്ഥിരമായി നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നു. സ്‌ഫോടനാത്മക ഇല്ലാതെ റിപ്പോര്‍ട്ടറിനും 24 ന്യൂസിനും കുതിയ്ക്കാന്‍ കഴിയുന്നുമില്ല.
ബാര്‍ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന് സര്‍വാധിപത്യം എന്നതാണ് വസ്തുത. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗില്‍ എല്ലാ വിഭാഗങ്ങളിലും ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഏറെ മുന്നിലാണ്. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ഏഷ്യാനെറ്റ് ന്യൂസിനൊപ്പമാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിന്ദി ഉള്‍പ്പെടെ രാജ്യത്താകെ എല്ലാ ഭാഷകളിലുമുള്ള വാര്‍ത്താ ചാനലുകളില്‍ പതിനൊന്നാം സ്ഥാനത്താണ് ഏഷ്യാനെറ്റ് ന്യൂസ്. മലയാളത്തില്‍ എന്നും ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
കഴിഞ്ഞ 40-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ 98 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. അന്നും രണ്ടാമതും മൂന്നാമതും ഉള്ള വാര്‍ത്താചാനലുകളെക്കാള്‍ ഏറെ മുന്നിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. റേറ്റിങ് കണക്കുകളില്‍ 40-ാം ആഴ്ചയില്‍ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 69 പോയിന്റാണുണ്ടായിരുന്നത്. 54 പോയിന്റുള്ള 24 ന്യൂസ് ആയിരുന്നു കഴിഞ്ഞ ആഴ്ചയും മൂന്നാം സ്ഥാനത്ത്. 37 പോയിന്റുമായി മനോരമ നാലാം സ്ഥാനത്തും 34 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമായിരുന്നു. ഇവിടെ മാതൃഭൂമി നേട്ടമുണ്ടാക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രധാന വസ്തുത. 27 പോയിന്റുമായി ന്യൂസ് മലയാളം ഇത്തവണയും ആറാം സ്ഥാനം നിലനിര്‍ത്തുന്നു.
നഗര ഗ്രാമ വ്യത്യസമില്ലാതെ ഏത് സമയത്തും പ്രായ ഭേദമില്ലാതെ മലയാളികള്‍ വാര്‍ത്തകള്‍ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാര്‍ക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിശദീകരണം. മലയാളിക്ക് ആധികാരിക വാര്‍ത്തകള്‍ക്ക് ഏതു ചാനല്‍ കാണണം എന്നതില്‍ ഒരു സംശയവും ഉണ്ടായില്ല. മലയാളിയുടെ വാര്‍ത്താശീലം മാറ്റമില്ലാതെ തുടരുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മലയാളിയുടെ വിശ്വാസത്തിന് പ്രായവ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഇല്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം മലയാളിയുടെ മാറാത്ത വാര്‍ത്താശീലമായി ഏഷ്യാനെറ്റ് ന്യൂസിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത് നേരിന്റേ പക്ഷമാണ്. പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കൃത്യതയും വ്യക്തതയുള്ള വാര്‍ത്താ അനുഭവം നല്‍കിയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു.
