യുവ നേതാവിനെ ലക്ഷ്യമിട്ടുള്ള സൈബര്‍ പ്രചരണത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംഘടിതമായ വ്യാജപ്രചരണം; അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്; പോരാളി ഷാജി, സാനിയോ മനോമി അടക്കുള്ളവര്‍ക്കെതിരെ സൈബര്‍ പോലീസില്‍ പരാതി
പോരാളി ഷാജി, സാനിയോ മനോമി അടക്കുള്ളവര്‍ക്കെതിരെ സൈബര്‍ പോലീസില്‍ പരാതി
തിരുവനന്തപുരം: പ്രതിപക്ഷത്തെ യുവനേതാവിനെതിരെ പീഡന ആരോപണം ഉയര്‍ത്തിയുള്ള സൈബര്‍ പ്രചരണത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ലക്ഷ്യമിട്ട് സംഘടിതമായ സൈബര്‍ പ്രചരണങ്ങളാണ് കുറച്ചു ദിവസങ്ങളായി നടക്കുന്നത്. ചാനലിന്റെ തലപ്പത്തുള്ളവരെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രചരണങ്ങള്‍ സ്ത്രീത്വത്തെ ഹനിക്കുന്ന വിധത്തില്‍ വ്യാപകമായി നടക്കുന്നുണ്ട്. അടുത്തകാലത്ത് മലയാളം വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കിടമത്സരത്തിന്റെ കൂടി ഭാഗമായി ഒരു വിഭാഗം ആസൂത്രിതമായാണ് ഏഷ്യാനെറ്റിനെതിരെ ആരോപണം ഉയര്‍ത്തിയതെന്നാണ് സംശയം.
ഇടതു സൈബര്‍ പേജുകള്‍ വഴിയാണ് ഇത്തരം പ്രചരണം ശക്തമായി നടന്നത്. സൈബറിടത്തില്‍ അപകീര്‍ത്തികരമായി തുടരുന്ന ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ഫേസ്ബുക്കിലും യുട്യൂബിലും സംഘടിതമായി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ചാനല്‍ പരാതി നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായാണ് പ്രചാരണം.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പോരാളി ഷാജി, ഷമീര്‍ ഷാഹുദീന്‍ വര്‍ക്കല, അരുണ്‍ ലാല്‍ എസ് വി, സാനിയോ മനോമി എന്നീ ഫേസ്ബുക്ക് ഐഡികള്‍ക്കും വടയാര്‍ സുനില്‍ ചര്‍ച്ച നയിച്ച യുട്യൂബ് ചാനലിനും മറ്റൊരു ചാനലിനും എതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. ഇവര്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത വ്യക്തികള്‍ക്കും സമാന ആരോപണങ്ങള്‍ ഉന്നയിച്ച മറ്റുള്ളവര്‍ക്കും എതിരെ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ചാനലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് സംഘടിത സ്വഭാവം ഉള്ളതിനാല്‍ അതിലേക്കും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സൈബര്‍ ഇടങ്ങളില്‍ നടത്തുന്ന ആസൂത്രണ പ്രചാരണങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് ഇന്നലെ പരാതി നല്‍കിയിരുന്നു. ഒരു യുവനേതാവിന്റെ പേരു പറഞ്ഞ് വനിതാ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് അടിസ്ഥാന രഹിതമായ പ്രചരണം നടക്കുന്നത്.
വനിത മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താന്‍ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മര്‍ദ സാഹചര്യങ്ങളിലൂടെ തൊഴില്‍ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഈ സൈബര്‍ ലിഞ്ചിങ് സൈ്വര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.
എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് നിയമസംവിധാനങ്ങള്‍ ഉണ്ടായിരിക്കെ മാധ്യമപ്രവര്‍ത്തകരെ സൈബര്‍ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. പ്രമുഖരായ വനിത മാധ്യമപ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബര്‍ ലിഞ്ചിങ്ങിനുമാണ് സൈബര്‍ ഗുണ്ടകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ സൈബര്‍ ക്രിമിനലുകളെ വിലക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടപെടണം. ശക്തമായ നിയമ നടപടികളിലൂടെ ഈ സൈബര്‍ ആക്രമണത്തിന് അറുതിവരുത്താനും സൈബര്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.