മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെ ആസിഫ് അലിക്കൊപ്പം കൂടിയ അഞ്ജലി; സിഡിഎംഎയില്‍ പണമിട്ട് ഗൂഗിള്‍ ലൊക്കേഷന്‍ നോക്കി രാസ ലഹരി വാങ്ങും; ബസില്‍ കൊച്ചിയില്‍ എത്തിച്ച് വാടക വീട്ടില്‍ ഓണ്‍ലൈന്‍ ട്രെഡിംഗ്; കൊല്ലത്തുകാരിയെ കുടുക്കിയതും ലിവിംഗ് ടുഗദര്‍; രാസലഹരിയുടെ മാസ്മരികത കൊച്ചിയെ തളര്‍ത്തുമ്പോള്‍

Update: 2025-01-08 03:53 GMT

നെടുമ്പാശേരി: രാസ ലഹരിയുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിരവങ്ങള്‍. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബംഗളൂരുവില്‍ നിന്ന് വന്ന ബസില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. യുവതിയുടെ പാന്റ്‌സിനുള്ളിലെ പോക്കറ്റിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.

ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേല്‍ച്ചേരി മകം വീട്ടില്‍ അഞ്ജലി (22) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നെടുമ്പാശേരി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതിയെ ആസിഫുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. നേരത്തെ പലതവണ യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. തുടര്‍ന്ന് കടത്തിനായി ആഞ്ജലിയെയും കൂട്ടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ലഹരി വ്യാപാരമാണ് യുവതി ചെയ്തിരുന്നത്. പിടികൂടിയ രാസലഹരിക്ക് ഒമ്പതു ലക്ഷത്തിലേറെ രൂപ വിലവരും. രാസലഹരി വാങ്ങുന്നതിനുള്ള പണം പ്രതികള്‍ മാഫിയാ സംഘത്തിന് സിഡിഎമിലൂടെ അയക്കും. മാഫിയാ സംഘം മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടര്‍ന്ന് ലൊക്കേഷന്‍ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസില്‍ കേരളത്തിലേക്ക് എത്തിക്കുകയാണ് ഇവരുടെ രീതി. നാട്ടിലെത്തിച്ച് അഞ്ച് ഗ്രാം, 10 ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് വില്പന നടത്തും. ഇവരില്‍ നന്നും വന്‍ മാഫിയയിലേക്ക് എത്താനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. ഇവര്‍ പണം ഇടുന്ന അക്കൗണ്ട് അടക്കം പരിശോധിക്കും.

ആശങ്കയുയര്‍ത്തി കേരളത്തില്‍ രാസലഹരി വില്‍പ്പനയും ഉപയോഗവും കുതിക്കുന്നു. എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് ഓയില്‍, ഹെറോയിന്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗമാണ് കൂടിയത്. എം.ഡി.എം.എ കേസുകളാണ് മുന്നില്‍. ബംഗളൂരു, ചെന്നൈ നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന ന്യൂജന്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ വരെ സുലഭമായി. കഞ്ചാവും മദ്യവുമൊക്കെ ഉപയോഗിച്ചിരുന്നവര്‍ രാസലഹരിയിലേക്ക് വഴിമാറുന്നെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് വില്‍പ്പന വ്യാപകമാവുന്നത്. ചെറിയ അളവില്‍ വലിയ ലഹരിയാണ് ഇവയുടെ പ്രത്യേകത. മണിക്കൂറുകളോളം ലഹരിയുണ്ടാകും. ഉപയോഗിച്ചു കഴിഞ്ഞാല്‍ ഗന്ധമൊന്നുമില്ലാത്തതിനാല്‍ പിടിക്കപ്പെടാനുള്ള സാദ്ധ്യതയും കുറവാണ്. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ട്. പലപ്പോഴും പിടിക്കപ്പെടുന്നത് ചെറുകിട വില്‍പ്പനക്കാരും ഉപഭോക്താക്കളും മാത്രം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് പോലീസ് തീരുമാനം. അതുകൊണ്ട് തന്നെ ഈ കേസില്‍ അന്വേഷണം കേരളത്തിന് പുറത്തേക്ക് പോകും.

കഴിഞ്ഞവര്‍ഷം അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ രാസ ലഹരി ഉപയോഗത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി. പ്രധാനമായും ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പലയിടങ്ങളിലും മയക്കുമരുന്ന് ഉപയോഗം. ഫ്‌ലാറ്റുകള്‍ ദിവസ വാടകയ്ക്കും മാസ വാടകയ്ക്കും എടുത്ത ശേഷം നടത്തപ്പെടുന്ന ലഹരി പാര്‍ട്ടികള്‍ നഗരത്തില്‍ നിത്യ സംഭവങ്ങള്‍ ആണ്. ഇന്‍ഫോപാര്‍ക്കും ഒട്ടനവധി ഐടി സ്ഥാപനങ്ങളും അടക്കം അതിവേഗം വളരുന്ന കൊച്ചി രാസലഹരിയുടെ പിടിയില്‍ വീഴുമ്പോള്‍ അതിന്റെ പിന്നാലെ ജാഗ്രതയോടെ സഞ്ചരിക്കേണ്ടതുണ്ട്. ഏറ്റവുമധികം ഞെട്ടിക്കുന്നത് സ്‌കൂള്‍ കുട്ടികളില്‍ പോലും രാസലഹരി വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നതാണ്. കള്ളും കഞ്ചാവും വിട്ട് ന്യൂജന്‍ ലഹരിക്ക് പിന്നാലെ യുവത്വം പോകുമ്പോള്‍ കോടികളുടെ കച്ചവടം കൂടിയാണ് ഇതിനുപിന്നില്‍ നടക്കുന്നത്.

ഡാന്‍സാഫ് ടീമിനെ കൂടാതെ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി. ഷംസ്, ആലുവ ഡിവൈഎസ്പി ടി.ആര്‍. രാജേഷ്, ഇന്‍സ്‌പെക്ടര്‍ എം.എ. സാബുജി, എസ്‌ഐ എ.സി. ബിജു, എഎസ്‌ഐ റോണി അഗസ്റ്റിന്‍, സീനിയര്‍ സിപിഒമാരായ സി.കെ. രശ്മി, എം.എം. രതീഷ്, ഇ.കെ. അഖില്‍ എന്നിവരാണ് ആസിഫ് അലിയേയും അഞ്ജലിയേയും കണ്ടെത്തിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതിയുടെ മൊഴി. വീട്ടിലിരുന്ന് ഒണ്‍ലൈന്‍ ട്രേഡിങ്ങായിരുന്നു ജോലിയെന്നും അഞ്ജലി പറയുന്നു. ആന്റി-നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) നഗരത്തിലെ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സ്‌കൂള്‍ പരിസരങ്ങളിലും പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇവരെ കുറിച്ചുള്ള രഹസ്യ വിവരം കിട്ടുന്നതും അറസ്റ്റ് നടക്കുന്നതും.

Tags:    

Similar News