ഇരുപാര്‍ട്ടികളിലും ഭിന്നത ഉണ്ടായിട്ടും പരസഹായത്തോടെയുള്ള ആത്മഹത്യക്ക് അനുവദിക്കുന്ന നിയമം പാസ്സാക്കി ബ്രിട്ടന്‍; ഗുരുതര രോഗികളുടെ കാര്യത്തില്‍ ഇനി സംഭവിക്കുന്നത് എന്തെല്ലാം? ആര്‍ക്കെല്ലാം നിയമരപമായി മരിക്കാം?
ആത്മഹത്യക്ക് അനുവദിക്കുന്ന നിയമം പാസ്സാക്കി ബ്രിട്ടന്‍;
ലണ്ടന്‍: പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്ന നിയമം, ജനപ്രതിനിധി സഭയില്‍ പാസ്സാക്കി. അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ഏറെ വൈകാരികമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു നിയമം പാസ്സായത്. ബില്ലിന്റെ രണ്ടാം വായന 275 വോട്ടുകള്‍ക്കെതിരെ 330 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസ്സാക്കിയത്. 55 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബില്ലിന് ലഭിച്ചത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍, മന്ത്രിസഭയില്‍ തന്നെ ഇക്കാര്യത്തില്‍ വിയോജിപ്പുണ്ട് എന്ന് വ്യക്തമാക്കിക്കൊണ്ട് ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ ബില്ലിന് എതിരായി വോട്ട് ചെയ്തു.
ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് എന്നിവരും ബില്ലിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്. ബില്ലിന്റെ കാര്യത്തില്‍ ഭരണപക്ഷത്ത് ദര്‍ശിച്ച അനൈക്യം പ്രതിപക്ഷത്തും പ്രതിഫലിച്ചു. പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക് ബില്ലിന് എതിരായി വോട്ട് ചെയ്തപ്പോള്‍ മുന്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഋഷി സുനക് ബില്ലിനെ അനുകൂലിക്കുകയായിരുന്നു. എല്ലാ, നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി, ഈ ബില്‍ ഒരു നിയമമായാല്‍, അതികഠിനമായ രോഗബാധയുള്ള, എന്നാല്‍, മാനസികമായി പൂര്‍ണ്ണ ആരോഗ്യമുള്ള, പ്രായപൂര്‍ത്തിയായവര്‍ക്ക്, ആറു മാസത്തില്‍ കൂടുതല്‍ ആയുസ്സില്ല എന്നത് സാക്ഷ്യപ്പെടുത്തിയാല്‍, നിയമപരമായി പരസഹായത്താല്‍ സ്വയം മരനം വരിക്കാന്‍ കഴിയും.
ഇംഗ്ലണ്ടിലും വെയ്ല്‍സിലും പ്രാബല്യത്തില്‍ വരുന്ന ഈ നിയമം അനുശാസിക്കുന്നത്, പക്ഷെ, സ്വയം മരണം വരിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെയും ഒരു ഹൈക്കോടതി ജഡ്ജിയുടെയും അനുവാദം ആവശ്യമാണ് എന്നാണ്. ഇന്നലെയായിരുന്നു ഈ ബില്ലില്‍ ആദ്യ വോട്ടെടുപ്പ് നടന്നത്. എല്ലാ പാര്‍ട്ടികളും അവരുടെ എം പിമാര്‍ക്ക് ഈ ബില്ലിന്മേല്‍, സ്വന്തം മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. സ്വകാര്യ ബില്‍ ആയിട്ടായിരുന്നു ഇത് അവതരിപ്പിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികച്ചും നിഷ്പക്ഷമായ നിലപാടായിരുന്നു എടുത്തത്.
നിരവധി നടപടിക്രമങ്ങള്‍ ബാക്കിയുള്ളതിനാല്‍, ഈ ബില്‍ അടുത്ത വര്‍ഷം ആദ്യമെങ്കിലും ഇത് നിയമമായി വരുമോ എന്ന കാര്യം ഉറപ്പില്ല. പരസഹായത്തോടെയുള്ള സ്വയം മരണം നിയമവിധേയമാകാന്‍ ഇനിയും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ബില്‍ അവതരിപ്പിച്ച ലേബര്‍ എം പി കിം ലീഡ്ബീറ്റര്‍ പറയുന്നത്. അതായത്, പരസഹായത്തോടെയുള്ള ആത്മഹത്യ പ്രയോഗത്തില്‍ വരാന്‍ ഇനിയും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും എടുക്കും എന്നര്‍ത്ഥം.
എന്നാല്‍, ആര്‍ക്കൊക്കെ ഈ നിയമപ്രകാരം ആത്മഹത്യ ചെയ്യാം എന്നതിനെ കുറിച്ച് നിരവധി നിബന്ധനകള്‍ ഈ നിയമത്തിലുണ്ട്. ഇതിന്, അര്‍ഹത നേടാന്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും ഉള്ളവരായിരിക്കണം മാത്രമല്ല, ചുരുങ്ങിയത് അപേക്ഷ നല്‍കുന്നതിന് തൊട്ട് മുന്‍പിലത്തെ വര്‍ഷം ജി പി യില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം. അതിനു പുറമെ സ്വയം തീരുമാനമെടുക്കുന്നതിനുള്ള മാനസികാരോഗ്യം ഉണ്ടെന്ന് തെളിയിക്കണം, മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാകരുത് സ്വയം ജീവനൊടുക്കാനുള്ള തീരുമാനം എടുക്കേണ്ടത്.
ഒരു മെഡിക്കല്‍ സംഘം പരിശോധനകള്‍ നടത്തി ആറ് മാസക്കാലത്തിനുള്ളില്‍ മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. രോഗിക്ക് സ്വയം മരണം വരിക്കാനുള്ള യോഗ്യതയുണ്ടെന്ന് മെഡിക്കല്‍ സംഘത്തിന് ബോദ്ധ്യമായാല്‍ കേസ് ഒരു ഹൈക്കോടതി ജഡ്ജിന് റഫര്‍ ചെയ്യണം. അദ്ദേഹമായിരിക്കും അന്തിമ തീരുമാനമെടുക്കുക. അനുമതി നല്‍കിയാല്‍ രണ്ട് ആഴ്ചക്കുള്ളില്‍ ഒരു ഡോക്ടറുടെ സഹായത്തോടെ സ്വയം ജീവനൊടുക്കുവാന്‍ രോഗിക്ക് കഴിയും. മരണകാരണമാകുന്ന മരുന്ന് തയ്യാറാക്കുക മാത്രമെ ഡോക്ടര്‍ ചെയ്യുകയുള്ളു, അത് രോഗി സ്വയം ഉപയോഗിക്കണം.