ഒന്നര വയസുകാരിയായ മകളെ അമ്മയെ ഏല്‍പിച്ചു യുകെയില്‍ പഠിക്കാന്‍ എത്തിയ ആതിര അനില്‍കുമാറിനെ കാത്തിരുന്നത് മരണം; ഒടുവില്‍ രണ്ടു വര്‍ഷത്തിന് ശേഷം ആതിര മരിക്കാന്‍ ഇടയായ അപകടത്തിലെ ഡ്രൈവര്‍ക്ക് നല്‍കിയത് ഒന്‍പത് വര്‍ഷത്തെ ജയില്‍ ശിക്ഷ; മൊബൈലില്‍ ചാറ്റ് ചെയ്ത് അപകടം സൃഷ്ടിച്ചത് നഴ്‌സായ റെമീസ അഹമ്മദ്; 11 വര്‍ഷത്തെ ഡ്രൈവിംഗ് നിരോധനവും
ആതിര മരിക്കാന്‍ ഇടയായ അപകടത്തിലെ ഡ്രൈവര്‍ക്ക് ഒന്‍പത് വര്‍ഷത്തെ ജയില്‍ ശിക്ഷ
ലീഡ്‌സ്: സ്നാപ്പ് ചാറ്റില്‍ സല്ലാപം നടത്തി കാര്‍ ഡ്രൈവ് ചെയ്ത റെമീസ അഹമ്മദ് രണ്ടു വര്‍ഷം മുന്‍പ് സൃഷ്ടിച്ച അപകടത്തില്‍ ജീവന്‍ നഷ്ടമായത് സ്വപ്നങ്ങളും ആയി യുകെയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥിനി ആതിര അനില്‍കുമാറിന്റേത് ആയിരുന്നെങ്കില്‍ അപകടശേഷം വേഗത്തില്‍ രക്ഷപെടാന്‍ ശ്രമിക്കവേ വീണ്ടും സൃഷ്ടിച്ച അപകടത്തില്‍ കാര്‍ പാഞ്ഞു കയറിയതോടെ ഗുരുതര പരുക്കുകളോടെ ജീവച്ഛവമായി മാറിയത് 40കാരനായ ബ്രിട്ടീഷ് പൗരനും. ചുരുക്കത്തില്‍ രണ്ടു പേരുടെ ജീവന്‍ കൊണ്ട് പന്താടിയ യുവതിക്ക് ലീഡ്സ് ക്രൗണ്‍ കോടതി നല്‍കിയത് ഒന്‍പത് വര്‍ഷത്തെ കഠിന തടവ്.
ലീഡ്‌സില്‍ 2023 ഫെബ്രുവരി 22നു നടന്ന അപകടത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കവെയാണ് പ്രോജക്റ്റ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി ആയിരുന്ന ആതിര അപകടത്തെ തുടര്‍ന്ന് തല്‍ക്ഷണം കൊല്ലപ്പെട്ടത്. റെമീസ അഹമ്മദ് എന്ന നഴ്സ് കാര്‍ അമിത വേഗതയില്‍ ഓടിച്ചതാണ് അപകട കാരണം ആയതെന്ന റിപ്പോര്‍ട്ട് ആണ് യോര്‍ക്ഷയര്‍ പോലീസ് കോടതിയില്‍ നല്‍കിയത്. നഴ്‌സിങ് സ്റ്റുഡന്റ് ആയിരുന്നു റമീസ എന്ന വിവരമാണ് ഇപ്പോള്‍ കോടതിയില്‍ നിന്നും പുറത്തു വരുന്നത്.
കാര്‍ ഓടിക്കുന്നതിനടിയില്‍ സ്‌നാപ് ചാറ്റില്‍ സല്ലാപം നടത്തിയത് വഴി ഉണ്ടായ അശ്രദ്ധയാണ് ഒരാളുടെ ജീവന്‍ എടുക്കാനും മറ്റൊരാള്‍ക്ക് ജീവിതകാലം മുഴുവന്‍ പരുക്കുകള്‍ സൃഷ്ടിച്ച വേദനയും യാതനയും അനുഭവിച്ചു ജീവിക്കേണ്ടി വന്നതെന്നും കോടതിയില്‍ വിചാരണ വേളയില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. 20 മൈല്‍ വേഗ പരിധിയുള്ള നഗരത്തില്‍ റെമീസ കാര്‍ ഓടിച്ചത് 40 മൈല്‍ വേഗതയില്‍ ആയിരുന്നു എന്നാണ് പ്രോസിക്യൂട്ടര്‍ ജെസീക്ക സ്ട്രേഞ്ചര്‍ നടത്തിയ വാദം.
27കാരിയായ റെമീസ അഹമ്മദ് സൃഷ്ടിച്ച അപകടം ഒഴിവാക്കപ്പെടേണ്ടത് ആയിരുന്നു എന്ന നിരീക്ഷണവും കോടതിയില്‍ വിചാരണയ്ക്ക് എത്തി. അപകടത്തില്‍ പരുക്കേറ്റ യുവാവ് താമസിക്കുന്നത് അപകടം നടന്ന ബസ് സ്റ്റോപ്പിന് നേര്‍ എതിര്‍ വശത്താണ്. ഇപ്പോള്‍ ഓരോ ദിവസവും ആ ബസ് സ്റ്റോപ്പ് കാണുമ്പോള്‍ മനസില്‍ ഭീതിയും ഭയവും ഒന്നിച്ചെത്തുക ആണെന്നും തന്റെ ശേഷ ജീവിതം ഒരിക്കലും മുന്‍പത്തേതു പോലെ ആകില്ല എന്നുമാണ് അദ്ദേഹം കോടതിയില്‍ നല്‍കിയ മൊഴി.
രണ്ടര സെക്കന്റിന്റെ വ്യത്യാസത്തിലാണ് റെമീസയുടെ കാര്‍ ആതിരയെ ഇടിച്ചിട്ടത്. റെമീസ്‌ക്ക് ആതിരയെ വ്യക്തമായി കാണാമായിരുന്നു എന്നും അപകടം ഒഴിവാക്കാന്‍ റെമീസ ശക്തമായി ബ്രേക്ക് ചെയ്തതിന്റെ ഒരു ലക്ഷണവും കാറില്‍ നിന്നോ റോഡില്‍ നിന്നോ അന്വേഷ്ണ സംഘത്തിന് ലഭിച്ചതുമില്ല. റെമീസ മുന്‍പ് രണ്ടു തവണ ഡ്രൈവിംഗ് കുറ്റകൃത്യം നടത്തിയതായും പോലീസ് വ്യക്തമാക്കി. ഒരിക്കല്‍ റെഡ് ലൈറ്റില്‍ നിര്‍ത്താതെ ഓടിച്ചു പോയ കുറ്റമാണ് റെമീസയെ തേടി എത്തിയത്. വിചാരണ വേളയില്‍ കോടതിക്ക് മുന്‍പാകെ രണ്ടു കത്തുകള്‍ നല്‍കിയ റെമീസ ഒന്നില്‍ ക്ഷമാപണത്തോടെ ആതിരയുടെ കുടുംബത്തിന് കൈമാറണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.
മൊബൈല്‍ ആപ്പിലെ പാട്ടു കേട്ട് ചാറ്റ് ചെയ്തു ഡ്രൈവിംഗ് നടത്തിയ റെമീസ റോഡിലേക്ക് നോക്കിയതേ ഇല്ലെന്നാണ് പ്രോസിക്യൂഷന്‍ നിഗമനം. താനറിയാതെ ആക്സിലേറ്റര്‍ അമര്‍ന്നതാണ് വേഗത വര്‍ധിക്കാന്‍ കാരണമെന്നാണ് റെമീസ പോലീസിന് നല്‍കിയ മൊഴി. താന്‍ ആക്സിലേറ്റര്‍ പെഡലില്‍ നോക്കിയ സമയം തന്നെ അപകടം ഉണ്ടായി എന്നും ഇവര്‍ പോലീസിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ തനിക്ക് ഒന്നും ചെയ്യാനാകും മുന്‍പേ അപകടം സംഭവിച്ചു എന്നായിരുന്നു റെമീസയുടെ മൊഴി. ഇടയ്ക്ക് താന്‍ സാറ്റലൈറ്റ് നാവിഗേഷനിലേക്ക് നോക്കി എന്നും റെമീസ പറയുന്നുണ്ടെങ്കിലും അതിനുള്ള തെളിവൊന്നും പൊലീസിന് കണ്ടെത്താനായില്ല.
യുകെയില്‍ എത്തി ദിവസങ്ങള്‍ക്കകമാണ് ആതിരയെ തേടി അപകടം എത്തിയത് എന്നതും ദുരന്തത്തിന്റെ ആഘാതം കുടുംബത്തിന് ഇപ്പോഴും മറക്കാനാകാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ആതിര യുകെയില്‍ എത്തി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ശേഷം ഭര്‍ത്താവും കുഞ്ഞും യുകെയില്‍ എത്താനായിരുന്നു പ്ലാന്‍ എങ്കിലും എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞ ആതിരയുടെ ജീവനറ്റ ശരീരമാണ് ആഴ്ചകളുടെ വ്യത്യാസത്തില്‍ കുടുംബത്തെ തേടി എത്തിയത്.
ഇതോടെ ജയില്‍ നിന്നും ഇറങ്ങിയാലും രണ്ടു വര്‍ഷത്തേക്ക് വീണ്ടും ഡ്രൈവ് ചെയ്യാന്‍ റെമീസയ്ക്ക് സാധിക്കില്ല. ഈ യുവതിക്ക് വീണ്ടും ഡ്രൈവ് ചെയ്യണമെങ്കില്‍ ലൈസന്‍സ് ടെസ്റ്റ് നടത്തേണ്ടി വരും. അപകടത്തിന് മുന്‍പ് ദീര്‍ഘ നേരം റെമീസ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ആണ് പോലീസ് കോടതിയില്‍ എത്തിച്ചത്. അമിത വേഗതയും മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് യുകെയില്‍ വാഹന അപകടത്തില്‍ ഇപ്പോള്‍ മുഖ്യ രണ്ടു കാരണമായി മാറുന്നതെന്ന് പോലീസ് കോടതി വിധിക്ക് ശേഷം വെളിപ്പെടുത്തി.
ആതിര കൊല്ലപ്പെട്ട അപകടത്തില്‍ ഈ രണ്ടു കാരണങ്ങളും ഒരുപോലെ സൃഷ്ടിക്കപ്പെട്ടു എന്നതും ഗൗരവതരമായി മാറുകയാണ്. മൊബൈല്‍ ഉപയോഗിച്ച് ഡ്രൈവിംഗ് നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ യുകെയില്‍ ഇത്തരം അപകടങ്ങള്‍ കാരണമായി മാറും എന്നുറപ്പാണ്. മുന്‍പില്‍ സഞ്ചരിച്ച മറ്റൊരു വാഹനത്തെ മറികടക്കാന്‍ സ്പീഡ് എടുത്ത റെമീസിന്റെ ഗോള്‍ഫ് കാര്‍ പൊടുന്നനെ നിയന്ത്രണം നഷ്ടമായി ബസ് സ്റ്റോപ്പിലേക്ക് യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞു കയറുക ആയിരുന്നു.