ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാതീരം; ഇതര സംസ്ഥാന- വിദേശ പ്രതിനിധികള്‍ കുറവ്; പമ്പയില്‍ രാത്രി തങ്ങിയ അപൂര്‍വം മുഖ്യമന്ത്രിമാരില്‍ ഒരാളായി പിണറായി വിജയന്‍; ഇന്ന് ഉദ്ഘാട ചടങ്ങിന് ശേഷം ഹെലികോപ്ടറില്‍ മടങ്ങും; 355 കോടിയുടെ നാല് പദ്ധതികള്‍ ചര്‍ച്ചയാകുമെന്ന് സര്‍ക്കാര്‍; നടക്കാരിക്കുന്നത് രാഷ്ട്രീയ സംഗമമെന്ന് നിലപാടില്‍ പ്രതിപക്ഷം
ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാതീരം
പമ്പ: തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് സര്‍ക്കാറിന്റെ മുഖം മിനുക്കല്‍ നടപടിയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. പമ്പാതീരത്ത് നടത്തുന്ന സംഗമം രാഷ്ട്രീയമാണെന്ന് കണ്ട് പ്രതിപക്ഷ ബഹിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികളും കുറവാണ്. എന്‍എസ്എസും എസ്എന്‍ഡിപിയും പങ്കെടുക്കുമെങ്കിലും ചുരുക്കത്തില്‍ രാഷ്ട്രീയ സ്വഭാവമുള്ള പരിപാടിയെന്ന പ്രചരണമാണ് നടക്കുന്നത്.
ഇതിനിടെ അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മടക്കം ഹെലികോപ്റ്ററിലാണ്. രാവിലെ 11.30-ന് നിലയ്ക്കലെ ഹെലിപാഡില്‍നിന്ന് അദ്ദേഹം അടൂരിലേക്ക് മടങ്ങും. അടൂരില്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനയോഗം അദ്ദേഹം ഉദ്ഘാടനംചെയ്യും. കെഎപിയുടെ ഹെലിപാഡിലാണ് മുഖ്യമന്ത്രി ഇറങ്ങുക.
വെള്ളിയാഴ്ച രാത്രി 8.35-നാണ് അദ്ദേഹം പമ്പയില്‍ എത്തിയത്. ദേവസ്വം ബോര്‍ഡിന്റെ പൊതുമരാമത്ത് ഓഫീസ് കോംപ്ലക്സില്‍ മുഖ്യമന്ത്രിക്കായി പ്രത്യേകമുറി ഒരുക്കിയിരുന്നു. മന്ത്രി വി.എന്‍. വാസവന്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. പമ്പയില്‍ രാത്രി തങ്ങിയ അപൂര്‍വം മുഖ്യമന്ത്രിമാരില്‍ ഒരാളായി പിണറായി വിജയന്‍ മാറി.
പ്രധാന വേദിയുടെയും പാനല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമ്മേളന ഹാളുകള്‍. ഭക്ഷണശാലകള്‍, സ്വീകരണ മുറികള്‍ എന്നിവയെല്ലാം സജ്ജമായിട്ടുണ്ട്. 25 രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള 3,500 പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടമാണു പ്രധാന വേദിയില്‍ തയാറാക്കിയിട്ടുള്ളതെന്നാണ ദേവസ്വം ബോര്‍ഡ് വാദിക്കുന്നത്. പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചത്. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്.
മീഡിയ റൂം ഉള്‍പ്പെടെ പ്രധാന വേദിയോടു ചേര്‍ന്നാണ്. തറയില്‍ നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണു പ്ലാറ്റ്ഫോം. ഹില്‍ടോപ്പില്‍ 2 പന്തലുണ്ട്. പാനല്‍ ചര്‍ച്ചയ്ക്കായി 4,500 ചരുരശ്ര അടി, ഭക്ഷണശാലയ്ക്കായി 7,000 ചതുരശ്ര അടി പന്തലുകള്‍ നിര്‍മിച്ചിട്ടുണ്ട്. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ പന്തലാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പ്രദര്‍ശന മേളയ്ക്കായി 2000 ചതുരശ്രയടി വിസ്തൃതിയില്‍ മറ്റൊരു പന്തലും ഉണ്ട്. ഇതിനു മുന്‍പില്‍ ഒരുക്കിയ പുലിവാഹനനായ അയ്യപ്പന്റെ ചിത്രം എല്ലാവരെയും ആകര്‍ഷിക്കുന്നുണ്ട്. 300 ടണ്‍ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്.
ആഗോള അയ്യപ്പ സംഗമത്തില്‍ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് 355 കോടി രൂപയുടെ 4 പദ്ധതികളെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. പവിത്രത കാത്തുസൂക്ഷിച്ച് ശബരിമലയെ സമ്പൂര്‍ണ ഹരിത തീര്‍ഥാടന കേന്ദ്രമാക്കുന്നതിനു ഭക്തരുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നിക്ഷേപ സാധ്യത കണ്ടെത്തുന്നതിനുമാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. 3 വേദികളിലായി നടക്കുന്ന പാനല്‍ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനം മാസ്റ്റര്‍ പ്ലാനാണ്.
പമ്പ ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നു ഗണപതികോവിലിലേക്കു സുരക്ഷാ പാലം (50 കോടി), സന്നിധാനത്ത് പുതിയ പ്രസാദ മണ്ഡപം , തന്ത്രി, മേല്‍ശാന്തി മഠങ്ങള്‍ ഉള്‍പ്പെടെയുള്ള തിരുമുറ്റം വികസനം, പില്‍ഗ്രിം അമിനിറ്റി സെന്റര്‍ (9.95 കോടി), നിലയ്ക്കല്‍ അടിസ്ഥാന താവളത്തില്‍ സുരക്ഷാ ഇടനാഴി, റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങള്‍, (180 കോടി), അന്നദാന മണ്ഡപം ഉള്‍പ്പെടെ സന്നിധാനത്തെ സന്നിധാനത്തെ പ്രധാന കെട്ടിടങ്ങള്‍ക്ക് അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഒരുക്കല്‍ ( 5 കോടി) എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്ന പദ്ധതികള്‍. നിര്‍മാണം തുടങ്ങുന്നതിനു വേണ്ടി വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കിയതിനാലാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
2018ലെ മഹാപ്രളയത്തില്‍ ശബരിമലയില്‍ നിറപുത്തരിക്കുള്ള നെല്‍ക്കതിരുകള്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. ഇത് പരിഗണിച്ചു വലിയ വെള്ളപ്പൊക്കം ഉണ്ടായാലും പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും തീര്‍ഥാടകര്‍ക്കു പോകുന്നതിനും തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണു പമ്പ ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നു ഗണപതികോവിലിലേക്കു സുരക്ഷാ പാലം നിര്‍മിക്കുന്നത് . 138 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലമാണ് ഉദ്ദേശിക്കുന്നത്.. ഇതിന് ഇരുവശത്തും 2 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ട്. ബെംഗളൂരു ആസ്ഥാനമായ ഫേസ്ആര്‍ക്കാണ് പദ്ധതി രേഖ തയാറാക്കിയത്.
വാസ്തു ശാസ്ത്ര പ്രകാരം സന്നിധാനത്തിലെ പുതിയ പ്രസാദ മണ്ഡപം, തിരുമുറ്റം വിസ്തൃതി കൂട്ടല്‍, തന്ത്രി, മേല്‍ശാന്തി മഠങ്ങള്‍ , ദേവസ്വം ഓഫിസ്, പില്‍ഗ്രിം അമിനിറ്റി സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന സമുച്ചയമാണ് മറ്റൊന്ന്. നിലയ്ക്കല്‍ അടിസ്ഥാന താവള വികസനത്തിനായി 180 കോടിയുടെ വലിയ പദ്ധതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, ഓഫിസ്, പില്‍ഗ്രിം സെന്ററുകള്‍ എന്നിവയെ ബന്ധിപ്പിച്ച് 9 കിലോമീറ്റര്‍ പുതിയ റോഡ്, സുരക്ഷാ ഇടനാഴി, ഉയരം കുറഞ്ഞ സ്ഥലങ്ങളില്‍ പാലം തുടങ്ങിയവയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.സുപ്രീംകോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ സഹായത്തോടെ 2006ല്‍ ആണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.
2007ല്‍ സംസ്ഥാന സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു. മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ 2009ല്‍ ഹൈക്കോടതി ഉന്നതാധികാര സമിതി രൂപീകരിച്ചു. എന്നാല്‍ ഇക്കോ സ്മാര്‍ട് തയാറാക്കിയ പ്ലാനില്‍ നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നതിനാല്‍ മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി പൂര്‍ണമായും അംഗീകരിച്ചില്ല. തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് തയാറാക്കിയ പദ്ധതിയാണ് അംഗീകരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിനു ശേഷം മുന്‍ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയില്‍ മോഡറേറ്റര്‍. ഉന്നതാധികാര സമിതി അംഗങ്ങള്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ക്ക് നിര്‍ദേശങ്ങള്‍ എഴുതി നല്‍കാം.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അശ്വിനി വൈഷ്ണവ്, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരെ ക്ഷണിച്ചെങ്കിലും മറുപടി കിട്ടിയില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ആന്റോ ആന്റണി എംപിയും പ്രതികരിച്ചില്ല. ശബരിമല വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതായി തോന്നിയിട്ടില്ലെന്നും വാസവന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ എന്നിവയുടെ കാര്യത്തില്‍ കേന്ദ്രം സഹായിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.