യുകെ കെയര്‍ വിസ തേടിയവരുടെ സങ്കടമേറ്റെടുത്തു കേരളത്തിലെത്തി ബിബിസി; ബെഡ്‌ഫോര്‍ഡിലെ അള്‍ഷിത കെയര്‍ ഹോമിന്റെ ചതിയെക്കുറിച്ചു വെളിപ്പെടുത്തല്‍; അരുണ്‍ ജോര്‍ജിനും ശ്രീദേവിക്കും ശില്‍പയ്ക്കും ഒക്കെ കണ്ണീരിനു പരിഹാരം കിട്ടുമോ എന്ന ചോദ്യം ബാക്കി; ബ്രിട്ടന്‍ നല്‍കിയ അവസരം അത്യാര്‍ത്തിയില്‍ യുകെ മലയാളിയായ കോതമംഗലത്തെ ഹെന്ററി പൗലോസിനെ പോലുള്ളവര്‍ ഇല്ലാതാക്കിയെന്ന് ബിബിസി

യുകെ കെയര്‍ വിസ തേടിയവരുടെ സങ്കടമേറ്റെടുത്തു കേരളത്തിലെത്തി ബിബിസി

Update: 2025-03-20 05:26 GMT

ലണ്ടന്‍: കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ യുകെയില്‍ എത്തിയ ഒന്നര ലക്ഷത്തോളം കെയര്‍ വിസക്കാരില്‍ നല്ല പങ്കും കേരളത്തില്‍ നിന്നാണ് എന്ന് ഹോം ഓഫീസിനു വ്യക്തമായതോടെ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ നിന്നും ''ചോര്‍ന്നു ലഭിക്കുന്ന'' വിവരത്തിന്റെ ഭാഗമായാണ് ബിബിസി ടീം കേരളത്തില്‍ എത്തിയത്. യുകെയില്‍ കെയര്‍ വിസയില്‍ എത്താനായി 15 ലക്ഷം രൂപയിലേറെ നല്‍കി കാത്തിരിക്കുന്ന അനേകം ഹതഭാഗ്യരെ ബിബിസി വെളിച്ചത്തു കൊണ്ടുവരുമ്പോള്‍ മലയാളികള്‍ക്ക് യുകെയിലേക്കുള്ള തൊഴില്‍ വിസകളില്‍ കടുത്ത നിയന്ത്രണത്തിന് ഉള്ള സാധ്യതയാണ് കാത്തിരിക്കുന്നത്.

കെയര്‍ വിസകള്‍ ദുരുപയോഗം ചെയ്യപ്പെട്ടെന്നു സ്ഥാനമൊഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ തുറന്നു സമ്മതിച്ചതിനു പിന്നാലെ പണം നല്‍കി യുകെ വിസ സ്വന്തമാക്കിയതിന്റെ ഉല്‍ഭവ കേന്ദ്രം കേരളമായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഒട്ടും ചെറുതല്ലാത്ത പ്രത്യാഘാതമാണ് ഭാവിയില്‍ സൃഷ്ടിക്കുക. ഇത് സംഭവിക്കാതിരിക്കാന്‍ കേരളത്തില്‍ വിസ കച്ചവട ലോബിയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ബ്രിട്ടീഷ് മലയാളി നാലു വര്‍ഷമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം പല കേന്ദ്രങ്ങള്‍ വഴി പരാതികളായി കേരള സര്‍ക്കാരില്‍ എത്തിയപ്പോഴും ഇത് കേന്ദ്ര സര്‍ക്കാരിന്റെ വിഷയമാണ് എന്ന മട്ടില്‍ കൈകഴുകിയ നിലപാടാണ് സ്വീകരിക്കപ്പെട്ടത്. ഇപ്പോള്‍ ഈ ഭരണപരമായ ഉദാസീനതയ്ക്ക് ചെറുപ്പക്കാരുടെ ഭാവി തലമുറ വലിയ വില നല്‍കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ ബിബിസി ഇന്ത്യ പുറത്തു വിട്ട നിര്‍ണായക റിപ്പോര്‍ട്ട്.

കേരളത്തിന് അറിയില്ലെങ്കിലും ബിബിസിക്ക് അറിയാം, പേരും മുഖവും വെളിപ്പെടുത്താന്‍ ഭയമില്ലാതെ ആലപ്പുഴക്കാരി ശില്‍പ

വ്യാജ വിസ കച്ചവടക്കാരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കേരള സര്‍ക്കാരിന് വ്യക്തമായ ഉത്തരം ഇല്ലെങ്കിലും കോതമംഗലം ടൗണില്‍ എത്തിയ ബിബിസി ടീമിന് മുന്നില്‍ കണ്ണീരോടെ എത്തിയത് 30 വിസ അപേക്ഷകരാണ്. ഹെന്റി പൗലോസ് എന്ന കുപ്രസിദ്ധ വിസ കച്ചവടക്കാരനെ കുറിച്ചുമാണ് ബിബിസിയോട് ഇവര്‍ പരാതി പറഞ്ഞിരിക്കുന്നത്. യുകെയിലും കേരളത്തിലും ഓഫിസുള്ള ഹെന്റി പൗലോസ് ആരംഭിച്ച ഗ്രേസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് ഇപ്പോള്‍ ആരോപണം നേരിടുന്നത്.

വ്യാജ ജോലി വാഗ്ദാനവും വ്യാജ സ്പോണ്‍സര്‍ഷിപ്പ് ലെറ്ററുകളും ആയിരുന്നു ഗ്രേസ് ഇന്റര്‍നാഷണല്‍ യുകെ ജോലിയുടെ പേരില്‍ നല്‍കിയിരുന്നത് എന്നും ബിബിസി കണ്ടെത്തുന്നു. ആലപ്പുഴക്കാരി ശില്‍പ 13 ശതമാനം പലിശക്ക് എടുത്ത പണമാണ് ഹെന്റി പൗലോസിനെ ഏല്‍പ്പിച്ചത്. മൂന്നു പെണ്മക്കള്‍ ഉള്ള തനിക്ക് അവര്‍ക്കായി ഒരു മികച്ച ഭാവി ഉണ്ടാകണം എന്ന ആഗ്രഹമാണ് ഒടുവില്‍ ഈ ചതിയനിലേക്ക് എത്തിച്ചത് എന്നും പേരും മുഖവും വെളിപ്പെടുത്താന്‍ ഭയമില്ലാത്ത ശില്‍പ പറയുന്നു.

ഇന്നത്തെ വാര്‍ത്തയില്‍ ബ്രിട്ടീഷ് മലയാളി നല്‍കിയിരിക്കുന്ന കവര്‍ ചിത്രവും ശില്‍പയുടേതാണ്. ഇസ്രായേലില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് തന്റെ ഭാര്യ യുകെയിലേക്ക് എത്താനായി ഹെന്റി പൗലോസിന് പണം നല്‍കിയതെന്ന് ബിനു എന്ന ചെറുപ്പക്കാരനും പറയുന്നത്. എന്നാല്‍ ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഹെന്റി പൗലോസും തയ്യാറായില്ല എന്നും ബിബിസി കൂട്ടിച്ചേര്‍ക്കുന്നു. കോതമംഗലം പോലീസ് ഇയാളുടെ ടൗണിലെ ഓഫിസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. ഇയാള്‍ യുകെയിലേക്ക് കടന്നു എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇന്റര്‍പോള്‍ സഹായത്തോടെ ഇയാളെ കണ്ടെത്തി കേരളത്തില്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നാണ് കേരളത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

അരുണ്‍ ജോര്‍ജിന്റെ നഷ്ടം 15 ലക്ഷവും യുകെ മോഹവും, തിരിച്ചറിവുമായി തിരികെ നാട്ടിലേക്ക്

മൂന്നു വര്‍ഷം മുന്‍പ് കൈയില്‍ പണം ഉണ്ടെങ്കില്‍ ആര്‍ക്കും യുകെ വിസ സ്വന്തമാക്കാം എന്ന സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് കേരളമെങ്ങും ഉള്ള ആയിരക്കണക്കിന് യുകെ വിസ കച്ചവടക്കാര്‍ക്ക് ചോദിക്കുന്ന പണം നല്‍കാന്‍ തയ്യാറായത്. കേരളത്തില്‍ ഒരു ജോലിക്ക് 25 ലക്ഷം എന്ന ഏറ്റവും മിതമായ കൈക്കൂലി ആകുമ്പോള്‍ ആ പണം മുടക്കിയാല്‍ യുകെ പോലെ ഒരു രാജ്യത്ത് എത്താനാകുന്നത് മോശം ആണോ എന്ന ചോദ്യമാണ് വിസ കച്ചവടക്കാര്‍ സാധാരണക്കാരുടെ വിസ മോഹങ്ങള്‍ക്ക് മേലെ വളരെ നിഷ്‌കളങ്കതയോടെ ചോദിച്ചു കൊണ്ടിരുന്നത്.

കേട്ടപ്പോള്‍ ആ ചോദ്യത്തില്‍ കഴമ്പ് ഉണ്ടല്ലോ എന്ന് തോന്നിവര്‍ മുന്‍പിന്‍ നോകാതെയുമാണ് യുകെ വിസക്ക് പണം വാരിവലിച്ചു എറിഞ്ഞത്. തെക്കു വടക്ക് നടന്നവരൊക്കെ യുകെയിലേക്ക് വിമാനം കേറിത്തുടങ്ങിയപ്പോള്‍ ഇനിയും കാത്തിരിക്കുന്നത് എന്തിനു എന്ന ചോദ്യമാണ് സാധാരണ മലയാളികള്‍ക്ക് ഉണ്ടായി തുടങ്ങിയത്. ഇങ്ങനെയാണ് അരുണ്‍ ജോര്‍ജ് - യഥാര്‍ത്ഥ പേരല്ല - എന്ന ചെറുപ്പക്കാരന്‍ പത്തു വര്‍ഷത്തെ അധ്വാന ഫലമായ 15 ലക്ഷം രൂപ ബെഡ്‌ഫോര്‍ഡിലെ അള്‍ച്ചിത എന്ന ഡോം കെയര്‍ സ്ഥാപനത്തിന് നല്‍കാന്‍ തയ്യാറായത്.

യുകെ വിസയ്ക്ക് കേരളത്തില്‍ പണം നല്‍കുന്ന ആര്‍ക്കും കെയര്‍ വിസയില്‍ എത്തിയാല്‍ കിട്ടുന്ന ജോലിയെക്കുറിച്ചോ ഏറ്റവും താഴ്ന്ന ശമ്പളത്തില്‍ എങ്ങനെ ഏറ്റവും ചിലവേറിയ ഒരു രാജ്യത്തു ജീവിക്കും എന്നതോ ഒന്നും പ്രശ്‌നം അല്ലാത്തതിനാല്‍ അരുണ്‍ ജോര്‍ജും അങ്ങനെയൊക്കെ തന്നെയാണ് ചിന്തിച്ചത്. വിസയ്ക്കായി സമ്പാദ്യം മുഴുവന്‍ വാരി എറിയുമ്പോള്‍ എങ്ങനെയും യുകെയില്‍ എത്തുക എന്നത് മാത്രമായിരുന്നു ചിന്ത. മാത്രമല്ല തങ്ങളുടെ കുട്ടിക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ ആവശ്യമാണ് എന്നതിനാല്‍ ഇത്തരത്തില്‍ അനേകമാളുകള്‍ യുകെയിലെ സൗജന്യ ചികിത്സയുടെ ആകര്‍ഷണത്തില്‍ യുകെ വിസ സ്വന്തമാക്കിയതും അരുണിന്റേയും ഭാര്യയുടെയും യുകെ ജോലിക്കായുള്ള ശ്രമങ്ങളില്‍ പ്രധാനവും ആയിരുന്നു. എന്നാല്‍ ബെഡ്‌ഫോര്‍ഡില്‍ എത്തിയ ഇവര്‍ക്ക് ജോലിയും ശമ്പളവും ഇല്ലാത്ത സാഹചര്യമാണ് കാത്തിരുന്നിരുന്നത്.

അരുണിന്റേത് ഒരു ഒറ്റപ്പെട്ട സംഭവം അല്ലാത്തതിനാല്‍ പ്രാദേശികമായി മലയാളി സമൂഹവും കൈമലര്‍ത്തി. ജോലിയില്ലാതെ എങ്ങനെ യുകെയില്‍ ജീവിക്കും എന്ന സാഹചര്യത്തില്‍ ഒടുവില്‍ അരുണും ഭാര്യയും നാട്ടിലേക്ക് മടങ്ങുക ആയിരുന്നു. ചതിക്കപ്പെട്ടുവെന്ന കാര്യം ഇനി സമൂഹത്തില്‍ അറിഞ്ഞിട്ട് എന്ത് കാര്യം എന്നതിനാലാണ് അരുണ്‍ യഥാര്‍ത്ഥ പേരും വിവരങ്ങളും വെളിപ്പെടുത്താന്‍ തയ്യാറാകാത്തത്. തങ്ങളുടെ നഷ്ടവും യുകെ മോഹവും ആര്‍ക്കും തിരികെ നല്‍കാനാകില്ല എന്ന തിരിച്ചറിവ് കൂടിയാണ് യുകെയില്‍ നിന്നും അരുണിനും ഭാര്യയ്ക്കും ലഭിച്ചത്. തന്നെപ്പോലെ ഉള്ള ആയിരങ്ങള്‍ നഷ്ടമായ പണവും നീതിയും തിരികെ കിട്ടും എന്ന പ്രതീക്ഷ ഇല്ലാത്തതിനാല്‍ ഏറ്റവും ചുരുങ്ങിയത് പത്തു വര്‍ഷം എങ്കിലും കഠിനാധ്വാനം ചെയ്തു നഷ്ടമായതൊക്കെ തിരികെ പിടിക്കാം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് എന്നും സമാധാനിക്കുകയാണ്.

ഇങ്ങനെ എത്തിയ അനേകായിരം മലയാളികളുടെ കഥകള്‍ യുകെ മലയാളികള്‍ക്കു നേരിട്ട് അറിയാവുന്നതിനാല്‍ കെയര്‍ വിസക്കാരുടെ പ്രശ്‌നങ്ങളില്‍ ആരും ഇടപെടാന്‍ പോലും തയ്യാറല്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ യുകെയില്‍ കാണാനാകുന്നതും. അരുണിന്റെ അവസ്ഥയെക്കുറിച്ചു ജോലിക്ക് എത്തിച്ച ബെഡ്‌ഫോര്‍ഡിലെ അള്‍ഷിത കെയര്‍ ഹോമുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. നിരവധി പരാതികള്‍ ഇവരെക്കുറിച്ചു ലഭിച്ചതോടെ ഈ സ്ഥാപനത്തിന്റെ സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് കഴിഞ്ഞ വര്‍ഷം റദ്ദാക്കുക ആയിരുന്നു ഹോം ഓഫീസ്. ഈ സ്ഥാപനത്തില്‍ ഇപ്പോഴും ജോലി ചെയ്യുന്ന മലയാളികള്‍ക്ക് നിലവിലെ വിസ അവസാനിക്കുമ്പോള്‍ ഇക്കാരണത്താല്‍ തന്നെ വിസ പുതുക്കി ലഭിക്കുകയുമില്ല എന്നതാണ് അവസ്ഥ. അതിനാല്‍ വീണ്ടും ഇടനിലക്കാര്‍ക്ക് പണം നല്‍കി മറ്റെവിടെയെങ്കിലും ജോലി കണ്ടെത്തേണ്ട ഗതികേടാണ് കാത്തിരിക്കുന്നത്.

ഈ സ്ഥാപനത്തിന് പണം നല്‍കി എത്തിയ ചുരുങ്ങിയത് മൂന്നു പേരെങ്കിലും ഉണ്ടെന്നും ബിബിസി പറയുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് നഷ്ടമായ കഥയൊന്നും അവര്‍ക്ക് അറിയുകയുമില്ല. ശ്രീദേവി - യഥാര്‍ത്ഥ പേരല്ല - എന്ന യുവതിക്ക് ആകെ യുകെയില്‍ എത്താന്‍ ചെലവായത് 18 ലക്ഷം രൂപയാണ്. അള്‍ഷിതയില്‍ എത്തിയ ഇവര്‍ക്ക് നാട്ടില്‍ കടം വാങ്ങിയവരോട് പറയാന്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇപ്പോഴും യുകെയില്‍ തന്നെ കഴിയുകയാണ്. കോവിഡ് കാലത്തു ഉണ്ടായ ജീവനക്കാരുടെ ദൗര്‍ലഭ്യം മാറ്റാന്‍ കെയര്‍ ജോലികള്‍ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ നടത്തിയ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടിയാണ് ഇത്തരം ഹതഭാഗ്യര്‍ ഉണ്ടാകാന്‍ കാരണമെന്നും ബിബിസി തുറന്നു പറയുന്നു. താന്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഏറ്റവും ചുരുങ്ങിയത് പത്തു പേര്‍ക്ക് വേണ്ടിയെങ്കിലും നിയമ പോരാട്ടത്തിന് തയ്യാറായ കാര്യം കേംബ്രിഡ്ജ് മേയര്‍ ആയ ബൈജു തിട്ടാല പറയുന്നതും ബിബിസി വാര്‍ത്തയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ പണം നല്‍കി വഞ്ചിതരായ ആയിരത്തിലേറെ ആളുകള്‍ ഇപ്പോള്‍ യുകെയില്‍ ഉണ്ടാകാം എന്നാണ് ബൈജു തിട്ടാല പറയുന്നത്.

യുകെ വിസ കിട്ടാക്കനിയാകും, പണം നല്‍കി യുകെ വിസ വില്‍പന നടന്നത് കേരളത്തില്‍ ആണെന്നത് ഗുരുതര പ്രത്യഘാതം സൃഷ്ടിക്കും

കഴിഞ്ഞ വര്‍ഷം ന്യുകാസിലില്‍ നൂറിലേറെ മലയാളികള്‍ ജോലി ചെയ്തിരുന്ന അഡിസണ്‍ കോര്‍ട്ട് കെയര്‍ ഹോമില്‍ പണം നല്‍കിയാണ് വിസ സ്വന്തമാക്കിയത് എന്ന പനോരമ വെളിപ്പെടുത്തല്‍ നടത്തിയ ബിബിസി ഇപ്പോള്‍ കേരളത്തില്‍ നേരിട്ടെത്തി യുകെ വിസയ്ക്ക് പണം നല്‍കിയവരുടെ വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ബെഡ്‌ഫോര്‍ഡിലെ അള്‍ഷിത എന്ന ഡോം കെയര്‍ സ്ഥാപനത്തിന് ആണ് വിസയ്ക്ക് വേണ്ടി പണം നല്‍കിയത് എന്ന് തെളിവുകളോടെ വിസയ്ക്ക് ശ്രമിച്ചവര്‍ പറയുമ്പോള്‍ കെയര്‍ വിസ ദുരുപയോഗത്തിന്റെ വികൃത മുഖം മറനീക്കി പുറത്തു വരികയാണ്.

കെയര്‍ വിസയില്‍ എത്തിയവരുടെ വിസ പുതുക്കല്‍ വേണ്ടി വരുമ്പോള്‍ പണം നല്‍കിയാണോ യുകെ വിസ സ്വന്തമാക്കിയത് എന്നതുള്‍പ്പെടെയുള്ള അന്വേഷണം ഹോം ഓഫീസ് ആരംഭിക്കാന്‍ സാധ്യതയുണ്ട് എന്ന സൂചനയും ഇപോള്‍ ഹോം ഓഫീസ് ജീവനക്കാര്‍ക്കിടയില്‍ നിന്നും ചോര്‍ന്നു കിട്ടുന്ന വിവരങ്ങളാണ്. ഇപ്പോള്‍ ബിബിസി പുറത്തു വിട്ട മലയാളികള്‍ പണം നല്‍കിയാണ് യുകെ വിസ സ്വന്തമാക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിലേക്ക് ഔദ്യോഗികമായി എത്തുന്നതോടെ ശക്തമായ കൂടുതല്‍ വിസ നിയന്ത്രണ നടപടികള്‍ ഏതു മേഖലയില്‍ യുകെയില്‍ ജോലിക്കു ശ്രമിക്കുന്നവരെയും തേടിയെത്തും എന്നതാണ് അനന്തര ഫലമായി മാറുന്നത്. ചുരുക്കത്തില്‍ യുകെ വിസ എന്നത് ഒരു കിട്ടാക്കനി ആകുന്ന സാഹചര്യത്തിലേക്കുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ തയ്യാറാകുന്നതും.

Tags:    

Similar News