സിനിമാ ട്രെയിലറിനെ വെല്ലുന്ന വീഡിയോ; ആഡംബരത്തിന്റെ അവസാനവാക്കായ ബെന്റ്‌ലി ബെന്റയ്ഗ സ്വന്തമാക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി പോളണ്ട് മൂസയും മക്കളും; കാര്‍ സ്വന്തമാക്കിയത് പത്ത് കോടിയിലേറെ രൂപ ചിലവിട്ട്: വൈറലായി വീഡിയോ
ബെന്റ്‌ലി ബെന്റയ്ഗ സ്വന്തമാക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി പോളണ്ട് മൂസയും മക്കളും
ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാര്‍ ബ്രാന്‍ഡാണ് ബെന്റ്ലി. കോടികള്‍ ചിലവിട്ടാല്‍ മാത്രമാണ് ഈ കാര്‍ സ്വന്തമാക്കാനാവുക. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് ഈ കാര്‍ ഉള്ളത്. ഇ്‌പ്പോഴിതാ ഒരു മലയാളിയും ഈ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. മലപ്പുറത്തെ പ്രമുഖ വ്യവസായിയായ പോളണ്ട് മൂസയാണ ബെന്റയ്ഗയെ സ്വന്തം നാട്ടില്‍ എത്തിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബെന്റ്ലിയുടെ ആഡംബര എസ് യു വിയായ ബെന്റയ്ഗയുടെ സിഗ്‌നേച്ചര്‍ എഡിഷന്‍ കാറാണ് പോളണ്ട് മൂസ സ്വന്തമാക്കിയത്.
കാര്‍ മാത്രമല്ല കാര്‍ ഏറ്റുവാങ്ങാനെത്തിയ പോളണ്ട് മൂസയുടേയും മക്കളുടേയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മലപ്പുറം വളാഞ്ചേരി എടയൂരിലെ ഗ്രൗണ്ടിലേക്ക് ഹെലികോപ്റ്ററില്‍ മരണമാസായാണ് പോളണ്ട് മൂസയും മക്കളും എത്തിയത്. ഇതിന്റെ കിടിലന്‍ വീഡിയോ അദ്ദേഹം തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒരു സിനിമാ ട്രെയിലറിനെ വെല്ലുന്ന വീഡിയോ ആണ് ഇത്. ഒട്ടേറെ പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കും ഷെയറും ചെയ്തത്. ബെന്റ്‌ലി സ്വന്തമാക്കിയ മൂസയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.
ബെന്റ്ലി ബെന്റയ്ഗയുടെ റോസ് ഗോള്‍ഡ് നിറമുള്ള സിഗ്‌നേച്ചര്‍ എഡിഷനാണ് മൂസ സ്വന്തമാക്കിയത്. ബെന്റ്ലിയുടെ ഇന്ത്യന്‍ പ്രതിനിധിയാണ് മൂസയ്ക്ക് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ 'പോളണ്ട് മൂസയ്ക്ക് അഭിനന്ദനങ്ങള്‍' എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ടായിരുന്നു. പത്ത് കോടിയിലേറെ രൂപയാണ് കാറിനായി ചെലവായതെന്നാണ് റിപ്പോര്‍ട്ട്.
'വാഹനങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരു 'ബീസ്റ്റ്' കൂടിയെത്തുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ ബെന്റ്ലി ബെന്റയ്ഗ സിഗ്‌നേച്ചര്‍ എഡിഷന്‍ ഔദ്യോഗികമായി ഞങ്ങളുടെ ജന്മനാടായ വളാഞ്ചേരി എടയൂരില്‍ നിലംതൊട്ടു. ഇത് എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം ആഡംബരം, കരുത്ത്, സാന്നിധ്യം എന്നിവ പ്രകടമാക്കുന്നു.' -ഇതാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പോളണ്ട് മൂസ കുറിച്ചത്.
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയറുള്ള ഫോര്‍ വീല്‍ ഡ്രൈവ് എസ് യു വിയാണ് ബെന്റ്ലി ബെന്റയ്ഗ. നാലര സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ കാറിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രീമിയം മെറ്റീരിയലുകളാണ്.