പണവും സമയവും മുടക്കുന്ന അനാവശ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ജയിക്കില്ലെങ്കിലും മത്സരിക്കണമെന്ന് മുതര്‍ന്ന നേതാക്കളും ഘടക കക്ഷികളും; എന്നാല്‍ വോട്ട് കൂടുതല്‍ നേടിയ ബിഡിജെഎസ് മത്സരിക്കട്ടെയെന്ന് ബിജെപി; നിലമ്പൂരില്‍ എന്‍ഡിഎ ആശയക്കുഴപ്പത്തില്‍

നിലമ്പൂരില്‍ എന്‍ഡിഎ ആശയക്കുഴപ്പത്തില്‍

Update: 2025-05-27 08:17 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മത്സരിക്കുന്നതില്‍ ആശയക്കുഴപ്പം. ബിജെപി മത്സരിക്കേണ്ടതില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടരണമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. എന്നാല്‍ ജയിക്കില്ലെങ്കിലും മത്സരിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഇതേ അഭിപ്രായമാണ് എന്‍ഡിഎ ഘടകകക്ഷികള്‍ക്കും ഉള്ളത്. അതേ സമയം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ ബിഡിജെഎസ് മത്സരിക്കട്ടെയെന്ന വാദമാണ് ബിജെപി ഉന്നയിക്കുന്നത്. ബിഡിജെഎസ് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ജില്ലാനേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സൂചന നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പണവും സമയവും മുടക്കുന്ന അനാവശ്യ തെരഞ്ഞെടുപ്പാണിതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. ബിജെപി ലക്ഷ്യം വെക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. അതേ സമയം തോറ്റുപോയാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടിലാണ് ബിജെപിയിലെ പ്രധാന നേതാക്കളടക്കം നില്‍ക്കുന്നത്. മത്സര രംഗത്ത് സ്ഥാനാര്‍ഥി ഉണ്ടായിരിക്കണമെന്ന ആഗ്രഹം തന്നെയാണ് എന്‍ഡിഎ ഘടകകള്‍കള്‍ക്കും ഉള്ളത്.

ഏഴ്, എട്ട് മാസം ഭരണകാലത്തേക്കായുള്ള ഒരു തെരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പക്ഷം. ന്യൂനപക്ഷം കൂടുതലുള്ള പ്രദേശമാണ് നിലമ്പൂര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും അവിടെ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിഡിജെഎസ് പോലുള്ള സഖ്യകക്ഷികളുടെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത് പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള ജനതയ്ക്കു മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നായിരുന്നു കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിയ ആരോപണം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് എത്തുകയാണെന്നും അതിനാല്‍ ആരെങ്കിലും ജയിച്ചാലും കേരളത്തിന് ഒരു മാറ്റവും സൃഷ്ടിക്കാന്‍ കഴിയില്ലെന്നും ബിജെപി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും വേണ്ടെന്ന അഭിപ്രായമാണ് ആദ്യമുണ്ടായിരുന്നതെങ്കിലും മാറി നിന്നാല്‍ വോട്ടു മറിച്ചെന്ന ആരോപണമുണ്ടാകുമെന്ന വാദത്തെത്തുടര്‍ന്നാണു നിലപാട് മാറ്റം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സരിച്ച ബിജെപിക്ക് 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി നേടിയ വോട്ട് ലഭിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ബിഡിജെഎസ് ആകട്ടെ എന്ന വാദം ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത്.

ബിഡിജെഎസ് ഇന്ന് അവരുടെ തീരുമാനം ബിജെപിയെ അറിയിക്കും. നിലമ്പൂരിന്റെ കാര്യത്തില്‍ എന്‍ഡിഎ ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ നേതാക്കന്മാരുടെയും അഭിപ്രായം പരിഗണിക്കും. പാര്‍ട്ടി സ്ഥാനാര്‍ഥി, എന്‍ഡിഎ സ്ഥാനാര്‍ഥി, സ്വതന്ത്ര സ്ഥാനാര്‍ഥി തുടങ്ങി പല മാര്‍ഗങ്ങളും മുന്നിലുണ്ട്. മത്സരിക്കാന്‍ വേണ്ടിയല്ല ജയിക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ എന്‍ഡിഎ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ആദ്യം ബിഡിജെഎസ് ചര്‍ച്ച ചെയ്യും. അതിനുശേഷമേ തീരുമാനമുണ്ടാകൂയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Similar News