നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്ന ആത്മവിശ്വാസത്തില്‍ കഴിഞ്ഞ ബോച്ചെ; കൃത്യമായി കരുക്കള്‍ നീക്കിയ പുട്ട വിമലാദിത്യ-അശ്വതി കോമ്പോ; വയനാട് എസ് പിയെ മാത്രം അറിയിച്ച് മേപ്പാടിയിലേക്ക് കൊച്ചിയില്‍ നിന്നും സംഘം പാഞ്ഞെത്തി; പൊളിച്ചത് ഒളിവില്‍ പോകാനുള്ള ബോച്ചെയുടെ നീക്കം; ബോബി ചെമ്മണ്ണൂര്‍ ഫാന്‍സിനെ ഞെട്ടിച്ച് കസ്റ്റഡി
കല്‍പ്പറ്റ: നടി ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി ബോബി ചെമ്മണൂര്‍ കസ്റ്റഡില്‍. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകാനായിരുന്നു നീക്കം. മുന്‍ കൂര്‍ജാമ്യ ഹര്‍ജി നല്‍കാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിനെതിരെ അതിവേഗ നടപടി സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. ഇത് മനസ്സിലാക്കി കൊച്ചി കമ്മീഷണര്‍ പുട്ട വിമലാദിത്യ അതിവേഗ നിര്‍ദ്ദേശം നല്‍കി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് വയനാട്ടിലേക്ക് പോലീസിനെ അശ്വതി നിയോഗിച്ചത്. വയനാട് എസ് പിയെ കാര്യം അറിയിച്ചു. മറ്റാരോടും പറഞ്ഞതുമില്ല. അത്ര കരുതലെടുത്താണ് കേരളത്തിലെ പ്രധാന സ്വര്‍ണ്ണ കട മുതലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എതിര്‍പ്പിനൊന്നും ബോബി ചെമ്മണ്ണൂര്‍ മുതിര്‍ന്നില്ല. ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടു വരും. പത്ത് മണി കഴിഞ്ഞതോടെയാണ് കൊച്ചിയില്‍ നിന്നുള്ള സംഘം കസ്റ്റഡിയില്‍ എടുത്തത്. തൊള്ളായിരം കണ്ടിയിലെ ആയിരം ഏക്കര്‍ എസ്‌റ്റേറ്റിലായിരുന്നു പോലീസിന്റെ നാടകീയ നീക്കം.
പരാതി നല്‍കിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോര്‍ട്ടിലേക്ക് ഇയാള്‍ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് വയനാട് എസ്പി പ്രതികരിച്ചു. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കൊച്ചി പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചിരുന്നു. അപ്പോഴൊന്നും ബോബിയെ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പോലീസ് നല്‍കിയിരുന്നില്ല. അതീവ രഹസ്യമായാണ് നീക്കമെല്ലാം നടത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ ഫാന്‍സ് അടക്കം കസ്റ്റഡി എടുക്കലില്‍ ഞെട്ടി. കോടതിയില്‍ നിന്നും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഫാന്‍സുകാര്‍.
'ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു' എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്. ശക്തമായ നിലപാടുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി എടുത്തത്. സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബര്‍ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമന്റിട്ടവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യം നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. പിന്നീടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നേരിട്ടെത്തി താരം പരാതി നല്‍കുകയും ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തത്.
മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ വിശദീകരിച്ചിരുന്നു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്. ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഈ വിശദീകരണം തള്ളിക്കൊണ്ടാണിപ്പോള്‍ പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ശക്തമായ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെയിലും ബോബി ചെമ്മണ്ണൂരിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ജാമ്യമില്ലാ വകുപ്പാണെങ്കിലും ബോബിയ്ക്ക് ജാമ്യം കിട്ടാന്‍ ഇടയുണ്ട്. പ്രോസിക്യൂഷനില്‍ നിന്നും എതിര്‍പ്പൊഴിവാക്കി ബോബിയെ ജയില്‍ വാസത്തില്‍ നിന്നും രക്ഷിക്കാനാണ് നീക്കം. ഇതില്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിനെ ഇന്നു തന്നെ കൊച്ചിയില്‍ എത്തിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ ഇവരുടെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാണ് വിവരം. ഹണി റോസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നും പിന്നീട് ബോബി ചെമ്മണ്ണൂരിനെ വിശദമായി ചോദ്യം ചെയ്യും. ഈ കേസില്‍ ഇളവുകളൊന്നും നല്‍കേണ്ടതില്ല എന്ന തീരുമാനം പൊലീസ് സ്വീകരിച്ചിട്ടുണ്ട്. കാരണം ഹണി റോസ് ആദ്യം നല്‍കിയ പരാതി സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യപ്രയോഗങ്ങളും അപകീര്‍ത്തി പരാമര്‍ശങ്ങളും നടത്തിയവര്‍ക്കെതിരെ ആയിരുന്നു. ഇതില്‍ ഉടന്‍ തന്നെ 30 പേര്‍ക്കെതിരെ കേസെടുക്കുകയും കുമ്പളം സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനേക്കാള്‍ ഗൗരവമായ പരാതിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയിരുന്നത് എന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനു മേലും സമ്മര്‍ദ്ദമുണ്ടായിരുന്നു.
ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.