പോലീസ് ജീപ്പില്‍ കൊച്ചിയിലേക്ക് യാത്ര; മാധ്യമപ്രവര്‍ത്തകരോടും വഴിയില്‍ കൂടി നിന്നവരോടും ടാറ്റ പറഞ്ഞും കൈവീശി കാണിച്ചും ബോച്ചെ; മുന്‍കൂര്‍ ജാമ്യനീക്കവും പാളിയതോടെ കസ്റ്റഡി; സോഷ്യല്‍ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനുള്ള നീക്കവും പാളി; കോയമ്പത്തൂരിലെ ജുവല്ലറിയുടെ ഉദ്ഘാടനം ബോബിയുടെ അസാന്നിധ്യത്തിലും നിര്‍വഹിച്ചു നടി ഹന്‍സിക
മാധ്യമപ്രവര്‍ത്തകരോടും വഴിയില്‍ കൂടി നിന്നവരോടും ടാറ്റ പറഞ്ഞും കൈവീശി കാണിച്ചും ബോച്ചെ;
കൊച്ചി: ആഡംബര കാറില്‍ വയനാട്ടിലെ തന്റെ റിസോര്‍ട്ടിലെത്തിയ ബോച്ചെയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയത് പോലീസ് ജീപ്പിലാണ്. ഹണി റോസിന്റെ പരാതിയില്‍ കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബിക്ക് മേല്‍ പിടിവീണത്. പോലീസ് കസ്റ്റഡിയിലും കൂളായാണ് ബോബിയുടെ കൊച്ചി യാത്രയും. കേസും കസ്റ്റഡിയും ഒട്ടും തനിക്ക് പ്രശ്‌നമല്ലെന്ന മട്ടില്‍ മാദ്ധ്യമപ്രവര്‍ത്തകരോടും വഴിവക്കില്‍ കൂടിനിന്നവരോടും ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചും ടാറ്റ പറഞ്ഞുമായിരുന്നു ബോച്ച ജീപ്പിലിരുന്നത്. തന്റെ പതിവു വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ബോബി.
ഇന്നുരാവിലെയാണ് വയനാട് മേപ്പാടിക്കടുത്തുള്ള തൊള്ളായിരം കണ്ടിയിലെ റിസോര്‍ട്ടില്‍ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ റിസോര്‍ട്ടില്‍ ന്യൂ ഇയര്‍ പാര്‍ട്ടി നടത്തുന്നത് ഹൈക്കോടതി വിലക്കിയതിനെത്തുടര്‍ന്ന് അവിടെ നിന്ന് പോയ ബോച്ചെ ഒളിവില്‍ പോകാനും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനും വേണ്ടിയാണ് വീണ്ടും റിസോര്‍ട്ടിലേക്ക് വന്നതെന്നാണ് പൊലീസ് കരുതുന്നത്. നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടായിരുന്നു കസ്റ്റഡി.
പിടിയിലായ ബോച്ചെയെ ഒരു കാറിലാണ് പുത്തൂര്‍ വയലിലെ ജില്ലാ പൊലീസ് ക്യാമ്പില്‍ എത്തിച്ചത്. കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന ബോച്ചെയുടെ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ പകര്‍ത്തിയോടെ കാറില്‍ നിന്നിറക്കി ക്യാമ്പിനുള്ളിലേക്ക് മാറ്റിയശേഷം പൊലീസ് ജീപ്പില്‍ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷമായിരിക്കും ചോദ്യംചെയ്യലും വൈദ്യപരിശോധനയും. തുടര്‍ന്നായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
വയനാട്ടില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകാനും ബോച്ചെ പദ്ധതിയിരുട്ടിരുന്നു. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ബോബിയെ പിടികൂടിയത്. പ്രതിയെ പുത്തൂര്‍ വയല്‍ പൊലീസ് ക്യാമ്പിലെത്തിച്ച ശേഷം കൊച്ചിയിലേക്ക് പൊലീസ് സംഘം യാത്ര തിരിച്ചു. കോയമ്പത്തൂരില്‍ ജൂവല്ലറിയുടെ ഉദ്ഘാടനം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ബോബിയും നടി ഹാന്‍സികയും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ഇവിടേക്ക് പോകാനുള്ള യാത്രക്കിടെയാണ് ബോബി പിടിയിലായത്. ബോബി കസ്റ്റഡിയിലായിട്ടും കോയമ്പത്തൂരില്‍ ഉദ്ഘാടനം നടന്നു.
നടി ഹണിറോസിന്റെ പരാതിയെത്തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത പൊലീസ് ബോച്ചെയുടെ നീക്കങ്ങള്‍ എല്ലാം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യത്തിനും ഒളിവില്‍പ്പോകാനും ശ്രമിക്കുന്നതായി വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ബോച്ചെ റിസോര്‍ട്ടിലേക്ക് കടന്നിട്ടുണ്ടെന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിനെ അറിയിക്കുകയായിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ ഹണി റോസിനെ വിളിച്ച മുഖ്യമന്ത്രി എല്ലാ പിന്തുണയും അറിയിച്ചിരുന്നു.
ഇതുകൂടി ആയതോടെ പൊലീസ് നീക്കങ്ങള്‍ക്ക് ശരവേഗമായി. ഒരുതരത്തിലുള്ള ഇളവുകളും ബോച്ചെയ്ക്ക് നല്‍കേണ്ടെന്ന് പൊലീസ് തുടക്കത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. ഉന്നതങ്ങളില്‍ നിന്നുളള നിര്‍ദ്ദേശവും അത്തരത്തിലായിരുന്നത്രേ. ബോബി ഇന്നലെ മുതല്‍ വയനാട്ടിലുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞാണ് കൊച്ചി പൊലീസ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഇന്നലെ കൊച്ചിയിലെ അഭിഭാഷകരുമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത് ബോബി ആലോചിച്ചിരുന്നു. ഈ നീക്കം പൊളിച്ചാണ് പോലീസ് നടപടി. സോഷ്യല്‍മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനായിരുന്നു ബോബി ചെമ്മണ്ണൂര്‍ ആലോചിച്ചത്. ഉന്നത തല നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലേക്ക് കടന്നത്.