'മതത്തിന്റെ പേരില്‍ നിയമം മറികടക്കാന്‍ ആര്‍ക്കും അവകാശമില്ല; ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് ആര്‍ട്ടിക്കിള്‍ 25-ലെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല; ഓട്ടോമാറ്റിക് ഡെസിബെല്‍ നിയന്ത്രണ സംവിധാനം വേണം': ശബ്ദമലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാന വിധി
ശബ്ദമലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാന വിധി
മുംബൈ: ശബ്ദ മലിനീകരണത്തിനെതിരെ കര്‍ക്കശ നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ പെലീസിനോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി. ലൗഡ് സ്പീക്കറുകളുടെ ഉപയോഗം ഒരു മതത്തിന്റെയും അനിവാര്യ ഭാഗമല്ലെന്ന് ജസ്റ്റിസ്മാരായ എ.എസ്. ഗഡ്കരി, എസ്.സി. ചന്ദക് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. മുംബൈയിലെ നെഹ്റു നഗര്‍, കുര്‍ല ഈസ്റ്റ് പ്രദേശത്തെ മസ്ജിദുകളില്‍നിന്ന് ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ച് ശബ്ദ മലിനീകരണം നടത്തുന്നതായുള്ള പരാതിയിലാണ് ഹൈക്കോടതി ഇടപെടല്‍.
രാവിലെ 5 മണിമുതല്‍ അര്‍ദ്ധരാത്രി വരെ ലൗഡ് സ്പീക്കറുകള്‍ പ്രവര്‍ത്തിപ്പിച്ചത് നിവാസികളുടെ ആരോഗ്യത്തെയും ശാന്തതയെയും ബാധിച്ചതായാണ് പരാതി. പോലീസ് ഇതിനെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാത്തത്, ഭരണഘടനയുടെ അനുഛേദം 21-ലെ ജീവിക്കാനുള്ള അവകാശ ലംഘനമാണെന്ന് കോടതി സ്ഥിരീകരിച്ചു.
നെഹ്‌റു നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ കൗശിക് മാത്രേയാണ് ഈ വിഷയം കോടതിയില്‍ എത്തിച്ചത്. കുര്‍ളയിലെ ചുനഭട്ടിയിലും നെഹ്‌റു നഗറിലും നിരവധി പള്ളികളും മദ്രസകളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടഷിക്കാട്ടി. ഈ പള്ളികളില്‍ ഉച്ചഭാഷിണികള്‍, മൈക്രോഫോണുകള്‍, ആംപ്ലിഫയറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്നും അവയില്‍ നിന്ന് സൃഷ്ടിക്കുന്ന ശബ്ദം അസഹനീയമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ചുനഭട്ടി, നെഹ്‌റു നഗര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും പോലീസ്, ശബ്ദമലിനീകരണം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് മാത്രേ ചൂണ്ടിക്കാട്ടി.
മതത്തിന് പ്രത്യേക ഇളവില്ല
തുടര്‍ന്ന്, എല്ലാ വശങ്ങളില്‍ നിന്നും വാദങ്ങള്‍ കേട്ട ശേഷം, മുംബൈ ഒരു കോസ്‌മോപൊളിറ്റന്‍ നഗരമാണെന്നും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ആളുകളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 'മതത്തിന്റെ പേരില്‍ നിയമം മറികടക്കാന്‍ ആര്‍ക്കും അവകാശമില്ല'എന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. 'പ്രാര്‍ത്ഥനാലയങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് ഭരണഘടനയുടെ അനുഛേദം 25-ലെ (മതസ്വാതന്ത്ര്യം) ഭാഗമല്ല'' എന്ന് കോടതി വ്യക്തമാക്കി. ശബ്ദ മലിനീകരണം അനുഛേദം 21-ലെ (ജീവിക്കാനുള്ള അവകാശം) ലംഘനമാണ്. പോലീസ് നോയ്സ് പൊള്യൂഷന്‍ (റഗുലേന്‍ ആന്‍ഡ് കണ്‍ട്രോള്‍) റുള്‍സ്, 2000 ലംഘിക്കുന്നവരെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യണം. ആവശ്യമെങ്കില്‍ ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുക്കാനും, നല്‍കിയ അനുമതി റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
ഓട്ടോമാറ്റിക് ഡെസിബെല്‍ നിയന്ത്രണ സംവിധാനം എല്ലാ മതപരമായ സ്ഥാപനങ്ങളിലും നടപ്പാക്കാന്‍ സര്‍ക്കാരിനോട് കോടതി ശിപാര്‍ശ ചെയ്തു. ശബ്ദ നില മോണിറ്റര്‍ ചെയ്യാന്‍ പോലീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണം. ശബ്ദ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക്, പോലീസ് കമ്മീഷണറെയോ ഹെല്‍പ്പ് ലൈനിനെയോ (112) ബന്ധപ്പെടാമെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കാന്‍ പോലീസ് ബാധ്യസ്ഥരാണ്. പൊതുവെ ആളുകള്‍ കാര്യങ്ങള്‍ അസഹനീയവും ശല്യവുമാകുന്നതുവരെ പരാതിപ്പെടാറില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. 'പരാതിക്കാരനെ തിരിച്ചറിയേണ്ട ആവശ്യമില്ലാതെ തന്നെ, പോലീസ് അത്തരം പരാതികളില്‍ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ കരുതുന്നു, പ്രത്യേകിച്ച് പരാതിക്കാര്‍ ലക്ഷ്യമോ ശത്രുതയോ വിദ്വേഷമോ വളര്‍ത്തുന്നതോ ആകുന്നത് ഒഴിവാക്കാന്‍ ഈ നടപടി ഉപകരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശബ്ദമലിനീകരണ നിയമങ്ങളുടെ വ്യവസ്ഥകള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അനുമതികള്‍ പിന്‍വലിക്കാമെന്നും ഹൈക്കോടതി ബെഞ്ച് എടുത്തുപറഞ്ഞു. റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ പകല്‍ 55 ഡെസിബല്‍, രാത്രി 45 ഡെസിബലുമാണ് ശബ്ദപരിധി. നിയമലംഘനത്തിനുള്ള ശിക്ഷ, 5 വര്‍ഷം വരെ ജയിലോ 1 ലക്ഷം രൂപ പിഴയോയാണ്. മതപരമായ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ ശബ്ദ മലിനീകരണത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു മാതൃകാ വിധിയായാണ് പൊതുപ്രവര്‍ത്തകര്‍ ഇതിനെ കാണുന്നത്.