മദം ഇളകി ഇടഞ്ഞ ആന ഒരാളെ തൂക്കി എറിഞ്ഞു; പാപ്പാന്‍ ഇടപെട്ട് ആനയെ തളച്ചത് വന്‍ ദുരന്തം ഒഴിവാക്കി; ആന തൂക്കിയെറിഞ്ഞ ആള്‍ അതീവ ഗുരുതരാവസ്ഥയില്‍; തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്ക് പരിക്കും; പെട്ടിവരവ് ജാറത്തിന് മുന്നിലെത്തിയപ്പോള്‍ പാക്കത്ത് ശ്രീക്കുട്ടന്‍ ഇടഞ്ഞു; തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞപ്പോള്‍
മലപ്പുറം: തിരൂര്‍ ബി.പി. അങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു. രാത്രി 12.30 ഓടെയായിരുന്നു സംഭവം. 17 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.15 ഓടെ ആനയെ തളച്ചു.
പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞത്. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആള്‍ക്കാണ് ഗുരുതരപരിക്ക് ഏറ്റത്. ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. പാപ്പാന്‍ ഇടപെട്ട് ആനയെ തളച്ചതോടെ കൂടുല്‍ അപകടം ഒഴിവായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറെ പ്രസിദ്ധമാണ് പുതിയങ്ങാടി നേര്‍ച്ച. ആയിരങ്ങളെ സാക്ഷിയാക്കിയാണ് പുതിയങ്ങാടി നേര്‍ച്ചയ്ക്കു കൊടിയേറിയത്.
പുതിയങ്ങാടി നേര്‍ച്ചയ്ക്കാണ് തിരൂരിലൊരു ആനപ്പറമ്പുണ്ടാകുന്നത്. നേര്‍ച്ച തുടങ്ങിയാല്‍ പിന്നെ തെരുവിലെല്ലാം ആള്‍ക്കൂട്ടത്തിന്റെ ബഹളമാണ്. ആനപ്രേമികളുടെ നീണ്ട നിര തന്നെ ഇവിടെ രൂപപ്പെട്ടു. ആനകളുടെ പേരുകള്‍ അന്വേഷിച്ചും അവയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും വന്‍ പടയെത്തുന്നതും പതിവാണ്. ഈ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്.
ഇത്രയധികം ആനകളെ തിരൂരുകാര്‍ ഒന്നിച്ചുകാണുന്നതു നേര്‍ച്ചയ്ക്കു മാത്രമാണ്. പലരും നേര്‍ച്ച കൊടിയേറ്റം കാണുന്ന അതേ പ്രാധാന്യമാണ് ആനപ്പറമ്പിലെത്തി ആനകളെ കാണുന്നതിനും നല്‍കുന്നത്.നേര്‍ച്ചയുടെ ഘോഷയാത്ര തുടങ്ങിയാല്‍ മുന്നില്‍ നടന്നുനീങ്ങുന്ന ആളുകളെയും കലാരൂപങ്ങളും കാണുന്നതിനൊപ്പംതന്നെ ആനകളെ കാണാനും റോഡിന്റെ ഇരുവശത്തും കൂടിനില്‍ക്കുന്നവര്‍ ഏറെയാണ്. തിരൂര്‍ മുതല്‍ പൂഴികുന്ന് വരെയുള്ള കെട്ടിടങ്ങള്‍ക്കെല്ലാം മുകളില്‍ സ്ത്രീകളും കുട്ടികളും ഉച്ചയോടെതന്നെ സ്ഥാനം പിടിക്കുന്നതും പതിവാണ്.
ബി.പി. അങ്ങാടി യാഹും തങ്ങള്‍ ഔലിയായുടെ വലിയ നേര്‍ച്ചയുടെ ഭാഗമായി വിവിധ ദേശങ്ങളില്‍നിന്ന് ആനകളുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെയും പെട്ടിവരവുകളെത്തിയിരുന്നു. പാതിരാത്രിയിലും പെട്ടിവരവ് തുടര്‍ന്നു. സൗത്ത് അന്നാര, പൂഴിക്കുന്ന്, കട്ടച്ചിറ, സൂര്യ, തലക്കാട്, പള്ളിപ്പടി, മാങ്ങാട്ടിരി, പച്ചാട്ടിരി, ചേന്നര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് പെട്ടിവരവെത്തിയത്. ചൊവ്വാഴ്ചയും പെട്ടിവരവ് തുടര്‍ന്നു. ചൊവ്വാഴ്ച രാത്രി 12-ന് വാക്കാട് നിന്ന് ആനയുടെയും വാദ്യമേളങ്ങളോടെയും ചാപ്പക്കാരുടെ വരവ് ജാറത്തിലേക്ക് പുറപ്പെട്ടു. ബുധനാഴ്ച കാലത്ത് നാലിന് വരവ് ജാറത്തിലെത്തി കമ്പം കത്തിച്ചാല്‍ നേര്‍ച്ചയ്ക്ക് സമാപനമാകും. ഇതിന് മുമ്പാണ് ആന ഇടഞ്ഞത്.
നേരത്തെ ജാറത്തിലേക്കുള്ള ഘോഷയാത്രകള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കാത്ത വിധം ക്രമീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമാലി പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പ് വരുത്തണമെന്ന് ആര്‍.ഡി.ഒ ആവശ്യപ്പെട്ടിരുന്നു. ഇവിടെയാണ് ദുരന്തമുണ്ടായത്.
തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ച, പുതിയങ്ങാടി നേര്‍ച്ച, ആന