'നിക്ഷേപകരെ കൈവിടരുത്'; ഒൻപത് പേജുള്ള ആ കുറിപ്പിൽ സർവ്വതും വിവരിച്ച് സി.ജെ റോയ്; വിദേശത്തെ ചതിക്കുഴിയും ഐടി റെയ്ഡും തളർത്തിയോ?; കോടതിയിൽ നൽകിയ ഹർജി രണ്ട് ദിവസത്തിന് ശേഷം പിൻവലിച്ചതും സംശയ നിഴലിൽ; കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു

Update: 2026-02-02 17:40 GMT

ബെംഗളൂരു: കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്‌യുടെ മരണത്തിൽ കൂടുതൽ വിരവരങ്ങൾ പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് തന്നെ മരണത്തെക്കുറിച്ച് തീരുമാനിച്ചിരുന്നുവെന്നാണ് ഇപ്പോൾ ലഭുജിക്കുന്ന വിവരങ്ങൾ സൂചന നൽകുന്നത്. വിദേശ നിക്ഷേപങ്ങളിലുണ്ടായ തിരിച്ചടികളും ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ തുടർന്നുള്ള സമ്മർദ്ദങ്ങളും വിശദീകരിക്കുന്ന ഒമ്പത് പേജുള്ള കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത വർധിക്കുന്നത്.

ആദായ നികുതി റെയ്ഡിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി റോയ് അപ്രതീക്ഷിതമായി പിൻവലിച്ചത് എന്തുകൊണ്ടെന്ന ചോദ്യവും ഇതോടെ ശക്തമാകുന്നു. സ്വന്തം ഓഫീസ് മുറിയിൽ വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ. സി.ജെ. റോയിയുടെ മൃതദേഹം കണ്ടെത്തി നാലാം ദിവസമാണ്, മരണത്തിന് മുമ്പ് തയ്യാറാക്കിയ കുറിപ്പ് കുടുംബത്തിന് ലഭിച്ചത്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള ഈ കുറിപ്പിൽ, വിദേശ നിക്ഷേപങ്ങളിൽ തനിക്ക് വലിയ തിരിച്ചടികൾ നേരിട്ടതായും, ആദായ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് കടുത്ത സമ്മർദ്ദം അനുഭവിച്ചതായും അദ്ദേഹം പറയുന്നുണ്ട്.മുന്നോട്ട് എങ്ങനെ പോകണം എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളും കുറിപ്പിലുണ്ട്.

തന്നെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരെ ഒരു കാരണവശാലും കൈവിടരുതെന്നും റോയ് ആവശ്യപ്പെടുന്നു. കഴിഞ്ഞ ഡിസംബർ മൂന്നിനാണ് കൊച്ചിയിൽ നിന്നെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡൻ്റ് ഗ്രൂപ്പിന്റെ ബെംഗളൂരുവിലെ ആസ്ഥാന ഓഫീസിൽ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിൽ ചില സുപ്രധാന രേഖകൾ പിടിച്ചെടുത്തിരുന്നു. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിൽ പരിശോധന നടത്താൻ അധികാരമില്ലെന്നും ആവശ്യപ്പെട്ട് ഡോ. സി.ജെ. റോയ് ഡിസംബർ 16ന് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

സ്വന്തം പേരിലും ഗ്രൂപ്പിലെ മറ്റ് എട്ട് കമ്പനികളുടെ പേരിലുമായിരുന്നു ഹർജി. എന്നാൽ, വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ് ഡിസംബർ 18ന് അദ്ദേഹം ഈ ഹർജി അപ്രതീക്ഷിതമായി പിൻവലിക്കുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ ദുരൂഹതകൾക്കിടയിലും പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. കോൺഫിഡൻ്റ് ഗ്രൂപ്പിന്റെ ആസ്ഥാന ഓഫീസിൽ ഇന്നും ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും, സംഭവം പുനരാവിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. കുറിപ്പ് ലഭിച്ചതിന് ശേഷമാണോ കൊച്ചിയിൽ കുടുംബം വിളിച്ചുചേർത്ത വാർത്താസമ്മേളനം നീട്ടിവച്ചത് എന്ന് വ്യക്തമല്ല. 

Tags:    

Similar News