'കൊട്ടാരക്കരയില്‍ ഐഷ പോറ്റിക്ക് പിന്നാലെ കണ്ണൂരിലും വിസ്മയം വിരിയുമോ?' അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സി.കെ.പി പത്മനാഭന്‍; പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി തളിപ്പറമ്പ് മുന്‍ എം. എല്‍.എ; സുധാകരന്‍ വന്നത് സൗഹൃദത്തിന്; ബിജെപിക്കാരും വരാറുണ്ട്; പാര്‍ട്ടിയുമായി ഇടഞ്ഞുതന്നെ, പക്ഷേ കളം മാറാനില്ല; മനസ്സ് തുറന്ന് സി കെ പി

പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി സി കെ പി

Update: 2026-01-14 14:16 GMT

തളിപ്പറമ്പ്: കണ്ണൂരിലെ ഉന്നത നേതാവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്ന വാര്‍ത്ത തളളി സി.പി.എം ജില്ലാ നേതൃത്വം. ഐഷാപോറ്റിക്ക് പിന്നാലെ താന്‍ പാര്‍ട്ടി വിടുമെന്ന മാധ്യമവാര്‍ത്തകള്‍ തളളി മുന്‍ എം. എല്‍. എയും സംസ്ഥാനകമ്മിറ്റിയംഗവുമായിരുന്ന സി.കെ.പി പത്മനാഭനും രംഗത്തെത്തി. കെ.സുധാകരന്‍ എം.പി പാര്‍ട്ടിയില്‍ നിന്നും അവഗണന നേരിടുന്ന സി.കെ.പി പത്മനാഭനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു വാര്‍ത്തയായി പ്രചരിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഐഷാ പോറ്റിക്ക് പിന്നാലെ വീണ്ടും വിസ്മയങ്ങളുണ്ടാവുമെന്ന് പറഞ്ഞതിനെ സി.കെ.പിയും പാര്‍ട്ടി വിടുമെന്ന് വ്യാഖ്യാനിക്കുകയായിരുന്നു. വൃക്കരോഗ ബാധിതനായി ഡയാലിസസ് ചെയ്യുന്ന സി.കെ.പി പത്മനാഭന്‍ ഇപ്പോള്‍ സജീവരാഷ്ട്രീയത്തിലില്ല. ഇതേ കുറിച്ചു അദ്ദേഹത്തോട് പ്രതികരണങ്ങള്‍ ആരാഞ്ഞപ്പോള്‍ രാഷ്ട്രീയകാര്യം എന്നെ അറിയുന്ന കെ.സുധാകരന്‍ സംസാരിക്കുമോയെന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്.

മാധ്യമങ്ങള്‍ ഇങ്ങനെ പലവാര്‍ത്തകളും കൊടുക്കും, അതൊക്കെ അവരുടെ ബിസിനസ് വളര്‍ത്താനാണെന്നും സി.കെ.പി പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് സി.കെ.പിയുടെ കുഞ്ഞിമംഗലത്തെ വീട്ടില്‍ കെ.സുധാകരന്‍ എം.പിയെത്തിയത്. അദ്ദേഹത്തിന്റെ അസുഖവിവരങ്ങള്‍ അന്വേഷിക്കാനും സൗഹൃദം പുതുക്കാനുമായിരുന്നു വരവ്. ഏറെ നേരം സംസാരിച്ചാണ് പിരിഞ്ഞത്. കുഞ്ഞിമംഗലത്ത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി. എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുധാകരന്‍. ഇതിന് മുന്‍പാണ് സി.കെ.പിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ര

രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയാകാത്ത ആ കൂടിക്കാഴ്ച്ചയെ കുറിച്ചും ചിത്രംസഹിതം സുധാകരന്‍ തന്നെ തന്റെ എഫ്.ബി പേജില്‍ പോസ്റ്റു ചെയ്തിരുന്നു. താന്‍ വനംവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് തളിപറമ്പ് എം. എല്‍. എയായിരുന്ന സി.കെ.പിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതായി അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇതാണ് സി. പി. എമ്മുമായി ഏറെക്കാലമായി അകന്നു കഴിയുന്ന സി.കെ.പി പാര്‍ട്ടി മാറുന്നുവെന്ന സോഷ്യല്‍മീഡിയ പ്രചരണത്തിന് കാരണമായത്.

തന്നെ കാണാന്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല ബി.ജെപി നേതാക്കളും വീട്ടില്‍ വന്നിട്ടുണ്ടെന്നും വ്യക്തിപരമായ കൂടിക്കാഴ്ച്ചകളും സൗഹൃദം പുതുക്കലുമാണ് അതൊക്കെയെന്നും സി.കെ.പി പ്രതികരിച്ചിരുന്നു. പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറാന്‍ താനില്ലെന്നു അസന്നിഗ്ദ്ധമായി സി.കെ.പി വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങളും ഇല്ലാതായി മാറി.

എന്നാല്‍ പാര്‍ട്ടിയുമായി ഏറെ അകല്‍ച്ചയില്‍ തന്നെ ഇപ്പോഴും കഴിയുകയാണ് തളിപ്പറമ്പിലെ ജനകീയ നേതാവ്. സി.പി. എം വിഭാഗീയതയുടെ കാലത്താണ് വി. എസ് പക്ഷക്കാരനായിരുന്ന സി.കെ.പിയെ ഔദ്യോഗിക വിഭാഗം വെട്ടിനിരത്തിയത്. 2006-മുതല്‍ 2011വരെ തളിപറമ്പ് മണ്ഡലത്തില്‍ സി.പി. എം എം. എല്‍. എയായിരുന്നു അദ്ദേഹം.കേരള കര്‍ഷക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഫണ്ടു കൈക്കാര്യം ചെയ്യുന്നതില്‍ വീഴ്ച്ചവരുത്തിയെന്നു പറഞ്ഞ് 2011- സെപ്തംബര്‍ 18-ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയുമായിരുന്നു.

പിന്നീട് മാടായി ഏരിയാകമ്മിറ്റിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും 2024 സമ്മേളനത്തില്‍ ഏരിയാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി.കര്‍ഷക സംഘത്തിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് സംഘടനയുടെ അക്കൗണ്ടില്‍ നിന്നും ഇരുപതു ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത്രയും വലിയ തുക താന്‍ കൈക്കാര്യം ചെയ്തിട്ടില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ക്രമക്കേട് നടത്തിയത് ഓഫീസ് സെക്രട്ടറിയുടെ നേതൃത്വത്തിലാണെന്ന് വ്യക്തമാവുകയും അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടും സി.കെ.പിയെ വെറുതെ വിട്ടില്ല. ശ്രദ്ധക്കുറവ് ആരോപിച്ചാണ് അദ്ദേഹത്തിനെതിരെ തരം താഴ്ത്തല്‍ നടപടി സ്വീകരിച്ചത്. ശ്രദ്ധക്കുറവിന്റെ പേരില്‍ നടപടിയെടുത്തതിന്റെ ചരിത്രം സി.പി. എമ്മിലുണ്ടോയെന്നാണ് ഇതിന് അദ്ദേഹം മറുപടിയായി പ്രതികരിച്ചത്.

കാണാതായ ഇരുപതുലക്ഷം പിന്‍വലിച്ചത് ഇ.പി ജയരാജനും കെ.ജി രാമകൃഷ്ണനും ചേര്‍ന്നാണെന്ന് സി.കെ.പി ആരോപിച്ചിരുന്നു. തന്റെ പേരിലുളള അച്ചടക്ക നടപടി പരിശോധിക്കണമെന്ന് പതിനഞ്ചു തവണ പാര്‍ട്ടി അപ്പീല്‍ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്ന് സി.കെ.പി തുറന്നു പറഞ്ഞിരുന്നു. അന്നത്തെ സി. പി. എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനെ നേരിട്ടു കണ്ടു പരാതി ബോധിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പറയുന്നു. പാര്‍ട്ടിയുടെ ഈ നിലപാടുകളാണ് തന്നെ വൃക്കരോഗിയാക്കിയതെന്നും ഒരു തെറ്റും ചെയ്യാത്ത തന്നെ അഴിമതിക്കാരനും തട്ടിപ്പുകാരനുമായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സി.കെ.പിയുടെ വാദം.

Tags:    

Similar News