എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഞെട്ടിച്ചു; പിന്നാലെ മുഹമ്മദ് റിയാസ് അടക്കം ചില മന്ത്രിമാരെ നീക്കി പിണറായി സര്‍ക്കാര്‍ മുഖം മിനുക്കുമെന്ന് അഭ്യൂഹം; ഷംസീറിനെ നീക്കി കെ കെ ശൈലജയെ സ്പീക്കറാക്കും? തുടര്‍ഭരണത്തിന് തന്ത്രങ്ങള്‍ മുറുക്കി മന്ത്രിസഭാ പുന: സംഘടനയ്ക്ക് എല്‍ഡിഎഫ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍
മന്ത്രിസഭാ പുന: സംഘടനയ്ക്ക് എല്‍ഡിഎഫ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഒരുമുഖം മിനുക്കലിന് തയ്യാറെടുക്കുന്നോ? ' എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരും' എന്ന പ്രചാരണവാക്യം ഉഷാറാക്കിയിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ചില ചെറിയ മിനുക്ക് പണികള്‍ ആലോചിക്കുന്നതായാണ് അഭ്യൂഹം. മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ എ പ്രദീപ്കുമാറിനെ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതോടെയാണ് മന്ത്രിസഭാ പുന: സംഘടനയെന്ന വാര്‍ത്തകള്‍ സജീവമായത്.
്ക്ലീന്‍ ഇമേജുള്ള ജനപിന്തുണയുള്ള നേതാവായ പ്രദീപ് കുമാറിനെ തന്റെ ഓഫീസില്‍ എത്തിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും ലക്ഷ്യമിടുന്നത് മുഖം മിനുക്കലാണെന്ന് വ്യക്തം. ഇതിന്റെ തുടര്‍ച്ചയായി മന്ത്രിസഭാ പുന: സംഘടന ഉണ്ടാകുമെന്നാണ് സൂചന. ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തില്‍ വരുമെന്നും പിണറായി വിജയന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുന: സംഘടനയായിരിക്കും മുഖ്യമന്ത്രിയും, പാര്‍ട്ടിയും കൂടിയാലോചിച്ച് നടപ്പിലാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് അധികാരം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടാണ് യുഡിഎഫും നേതൃമാറ്റത്തിലേക്ക് നീങ്ങിയത്. കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ കെ പി സി സി പ്രസിഡന്റാക്കിയത് പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കി തിരഞ്ഞെടുപ്പുകളെ നേരിടാന്‍ പര്യാപ്തമാക്കാന്‍ വേണ്ടിയാണ്. അതല്ലെങ്കില്‍, വീണ്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും, ദീപ ദാസ് മുന്‍ഷിയും റിപ്പോര്‍ട്ട് നല്‍കിയതോടെ ഹൈക്കാന്‍ഡും സംഗതി ഗൗരവത്തോടെ കണ്ടു. കണ്ണൂരുകാരനായ സുധാകരന്റെ വിശ്വസ്തന്‍ സണ്ണി ജോസഫിനെ തലപ്പെത്തെത്തിച്ചതോടെ പിണറായി വിജയന് കനത്ത വെല്ലുവിളി സൃഷ്ടിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് ഒരുഭാഗത്ത് മുഖം മിനുക്കുമ്പോള്‍, മന്ത്രിസഭയില്‍ മുഖംമിനുക്കലിനാണ് സിപിഎം തയ്യാറെടുക്കുന്നത്.
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരുവര്‍ഷം അവശേഷിക്കെ, ഇനിയൊരു അഴിച്ചുപണിക്ക് പിണറായി വിജയന്‍ തയ്യാറെടുക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രദീപ് കുമാറിന്റെ നിയമനത്തോടെ മാറ്റങ്ങള്‍ വരുമെന്ന വാദത്തിന് ബലമേറി.
ആരുപോകും, ആരുവരും?
പിണറായി വിജയന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന ചോദ്യം 2021ല്‍ അദ്ദേഹം എല്‍ഡിഎഫിനെ തുടര്‍ച്ചയായ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചതുമുതല്‍ കേള്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരുമകനും പൊതുമരാമത്ത്്, ടൂറിസം മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ പേര് ഈ സ്ഥാനത്തേക്ക് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. അതിനെ ചൊല്ലി രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപത്തിനും പരിഹാസത്തിനും പുറമേ ട്രോളുകള്‍ വരെ ഉയരാറുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യപ്രചാരണ ആയുധങ്ങളിലൊന്നും ' മരുമകനെ' ചുറ്റിപ്പറ്റിയായിരിക്കുമെന്ന് ഉറപ്പാണ്. മുതിര്‍ന്ന നേതാക്കളെ മറികടന്നാണ് റിയാസിനെ മന്ത്രിസഭയില്‍ എത്തിച്ചതെന്ന വിമര്‍ശനവും പലവുരു എതിരാളികള്‍ ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് റിയാസിനെ മാറ്റിയാല്‍ ഈ ദിശയിലുള്ള ആരോപണങ്ങള്‍ താനേ കൊഴിയും.
ഭരണഘടന അധിക്ഷേപ പ്രസംഗം അടക്കം പല വിവാദങ്ങളില്‍ ചെന്ന് ചാടിയെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് മന്ത്രി സജി ചെറിയാന്‍. പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയും അദ്ദേഹത്തിനൊപ്പം നിന്നിട്ടുണ്ട്. റിയാസിനൊപ്പം സജി ചെറിയാനെയും മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പാര്‍ട്ടിയില്‍ ഇരുവര്‍ക്കും കൂടുതല്‍ ചുമതലകള്‍ നല്‍കുമെന്നും സൂചനയുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് എംവി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ച് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ഇതോടെ സ്പീക്കറായിരുന്ന എംബി രാജേഷ് പകരം മന്ത്രിയാകുകയും എ എന്‍ ഷംസീര്‍ സ്പീക്കറാകുകയും ചെയ്തു. ഷംസീറിന് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതായി ചില ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. അതിനെല്ലാം പരിഹാരമായി ഷംസീറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഷംസീര്‍ സ്പീക്കര്‍ പദവിയില്‍ നിന്ന് മാറിയാല്‍, മുന്‍മന്ത്രി കെ കെ ശൈലജയെ സ്പീക്കറാക്കുമെന്നും പറയുന്നു. ശൈലജ സ്പീക്കറായാല്‍ ഈ പദവിയില്‍ എത്തുന്ന ആദ്യവനിതയായിരിക്കും. മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കാനും ഷംസീറിന്റെ മന്ത്രിസഭയിലെ സാന്നിധ്യം തുണയാകും.
സജി ചെറിയാന്‍ ഒഴിഞ്ഞാല്‍ പകരം ആലപ്പുഴക്കാരനായ പി പി ചിത്തരഞ്ജന്‍ വന്നേക്കും. തോട്ടത്തില്‍ രവീന്ദ്രന്‍( കോഴിക്കോട്), കെ ആന്‍സലന്‍( തിരുവനന്തപുരം) എന്നിവരുടെ പേരുകളും പരിഗണിക്കുന്നതായി സൂചനയുണ്ട്. മന്ത്രിസഭയില്‍ പട്ടികജാതി, നാടാര്‍ വിഭാഗങ്ങള്‍ക്ക് നിലവില്‍ പ്രാതിനിധ്യമില്ല.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പുണ്ടെങ്കിലും അതിന്റെ മന്ത്രി പട്ടിക വര്‍ഗ്ഗക്കാരനായ ഒ.ആര്‍ കേളുവാണ്. ഈ സാഹചര്യത്തില്‍ കോങ്ങാട് എം.എല്‍.എയായ കെ.ശാന്തകുമാരിയെ മന്ത്രിസഭയിലെത്തിക്കുന്നത് പരിഗണിച്ചേക്കും. നാടാര്‍ സമുദായത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. നെയ്യാറ്റിന്‍കര എം.എല്‍.എയായ കെ.ആന്‍സലനെ മന്ത്രിസഭയിലെത്തിക്കുന്നതാണ് പരിഗണിക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പല മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയായ നാടാര്‍ സമുദായത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയാല്‍ തലസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കണക്കൂകൂട്ടല്‍. പ്രാദേശിക, മത-സാമുദായിക സന്തുലനം ഉറപ്പാക്കി തിരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രം മുറുകി പിടിച്ചാണ് മന്ത്രിസഭാ പുന: സംഘടനാ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.