സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ചു; വ്യാജരേഖ ചമച്ച് ഐഎഎസ്; പ്രൊബേഷന്‍ ഓഫിസറായ പൂജ ഖേദ്കറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവ്
പൂജ ഖേദ്കറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവ്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച വിവാദ ഐ.എ.എസ്. പ്രൊബേഷണറി ഓഫീസര്‍ പൂജ ഖേദ്കറെ ഇന്ത്യന്‍ അഡ്മിസ്‌ട്രേറ്റീവ് സര്‍വീസില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ് നടപടി.
ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവയില്‍ കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രൊബേഷന്‍ ഓഫിസറായിരുന്ന പൂജയെ സര്‍ക്കാര്‍ പുറത്താക്കിയത്. സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിക്കൊണ്ട് കമ്മിഷനെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെയും പൂജ കബളിപ്പിച്ചുവെന്നാരോപിച്ച് പൂജയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ യുപിഎസ്സിയും ഡല്‍ഹി പൊലീസും എതിര്‍ത്തിരുന്നു.
1954ലെ ഐഎഎസ് (പ്രൊബേഷന്‍) നിയമം 12-ാം റൂള്‍ പ്രകാരമാണ് പൂജയെ സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഐഎഎസില്‍ തുടരാന്‍ പ്രൊബേഷന്‍ ഓഫിസര്‍ യോഗ്യരല്ലെന്ന് ബോധ്യപ്പെട്ടാല്‍ അവരെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് 12-ാം റൂള്‍.
കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് യുപിഎസ്സി പൂജയുടെ ഐഎഎസ് സിലക്ഷന്‍ റദ്ദാക്കിയത്. പുണെയില്‍ സബ് കലക്ടറായിരുന്ന പൂജയുടെ അധികാര ദുര്‍വിനിയോഗം വാര്‍ത്തയായതിന് പിന്നാലെയാണ് ഇവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയര്‍ന്നത്. യുപിഎസ്സി പരീക്ഷയില്‍ 841ാം റാങ്ക് ലഭിച്ച ഇവര്‍ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
വ്യാജ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കര്‍ ഉപയോഗിച്ചു എന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ വഞ്ചനാക്കുറ്റവും ഇവര്‍ക്കെതിരെയുണ്ട്. തുടര്‍ന്ന് പൂജയുടെ ഐ.എ.എസ്. റദ്ദാക്കുകയും യു.പി.എസ്.സി. പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വ്യക്തിഗത വിവരങ്ങള്‍ വ്യാജമായി നല്‍കിയാണ് ഇവര്‍ പലതവണ പരീക്ഷ എഴുതിയതെന്നും യു.പി.എസ്.സി. കണ്ടെത്തിയിരുന്നു.
പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ 2009 മുതല്‍ 2023 വരെയുള്ള 15,000ത്തോളം ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചു. ഐ.എ.എസ്. പരീക്ഷ പാസായി സ്‌ക്രീനിങ് പ്രോസസിലുള്ളവരുടെ വിവരങ്ങളാണ് പരിശോധിച്ചത്. പൂജ ഖേദ്കറെ ഇനി മേല്‍ പരീക്ഷ എഴുതുന്നതില്‍നിന്ന് വിലക്കുന്നതായും വേറൊരു പരീക്ഷാര്‍ഥിയും ഇത്തരത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും യു.പി.എസ്.സി. അറിയിച്ചിട്ടുണ്ട്.
പുനെയിലെ സബ്കളക്ടറായിരുന്ന പൂജയുടെ അധികാര ദുര്‍വിനിയോഗം വാര്‍ത്തയായതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ പുറത്തായത്. തുടര്‍ന്ന് ഇവരെ സ്ഥലം മാറ്റുകയും ചെയ്തു. പിന്നാലെ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയര്‍ന്നു. തുടര്‍ന്ന് മുസൂറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ പൂജയെ തിരിച്ചുവിളിച്ചു. ട്രെയിനിംഗ് നിര്‍ത്തി തിരികെ എത്താനായിരുന്നു നിര്‍ദ്ദേശം.
ജൂലൈ 16ന് സംസ്ഥാന സര്‍ക്കാരിനൊപ്പമുള്ള പൂജയുടെ ട്രെയിനിംഗ് അവസാനിപ്പിച്ചതായി മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗഡ്രേ വ്യക്തമാക്കിയിരുന്നു. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ. ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പൂജയ്‌ക്കെതിരെ വ്യാജ രേഖ ചമച്ചതിന് കേസ് എടുത്തിട്ടുണ്ട്. വ്യാജ വൈകല്യ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാണ് അര്‍ഹമായതിലും കൂടുതല്‍ തവണ ഇവര്‍ യുപിഎസ്സി പരീക്ഷ എഴുതിയത്.
യുപിഎസ്‌സി പരീക്ഷയില്‍ 841-ാം റാങ്കാണ് ഇവര്‍ക്ക് ലഭിച്ചത്. അഹമ്മദ്നഗര്‍ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ചട്ടങ്ങള്‍ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കണ്‍ ലൈറ്റ്, വിഐപി നമ്പര്‍ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബര്‍, കോണ്‍സ്റ്റബിള്‍ എന്നീ സൗകര്യങ്ങള്‍ നല്‍കില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ തന്റെ സ്വകാര്യ ഓഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഇവര്‍ ഉപയോഗിച്ചതും സ്വകാര്യ കാറില്‍ 'മഹാരാഷ്ട്ര സര്‍ക്കാര്‍' എന്ന ബോര്‍ഡും സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.