പാലക്കാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ 13വര്‍ഷത്തിനിടെ തൂങ്ങിമരിച്ചത് 28കുട്ടികള്‍! അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബാലാവകാശ കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തൂങ്ങിമരണം എന്ന് സ്ഥിരീകരിക്കുമ്പോഴും ചില മൃതദേഹങ്ങളില്‍ ദുരൂഹമായി ഗുരുതര പരിക്കുകള്‍
പാലക്കാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ 13വര്‍ഷത്തിനിടെ തൂങ്ങിമരിച്ചത് 28കുട്ടികള്‍!
കൊച്ചി: പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ 13വര്‍ഷത്തിനിടെ 28 കുട്ടികള്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയില്‍ ബാലാവകാശ കമീഷനോട് വിശദീകരണം തേടി ഹൈകോടതി. കൊച്ചി സ്വദേശി സലിംലാല്‍ അഹമ്മദ്, ഫാ. അഗസ്റ്റിന്‍ വട്ടോളി എന്നിവരാണ് കുട്ടികളുടെ ദുരൂഹമായ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചു കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
2010-നും 2023-നും ഇടയില്‍ 13 വയസ്സിനു താഴെയുള്ള 28 കുട്ടികളാണ് മേഖലയില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഹരജിക്കാരുടെ ആരോപണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തൂങ്ങിമരണം എന്ന് സ്ഥിരീകരിക്കുമ്പോഴും പലപ്പോഴും മൃതദേഹങ്ങളില്‍ ഗുരുതരമായ പരിക്കുകള്‍ സ്ഥിരീകരിക്കുന്നുണ്ടെന്ന് ഹരജിയില്‍ പറയുന്നു.
ഇത് ചൂണ്ടിക്കാട്ടി കൊലപാതകം അടക്കമുള്ള സംശയങ്ങളാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നത്. സംഭവങ്ങളെ പൊതുവില്‍ ബന്ധപ്പെടുത്തുന്ന എന്തെങ്കിലും ഘടകം ഉണ്ടോ എന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്നു കരുതാന്‍ കാരണങ്ങള്‍ ഉണ്ടോ എന്നും ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു. അതിര്‍ത്തി മേഖലയിലെ നിര്‍ധന ചുറ്റുപാടുകളിലുള്ള കുട്ടികളാണ് മരിച്ചതെന്നായിരുന്നു ഹരജിഭാഗത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ പരിശോധന നടത്തി വിവരം അറിയിക്കാനാണ് ബാലാവകാശ കമ്മിഷന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥനില്‍ കുറയാത്ത ഓഫീസറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണം എന്നും നിര്‍ദേശത്തിലുണ്ട്. കുട്ടികളിലെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വിഷയം ഹര്‍ജിയായി കോടതിക്ക് മുന്നിലെത്തിയത്.