ഐടി ഉദ്യോഗസ്ഥര്‍ എത്തിയത് സീല്‍ ചെയ്ത ലോക്കറുകള്‍ ദുബായില്‍നിന്നെത്തിയ റോയിയുടെ സാന്നിധ്യത്തില്‍ തുറന്നുപരിശോധിക്കാന്‍; റെയ്ഡിന് എത്തിയത് കൊച്ചിയില്‍നിന്നുള്ള എട്ടംഗ ആദായനികുതി സംഘം; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പ് പ്രതിക്കൂട്ടിലോ? ബിസിനസ് ലോകം പ്രതിഷേധത്തില്‍

Update: 2026-01-31 01:47 GMT

ബെംഗളൂരു: രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം ആദായനികുതി വകുപ്പിനെയും കേന്ദ്ര സര്‍ക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ആദായനികുതി റെയ്ഡിനിടെ ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ റോയി ആത്മഹത്യ ചെയ്ത സാഹചര്യം വിശദീകരിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. വന്‍ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹം ഇത്ര പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുക്കുമോ എന്നാണ് സുഹൃത്തുക്കളും അടുപ്പക്കാരും ചോദിക്കുന്നത്.

സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ബെംഗളൂരുവില്‍ നടക്കും. രാവിലെ സഹോദരന്റെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചവരെ പൊതുദര്‍ശനത്തിന് വെച്ച ശേഷമാകും സംസ്‌കരിക്കുക. സംഭവത്തില്‍ കര്‍ണാടക പോലീസ് ഇതിനകം തന്നെ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. കൊച്ചിയില്‍ എളിയ നിലയില്‍ ബിസിനസ് തുടങ്ങി ബെംഗളൂരു നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ബില്‍ഡര്‍മാരില്‍ ഒരാളായ റോയിക്ക് തെക്കേ ഇന്ത്യയിലും ദുബായിലുമായി ശതകോടികളുടെ ആസ്തിയുണ്ട്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് അദ്ദേഹത്തിന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായി ജീവനക്കാര്‍ മൊഴി നല്‍കിയത് കേസില്‍ നിര്‍ണ്ണായകമാണ്.

ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മികച്ച പ്രതിച്ഛായയുള്ള വ്യവസായിയായിരുന്നു റോയിയെന്ന് എടുത്തുപറഞ്ഞ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ആദായനികുതി റെയ്ഡുകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഈ സംഭവം കൂടുതല്‍ കരുത്തുപകരുന്നു.

ബെംഗളൂരു സെന്‍ട്രല്‍ ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യും. മരണത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായാല്‍ അത് ആദായനികുതി വകുപ്പിന് വലിയ തിരിച്ചടിയാകും. ബെംഗളൂരുവിലെത്തിയ റോയിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുന്നതടക്കമുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആത്മവിശ്വാസത്തോടെ ബിസിനസ് രംഗത്ത് മുന്നേറിയ ഒരു വ്യക്തിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്. വിവാദങ്ങളെ അതിജീവിച്ച് എന്നും പുതുമകളുമായി ബിസിനസ് രംഗത്ത് സജീവമായിരുന്ന റോയിയുടെ മരണം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും വലിയ നഷ്ടമാണ്.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരന്‍ സി.ജെ.ബാബു ആരോപിച്ചു. ഓഫിസില്‍ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാക്കിയതിനെത്തുടര്‍ന്നാണു ജീവനൊടുക്കിയതെന്നും ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം.

മൂന്നു ദിവസമായി കോണ്‍ഫിഡന്റ് ഓഫിസുകളില്‍ റെയ്ഡ് തുടരുകയായിരുന്നു. കൊച്ചിയില്‍നിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടിസ് നല്‍കി റോയിയെ ദുബായില്‍നിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. റോയ് സ്വയം നിറയൊഴിച്ചത് അറിഞ്ഞശേഷവും റെയ്ഡ് തുടര്‍ന്നതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ റോയിയെ ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ബാലിസ്റ്റിക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. തോക്ക് അശോക് നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന നിഗമനത്തിലാണ് കേസെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. ആദായനികുതിയുമായി ബന്ധപ്പെട്ട് അപ്ലറ്റ് ട്രൈബ്യൂണലിലും കര്‍ണാടക ഹൈക്കോടതിയിലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ടി.എ.ജോസഫിനെ 2 മാസം മുന്‍പ് കൊച്ചിയിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി ബെംഗളൂരുവിലെ ഓഫിസില്‍ പരിശോധന നടത്തി ലോക്കറുകള്‍ മുദ്രവച്ചിരുന്നു. ദുബായില്‍നിന്നെത്തിയ റോയിയുടെ സാന്നിധ്യത്തില്‍ ലോക്കറുകള്‍ തുറന്നുപരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഓഫിസിലെത്തിയതെന്നാണു വിവരം.

Tags:    

Similar News