സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് അനാരോഗ്യം കാരണം; മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം കാരണമെന്ന വാര്‍ത്തയെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്; സര്‍ക്കാറിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യമെന്നും സിഎംഒയുടെ വിശദീകരണ കുറിപ്പില്‍
സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് അനാരോഗ്യം കാരണം
തിരുവനന്തപുരം: സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്താതിരുന്നതിന്റെ കാരണം അനാരോഗ്യമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്. മറിച്ചുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നത് എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഈ വാര്‍ത്തകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിയത്.
മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികള്‍ റദ്ദാക്കിയിരുന്നു. കാലവര്‍ഷ മുന്‍കരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍, പിന്നീട് മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണ് റോഡ് ഉദ്ഘാടന പരിപാടിയില്‍ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും സിഎംഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ എം ബി രാജേഷോ, മുഹമ്മദ് റിയാസോ പ്രതികരിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് റോഡുകള്‍ തയ്യാറാക്കിയത്. എന്നാല്‍ ഉദ്ഘാടന സമയത്ത് തദ്ദേശ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പൂര്‍ണമായി ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നീക്കം നടത്തിയതോടെ എതിരഭിപ്രായമുയര്‍യെന്നാണ് പുറത്തുവന്ന വാര്‍ത്ത.
രണ്ടു മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട സിറ്റിയുടെ ഭാഗമായി തലസ്ഥാനത്തെ റോഡുകള്‍ കുഴിച്ചിട്ട് മാസങ്ങളോളം അങ്ങനെ കിടന്നതില്‍ ചെറിയ ജനരോഷമല്ല സര്‍ക്കാരും, കോര്‍പ്പറേഷനും കേള്‍ക്കേണ്ടിവന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകള്‍ തയ്യാറായി. രാജ്യത്തെ മെട്രോ നഗരങ്ങളിലേത് പോലെ റോഡുകള്‍ മനോഹരമായാണ് നിര്‍മിച്ചത്. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഫ്‌ലക്‌സുകളും പത്ര പരസ്യങ്ങളും നിറഞ്ഞു.പക്ഷേ, മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. അതിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മന്ത്രി റിയാസിനെതിരെ മുഖ്യമന്ത്രിയെ നേരില്‍കണ്ട് എം ബി രാജേഷ് പരാതി അറിയിച്ചെന്നും രാജേഷിന്റെ പരാതിയെത്തുടര്‍ന്നെന്ന് മുഖ്യമന്ത്രി വിട്ടുനിന്നതുമെന്നാണ് പുറത്ത് വരുന്ന വിവരം.
തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണത്തിന് ആകെ കണക്കാക്കിയത് 200 കോടി രൂപയാണ്. കേന്ദ്രവും സംസ്ഥാനവും കൂടി 80 കോടി രൂപ നല്‍കി. ചെലവ് കണക്കാക്കി 80 കോടി നല്‍കിയത് തദ്ദേശ ഭരണ അക്കൗണ്ടില്‍ നിന്നാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ്, സ്മാര്‍ട്ട് റോഡ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം എന്നതിനപ്പുറം പണം ഒന്നും ചെലവഴിക്കുന്നില്ല..കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, തിരുവനന്തപുരം കോര്‍പ്പറേഷനുമാണ് പണം മുഴുവന്‍ ചെലവഴിച്ചത്.
ഇതിലുള്ള വിയോജിപ്പ് തദ്ദേശമന്ത്രി എം ബി രാജേഷ് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചതോടെയാണ് അദ്ദേഹം ഉദ്ഘാടനം ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്നാണ് വിവരം . ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് അറിയിച്ചതെങ്കിലും ആ ദിവസം ഉച്ച വരെയും, പിറ്റേന്ന് രാവിലെ നടന്ന പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്ന അമിതാധികാര ഇടപെടലുകളില്‍ മന്ത്രിസഭയിലെ മറ്റ് ചില മന്ത്രിമാര്‍ക്കും, പാര്‍ട്ടിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്താരം ആരോപണങ്ങളെയെല്ലാം വാര്‍ത്താകുറിപ്പില്‍ റദ്ദു ചെയ്യുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.