അസഹ്യമായ വേദനയുമായി ആശുപത്രിയിലെത്തി; വേദന സഹിക്ക വയ്യാതെ ബഹളമുണ്ടാക്കിയതോടെ നൽകിയത് മാനസികരോഗ ചികിത്സ; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോഗി മരിച്ചെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ആശുപത്രി അധികൃതരുടെ അനാസ്ഥ. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2.30നാണ് ചികിത്സ വൈകിയതിനെ തുടർന്ന് രജനി മരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കല്ലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് രജനി ആദ്യം എത്തിയത്. എന്നാൽ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു.
എന്നാൽ നവംബർ 4ന് മരുന്നുകൾ നൽകി ഇവരെ തിരിച്ചയച്ചു. വീട്ടിലെത്തിയ രജനിക്ക് അന്നേ ദിവസം രാത്രി വീണ്ടും അസുഖം മൂർച്ഛിച്ചു. തുടർന്ന് രജനിയെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സ വൈകിയാണ് ലഭിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ചില്ലെന്നും ആരോപണമുണ്ട്. മൂന്ന് ദിവസമാണ് രജനി കാഷ്വാലിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞത്.
ശേഷം രജനിയെ വിവിധ പരിശോധനകൾക്ക് വിധേയയാക്കി കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ വേദന സഹിക്ക വയ്യാതെ ബഹളാണ് ഉണ്ടാക്കിയ രജനിക്ക് മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്ന് കുടുംബം വ്യക്തമാക്കുന്നു. ഈ സമയം സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർമാരാണ് രജനിയെ പരിശോധിച്ചതെന്നാണ് ആരോപണം.
ഇതിനിടെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടർ രജനിയെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. തുടർന്ന് ഏഴാം തിയ്യതി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. എന്നാൽ ഇവിടെവച്ച് രജനിയുടെ ആരോഗ്യസ്ഥിതി വഷളായി. അഡ്മിറ്റ് ആയി മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്ന രജനിക്ക് ചികിത്സ ലഭിച്ചത്.
ആരോഗ്യസ്ഥിതി വഷളായതോടെ ഇവരെ ഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്റർ സഹായത്തിൽ കഴിയവേ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. രജനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
സംഭവത്തിൽ ഭർത്താവ് ഗിരീഷ് സൂപ്രണ്ടിന് പരാതി നൽകിയെന്നും ബന്ധുക്കൾ പറയുന്നു. ഈ പരാതിയിൽ അന്വേഷണത്തിനായി സൂപ്രണ്ട് മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും എന്നാൽ കൃത്യമായ മറുപടിയോ ചികിത്സയോ കിട്ടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
പേരാമ്പ്ര പോലീസിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.