കോളേജില്‍ നിന്ന് പുറത്താക്കിയ എസ്എഫ്ഐ നേതാവിനെ പരീക്ഷ എഴുതാന്‍ അനുവദിച്ച നടപടി; അനുമതി നല്‍കിയത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍; വിവാദത്തില്‍ വിശദികരണവുമായി രജിസ്ട്രാര്‍; എടത്വാ സെന്റ് അലോഷ്യസ് നടക്കുന്നത്!
തിരുവനന്തപുരം: ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് എടത്വാ സെന്റ് അലോഷ്യസ് കോളേജില്‍നിന്നും പുറത്താക്കിയ എസ്എഫ്‌ഐ നേതാവിന് ബിഎസ് സി ബിരുദകോഴ്‌സിന്റെ അഞ്ചും ആറും സെമസ്റ്ററില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കാനും പരീക്ഷ എഴുതാന്‍ അനുവദിക്കാനും എംജി വൈസ് ചാന്‍സലറുടെ ഉത്തരവിന് പിന്നാലെ വലിയ വിവാദങ്ങൾക്കാണ് വഴി തെളിയിച്ചത്.
പരീക്ഷയ്ക്ക് ഇരുത്താത്ത പ്രിന്‍സിപ്പലിന്റെ നിയമന അംഗീകാരം പിന്‍വലിക്കുമെന്ന് രജിസ്ട്രാറുടെ ഭീഷണിക്കത്ത് വന്നുവെന്ന ആരോപണവും ഏറെ പ്രതിസന്ധിയിലാക്കി. ഇപ്പോൾ അതിനെല്ലാം വിശദികരണവുമായി രജിസ്ട്രാര്‍ എത്തിയിരിക്കുകയാണ്.
എടത്വ സെന്‍റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥി ശ്രീജിത്ത് സുഭാഷിന് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതുന്നതിന് സര്‍വകലാശാല അനുമതി നല്‍കിയതെന്ന് രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ അറിയിച്ചു.
സിബിസിഎസ് ബിഎസ്സി ഗണിതശാസ്ത്ര(മോഡല്‍ 1) വിദ്യാര്‍ഥിയായ ശ്രീജിത്തിനെ കോളജ് പുറത്താക്കിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല വിധി നേടുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം എടത്വ സെന്‍റ് അലോഷ്യസ് കോളജിലും തിരുവല്ല മാര്‍തോമ കോളജിലും എഴുതിയിരുന്നു.
ഈ സെമസ്റ്ററുകളിലെ ഇന്‍റേണല്‍ പരീക്ഷകള്‍ എഴുതുന്നതിനും ആറാം സെമസ്റ്ററിലെ പ്രോജക്ട് വൈവ പരീക്ഷയില്‍ പങ്കെടുക്കുന്നതിനും പ്രത്യേക അനുമതി തേടി വിദ്യാര്‍ഥി വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
മെയ് 14ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിച്ച് ശ്രീജിത്തിന് അഞ്ച്, ആറ് സെമസ്റ്ററുകളിലെ ഇന്‍റേണല്‍ പരീക്ഷ എഴുതുന്നതിനും ആറാം സെമസ്റ്ററിലെ പ്രോജക്ട് വൈവ പരീക്ഷയില്‍ പങ്കെടുക്കുന്നതിനും അനുമതി നല്‍കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കോളജ് പ്രിന്‍സിപ്പലിനോട് നിര്‍ദേശിക്കുന്നതിനും തീരുമാനിക്കുകയായിരുന്നു.
ഈ പരീക്ഷകള്‍ ഉടന്‍ ഇല്ലാത്ത സാഹചര്യത്തില്‍ തനിക്ക് പ്രത്യേകമായി ഇന്‍റേണല്‍ പരീക്ഷയും പോജക്ട് വൈവയും എഴതുവാന്‍ അനുമതി തേടി ശ്രീജിത്ത് വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി. ഇതേത്തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗത്തിന്‍റെ തീരുമാനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെക്കുറിച്ച് കോളജിന്‍റെ വിശദീകരണം തേടി. കോളജ് നല്‍കിയ വിശദീകരണത്തില്‍ സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച സൂചനകളില്ലാതിരുന്നതിനാല്‍ വിഷയം വീണ്ടും സിന്‍ഡിക്കേറ്റിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.
ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികളുടെ ക്ഷേമവും പരാതിപരിഹാരവും സംബന്ധിച്ച സിന്‍ഡിക്കേറ്റ് സ്റ്റാന്‍റിംഗ് കമ്മിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണ കമ്മീഷന്‍റെ ഹിയറിംഗിന് കോളജ് പ്രിന്‍സിപ്പല്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് വിഷയം തുടര്‍ന്നും സിന്‍ഡിക്കേറ്റിന്‍റെ പരിഗണനയ്ക്ക് വിട്ടു. അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടും സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ചിരുന്നു.
നവംബര്‍ 14ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ഥിക്ക് അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളും ആറാം സെമസ്റ്ററിലെ പ്രോജക്ട് വൈവയും ഇന്‍റേഷണല്‍ അസസ്മെന്‍റും നടത്തി ഫലം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളില്‍ വിവരം സര്‍വകലാശാലയെ അറിയിക്കാന്‍ കോളജ് പ്രിന്‍സിപ്പലിന് കര്‍ശന നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ഇതേ ആവശ്യംഉന്നയിച്ച് മുന്‍പ് സര്‍വകലാശാല പുറപ്പെടുവിച്ച ഉത്തരവ് പ്രിന്‍സിപ്പല്‍ നടപ്പിലാക്കാതിരുന്നത് കോളജ് മാനേജരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും തുടര്‍ന്നും ഇത്തരം സമീപനം ആവര്‍ത്തിച്ചാല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ നിയമാനാംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കോളജ് മാനേജരെ അറിയിക്കുന്നതിനും സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നതായി രജിസ്ട്രാര്‍ പറഞ്ഞു.