റിപ്പോര്‍ട്ടര്‍ ടിവിക്ക് കോടതിയുടെ 'പൂട്ട്'! സാബു എം. ജേക്കബിനെ തൊട്ടാല്‍ ഇനി പണികിട്ടും; അപകീര്‍ത്തി വാര്‍ത്തകള്‍ക്ക് വിലക്ക്; കര്‍ശന നിര്‍ദ്ദേശം നല്‍കി പെരുമ്പാവൂര്‍ കോടതി; 25 കോടി നഷ്ടപരിഹാരം വേണമെന്ന് സാബു; ആന്റോ അഗസ്റ്റിന്‍ അടക്കം 17 പ്രതികള്‍ക്ക് നോട്ടീസ്

റിപ്പോര്‍ട്ടര്‍ ടിവിക്ക് കോടതിയുടെ 'പൂട്ട്'!

Update: 2026-02-18 12:55 GMT

പെരുമ്പാവൂര്‍: ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവ്. കേസ് അവസാനിക്കുന്നത് വരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് പെരുമ്പാവൂര്‍ സബ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.

കോടതി നിരീക്ഷണം

റിപ്പോര്‍ട്ടര്‍ ടിവി സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളില്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ട്വന്റി-20 എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണെന്ന വാര്‍ത്തയ്ക്കെതിരെയാണ് സാബു എം. ജേക്കബ് നിയമനടപടി സ്വീകരിച്ചത്. ഈ വാര്‍ത്ത വസ്തുതാരഹിതമാണെന്നും തന്റെ വ്യക്തിത്വത്തെയും പാര്‍ട്ടിയുടെ പ്രതിച്ഛായയെയും മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.

25 കോടിയുടെ നഷ്ടപരിഹാരം

വെറും വിലക്കിന് പുറമെ, അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി ഉപദ്രവിച്ചതിന് 25 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും സാബു എം. ജേക്കബ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള ഒന്ന് മുതല്‍ 17 വരെയുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

വാര്‍ത്താ ചാനല്‍ കയ്യിലുണ്ടെന്ന് കരുതി ആരെയും കരിവാരിത്തേക്കാമെന്ന ചിന്ത മാറണമെന്ന് സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മറ്റു ചില ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത് ആവശ്യമായ ലൈസന്‍സ് ഇല്ലാതെയാണെന്ന് സാബു ആരോപിച്ചിരുന്നു.

ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാന്‍ അദ്ദേഹം മാനേജ്മെന്റിനെ വെല്ലുവിളിച്ചു. ചാനലിന്റെ പ്രവര്‍ത്തനങ്ങളിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News