ബ്രിട്ടനെ പിടിച്ചു വിഴുങ്ങാന്‍ പുതിയ കോവിഡ് വകഭേദം എത്തുന്നു; ഫ്രാങ്കസ്റ്റീന്‍ വകഭേദം ബ്രിട്ടനെ വീണ്ടും കൂട്ടില്‍ കയറ്റുമോ എന്ന ആശങ്ക ശക്തം; പ്രതിരോധ ശേഷിയെ മറികടക്കുന്ന ഈ വകഭേദം അതിവേഗത്തില്‍ പടരുന്നുവെന്ന് ശാസ്ത്രജ്ഞര്‍

ബ്രിട്ടനെ പിടിച്ചു വിഴുങ്ങാന്‍ പുതിയ കോവിഡ് വകഭേദം എത്തുന്നു

Update: 2025-07-04 00:48 GMT

ലണ്ടന്‍: സ്ട്രാറ്റസ് എന്ന് പേര് നല്‍കിയ പുതിയ കോവിഡ് വകഭേദം യു കെയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പഴയ കോവിഡ് കാലത്തെ അനുസ്മരിപ്പിക്കും വിധം ഈ വകഭേദം മറ്റൊരു കോവിഡ് തരംഗം സൃഷ്ടിച്ചേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എക്സ് എഫ് ജി എന്ന ശാസ്ത്രീയ നാമമുള്ള സ്ട്രാറ്റസ്, കോവിഡിന്റെ മുന്‍ വകഭേദങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നാണ് അനുമാനിക്കുന്നത്. അതിന് സംഭവിച്ചിരിക്കുന്ന ഉല്‍പരിവര്‍ത്തനം (മ്യൂട്ടേഷന്‍) കാരണം ഇതിന് മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ കഴിയും എന്നും വിദഗ്ധര്‍ പറയുന്നു.

യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) യുടെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഈ വകഭേദമാണ് ഇംഗ്ലണ്ടില്‍ അതിവേഗം വ്യാപിക്കുന്നത്. മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളില്‍ പത്ത് ശതമാനത്തോളം പേരില്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്നാഴ്ചകള്‍ക്കിപ്പുറം ജൂണ്‍ മദ്ധ്യത്തിലെത്തിയപ്പോള്‍ 40 ശതമാനമായി വര്‍ദ്ധിച്ചു. അതീവ ശക്തമായ ഓമിക്രോണ്‍ വകഭേദത്തിന്റെ പിന്‍ഗാമിയായ സ്ട്രാറ്റസ് ഒരു ഫ്രാങ്കന്‍സ്റ്റീന്‍ അല്ലെങ്കില്‍ റീകോമ്പിനന്റ് സ്‌ട്രെയിന്‍ എന്നാണ് അറിയപ്പെടുന്നത്.

അതായത്, ഒരു വ്യക്തിയെ ഒരേസമയം രണ്ട് വ്യത്യസ്തതരം കോവിഡ് വകഭേദങ്ങള്‍ ബാധിക്കുമ്പോള്‍, അവ സംയോജിച്ചുണ്ടാകുന്ന സങ്കരയിനം വൈറസാണിത്. ഇതിന്റെ രണ്ട് വകഭേദങ്ങളായ എക്സ് എഫ് ജി യും എക്സ് എഫ് ജി.3 യും അതിവേഗം വ്യാപിക്കുകയാണെന്നാണ് വാര്‍വിക്ക് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റ് ആയ പ്രൊഫസര്‍ ലോറന്‍സ് യംഗ് പറയുന്നത്. ഇവയെ, ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന പുതിയ സ്പൈക്ക് മ്യൂട്ടേഷന്‍ മൂലമാകാം ഇത്രയധികം വ്യാപന ശേഷി ലഭിച്ചത് എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി കോവിഡ് വ്യാപനം കുറവായതിനാലും, വാക്സിന്റെ പുതിയ ബൂസ്റ്റര്‍ വാക്സിന്‍ എടുത്തവര്‍ കുറവായതിനാലും പൊതുവേയുള്ള പ്രതിരോധ ശക്തി ദുര്‍ബലമാണ്. ഇത് എക്സ് എഫ് ജി, എക്സ് എഫ് ജി 3 വകഭേദങ്ങള്‍ക്ക് വ്യാപനം സുഗമമാക്കുന്നു. അതുകൊണ്ടു തന്നെ മറ്റൊരു മഹാ കോവിഡ് തരംഗത്തിനും സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഈ പുതിയ വകഭേദം മാരക പ്രഹരശേഷിയുള്ളതാണ് എന്നതിന് ഇതുവരെ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, വാക്സിന്‍ എടുത്താല്‍, രോഗബാധ വലിയൊരു അളവ് വരെ തടയുവാനും കഴിയും.

ഈ പുതിയ വകഭേദത്തെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. പൊതുജനാരോഗ്യത്തില്‍ ഇതിന് കാര്യമായ ആഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിനാലാണിത്. പ്രഹര ശേഷി കുറവാണെങ്കിലും, വ്യാപനശേഷി വളരെ കൂടുതലാണ് ഈ വകഭേദത്തിന് എന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. നിമ്പസ് എന്ന മറ്റൊരു കോവിഡ് വകഭേദവും വ്യാപിക്കുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു.

Tags:    

Similar News