പിണറായിയുടേത് നേരിന്റെയും നെറിയുടെയും വികസന കാഴ്ചപ്പാട്; ഇടതുപക്ഷത്ത് തുടരുമെന്ന സൂചനകളുമായി കെടി ജലീല്‍; ഗാന്ധി ജയന്തി ദിനത്തില്‍ 'ഭൂകമ്പം' ഉണ്ടാകില്ല; അന്‍വറിനൊപ്പം ജലീല്‍ ചേരില്ല; സിപിഎമ്മിന് ആശ്വാസമായി പുതിയ കുറിപ്പ്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഹൃദയം ചേര്‍ന്നു നില്‍ക്കാന്‍ കോടിയേരിയുടെ സ്‌നേഹമസൃണമായ സമീപനം ഏറെ സഹായിച്ചു.

Update: 2024-10-01 01:55 GMT

മലപ്പുറം: കെടി ജലീല്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുമെന്ന് സൂചന. കെ ടി ജലീല്‍ എം എല്‍ എ യുടെ ''സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി'' എന്ന പുസ്തകം ഡോ ജോണ്‍ ബ്രിട്ടാസ് എം പിയാണ് പ്രകാശനം ചെയ്യുന്നത്. കെ ടി ജലീലിന്റെ പന്ത്രണ്ടാമത്തെ പുസ്തകം കൈരളി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കവും, എഴുതാനുണ്ടായ സാഹചര്യവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇതും സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുമെന്ന സന്ദശമാണ് നല്‍കുന്നത്. ഇതിനൊപ്പം ബ്രിട്ടാസാണ് പ്രകാശകനും. അതുകൊണ്ട് തന്നെ സിപിഎം വിരുദ്ധത ഈ യോഗത്തിലോ അതിന് ശേഷമോ ജലീല്‍ എടുക്കില്ല.

നാളെ നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങിനു പിന്നാലെ ചില കാര്യങ്ങള്‍ തുറന്നുപറയുമെന്ന് ജലീല്‍ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നു വ്യക്തമാക്കിയ ജലീലിന്റെ അടുത്ത നീക്കം എന്താകുമെന്ന ചര്‍ച്ചകളും നിറഞ്ഞു. കോടിയേരി ബാലകൃഷ്ണനാണ് പുസ്തക സമര്‍പ്പണമെന്ന് ജലീല്‍ പറയുന്നു. പിണറായി വിജയനെ കുറിച്ചും പരാമര്‍ശമുണ്ട്. മുഖ്യമന്ത്രിയെ ജന നായകനാക്കി ഉയര്‍ത്തുകയാണ് ജലീല്‍. അതുകൊണ്ട് തന്നെ ജലീല്‍ ഇനിയും സിപിഎം രാഷ്ട്രീയം തുടരുമെന്നാണ് വിലയിരുത്തല്‍. പിവി അന്‍വറിനൊപ്പം ജലീല്‍ പോകില്ലെന്നാണ് വ്യക്തമാകുന്നത്.

കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയനെപ്പോലെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് വേറെ ഉണ്ടാവില്ല. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടിച്ചുകീറാന്‍ നോക്കിയിട്ടും അദ്ദേഹം അജയ്യനായി നില്‍ക്കുന്നു. പിണറായിയുടെ നേരിന്റെയും നെറിയുടെയും വികസന കാഴ്ചപ്പാടിന്റെയും യഥാര്‍ത്ഥ ചിത്രവും ഒരു തലക്കെട്ടിനു കീഴില്‍ വിശകലനം ചെയ്യുന്നുണ്ട്. സുഹൃത്തിനൊരു മറുകുറിപ്പ്' എന്ന വാട്‌സ്അപ്പ് കത്തോട് കൂടിയാണ് ''സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി'' അവസാനിക്കുന്നത്. തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ് അതിന്റെ ഉള്ളടക്കം-ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ജലീല്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

എന്നെ അത്യാവശ്യം ഭേദപ്പെട്ട ഒരു പൊതുപ്രവര്‍ത്തകനാക്കിയത് മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ യശശരീരനായ കൊരമ്പയില്‍ അഹമ്മദാജിയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ എനിക്ക് തണലായത് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഹൃദയം ചേര്‍ന്നു നില്‍ക്കാന്‍ കോടിയേരിയുടെ സ്‌നേഹമസൃണമായ സമീപനം ഏറെ സഹായിച്ചുവെന്നാണ് ജലീല്‍ പറയുന്നത്.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വായിക്കുന്തോറും ബഹുമാനവും ആദരവും വര്‍ധിച്ച മഹാവ്യക്തിത്വത്തിന്റെ ഉടമയാണ് മഹാത്മാഗാന്ധി. ലോകം ഇന്ത്യയെ നോക്കിക്കാണുന്നത് ഗാന്ധിജിയുടെ കണ്ണടയിലൂടെയാണ്. സമീപകാലത്തൊന്നും മോഹന്‍ദാസ് കരംചന്ദിനെപ്പോലെ ഒരാളെ ഭൂമിയിലെവിടെയും തിരിയിട്ട് തെരഞ്ഞാലും കാണാനാവില്ല. സമീപ നൂറ്റാണ്ടിലൊന്നും അങ്ങിനെ ഒരാളെ സംബന്ധിച്ച് എഴുതപ്പെട്ടതായും അറിവില്ല. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പ് വേളയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി, വിവാദപരമായ ഒരു പ്രസ്താവന നടത്തിയത്. ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ''ഗാന്ധി'' സിനിമ ഇറങ്ങിയതിന് ശേഷമാണ്, ലോകം മഹാത്മാഗാന്ധിയെ അറിയാന്‍ തുടങ്ങിയത് എന്നായിരുന്നു ആ അവാസ്തവം. വ്യാപകമായ പ്രതിഷേധ പ്രതികരണങ്ങള്‍ അക്കാദമിക മേഖലയില്‍ നിന്നും ചിന്തകരില്‍ നിന്നും സാമൂഹ്യ-രാഷ്ട്രീയ-മത നേതാക്കളില്‍ നിന്നും ഉയര്‍ന്നു.

ഒരു ചരിത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഗാന്ധിജിയെ പലതവണ വായിച്ചിട്ടുണ്ട്. വായിച്ചാലും വായിച്ചാലും തീരാത്ത ഒരു വിശിഷ്ട ഗ്രന്ഥമാണ് ഗാന്ധിജിയുടെ ജീവിതം. മോദിജിയുടെ പരാമര്‍ശത്തിലെ നിജസ്ഥിതി തേടി വീണ്ടും ഗാന്ധിജിയെ അറിയാല്‍ ശ്രമിച്ചപ്പോഴും അതെനിക്ക് നിസ്സംശയം ബോദ്ധ്യമായി. മതപുരോഹിതര്‍ പോലും പറഞ്ഞതിന് വിരുദ്ധമായി ജീവിക്കുന്ന ചുറ്റുപാടിലാണ് മോഹന്‍ദാസ് എന്ന സാധാരണക്കാരനായ ഒരു ബാരിസ്റ്റര്‍ വാക്കുകളെ പ്രവൃത്തി കൊണ്ട് പകരംവെച്ചത്. മനുഷ്യപക്ഷമാണ് ഗാന്ധിജി എന്നും തെരഞ്ഞെടുത്തത്. വെറുപ്പിനെ സ്‌നേഹം കൊണ്ട് കീഴടക്കിയ അര്‍ധനഗ്‌നനായ ഫക്കീര്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തി. ഈ പുസ്തകം തുടങ്ങുന്നത് ''സ്വര്‍ഗസ്ഥനായ ഗാന്ധിജി'' എന്ന അദ്ധ്യായത്തോടു കൂടിയാണ്. ആരംഭത്തിലെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി സ്വീകരിച്ചത്. ഒരു മഹാസമുദ്രത്തെ കൊച്ചരുവിയാക്കാന്‍ നടത്തിയ പാഴ്ശ്രമം ഫലവത്തായോ എന്നുപറയേണ്ടത് വായനക്കാരാണ്! ഉദ്ദേശം അന്‍പത് പേജുകളില്‍ ഗാന്ധിജിയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം പറയാന്‍ നടത്തിയ ഉദ്യമം വൃഥാവിലാണെന്ന് അറിയാഞ്ഞിട്ടല്ല! പൊതു വായനയില്‍ പലരും ശ്രദ്ധിക്കാതെ പോയ ശകലങ്ങളാണ് പ്രഥമ അദ്ധ്യായത്തില്‍ പ്രധാനമായും പറയുന്നത്.

അതോടൊപ്പം കാലത്തോട് സംവദിച്ച് രേഖപ്പെടുത്തിയ ലേഖനങ്ങളും കുറിപ്പുകളും ''സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി''യുടെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ''കൈരളി'' ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. അവര്‍ പ്രസിദ്ധീകരിക്കുന്ന എന്റെ രണ്ടാമത്തെ കൃതി. ''പച്ച കലര്‍ന്ന ചുവപ്പ്'' ഒന്നാംഭാഗമാണ് ആദ്യ രചന. ഇതിനകം പതിനൊന്ന് പുസ്തകങ്ങള്‍ മലയാളികളുടെ കൈകളില്‍ എത്തിക്കാനായി. അഞ്ച് പുസ്തകങ്ങള്‍ ചിന്തയാണ് പുറത്തിറക്കിയത്. രണ്ടെണ്ണം ഡിസി. ഒന്ന് മൈത്രി, മറ്റൊന്ന് സിതാര. പ്രാരംഭ ഘട്ടത്തില്‍ ഗ്രാന്‍മ ബുക്‌സിന്റെ സജീവന്‍ നല്‍കിയ പ്രോല്‍സാഹനം അളവറ്റതാണ്. ''സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി'' എന്റെ പന്ത്രണ്ടാമത്തെ പുസ്തകമാണ്. കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയനെപ്പോലെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് വേറെ ഉണ്ടാവില്ല. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടിച്ചുകീറാന്‍ നോക്കിയിട്ടും അദ്ദേഹം അജയ്യനായി നില്‍ക്കുന്നു. പിണറായിയുടെ നേരിന്റെയും നെറിയുടെയും വികസന കാഴ്ചപ്പാടിന്റെയും യഥാര്‍ത്ഥ ചിത്രവും ഒരു തലക്കെട്ടിനു കീഴില്‍ വിശകലനം ചെയ്യുന്നുണ്ട്. സുഹൃത്തിനൊരു മറുകുറിപ്പ്' എന്ന വാട്‌സ്അപ്പ് കത്തോട് കൂടിയാണ് ''സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി'' അവസാനിക്കുന്നത്. തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ് അതിന്റെ ഉള്ളടക്കം. പ്രീഡിഗ്രിക്ക് എന്റെ കൂടെ പഠിച്ച ബഷീര്‍ മാഷ് അയച്ച സന്ദേശത്തിനുള്ള മറുസന്ദേശമാണത്. വര്‍ത്തമാന രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടില്‍ പ്രസ്തുത കുറിപ്പിന് പ്രസക്തിയുള്ളത് കൊണ്ടാണ് അതും പുസ്തകത്തിന്റെ ഭാഗമാക്കിയത്. ഞാനൊരു പൊതുപ്രവര്‍ത്തകനായതിനാല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ലല്ലോ? അതൊഴിച്ചു നിര്‍ത്തിയാല്‍ പിന്നെ ഞാനെന്ന വ്യക്തിക്ക് പ്രസക്തിയില്ല.

എന്നെ അത്യാവശ്യം ഭേദപ്പെട്ട ഒരു പൊതുപ്രവര്‍ത്തകനാക്കിയത് മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ യശശരീരനായ കൊരമ്പയില്‍ അഹമ്മദാജിയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ എനിക്ക് തണലായത് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഹൃദയം ചേര്‍ന്നു നില്‍ക്കാന്‍ കോടിയേരിയുടെ സ്‌നേഹമസൃണമായ സമീപനം ഏറെ സഹായിച്ചു.ഇരുവരുമായുള്ള സാമീപ്യം എനിക്കു നല്‍കിയ അനുഭവ സമ്പത്ത് അമൂല്ല്യമാണ്. മായം ചേര്‍ക്കാത്ത മതേതര രാഷ്ട്രീയം ജീവിതാന്ത്യംവരെ ഉയര്‍ത്തിപ്പിടിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ കൊരമ്പയിലിനും മതനിരപേക്ഷതയുടെ ജീവസ്സുറ്റ പ്രതീകവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൗമ്യ മുഖവുമായിരുന്ന കോടിയേരിക്കുമാണ് ഈ പുസ്തകം സമര്‍പ്പിക്കുന്നത്. എഴുത്തിന്റെ ലോകത്ത് കൂടുതല്‍ സജീവമാകാന്‍ ആവേശം പകര്‍ന്ന മാന്യവായനക്കാരോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കുന്നില്ല.

Tags:    

Similar News