'സിവി ആനന്ദബോസ് ഗവര്‍ണറാകുന്നതിന് മുന്‍പ് ഇവിടെ വന്നിട്ടുണ്ട്; പുഷ്പാര്‍ച്ചന നടത്തിയിട്ടുമുണ്ട്; ഒരിക്കലും അദ്ദേഹം ഇവിടെ വരാന്‍ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല; മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് പ്രത്യേകസമയമുണ്ട്; അദ്ദേഹം എന്തോ മനസ്സില്‍ വച്ചു പറയുന്നു'; ആരോപണം തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

'സിവി ആനന്ദബോസ് ഗവര്‍ണറാകുന്നതിന് മുന്‍പ് ഇവിടെ വന്നിട്ടുണ്ട്

Update: 2026-01-05 09:41 GMT

കോട്ടയം: മന്നത്ത് ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന്റെ ആരോപണം തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. ആനന്ദബോസ് പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ലെന്നാണ് സുകുമാരന്‍നായര്‍ പറയുന്നത്. ആനന്ദബോസ് ഇവിടെ വന്നിട്ട് കയറാന്‍ കഴിയാതെ ഒരിക്കലും പോയിട്ടില്ല. അദ്ദേഹം എന്തെങ്കിലും മനസില്‍ വച്ചാണോ പറയുന്നതെന്ന് സംശയം ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

'സിവി ആനന്ദബോസ് ഗവര്‍ണറാകുന്നതിന് മുന്‍പ് ഇവിടെ വന്നിട്ടുണ്ട്. പുഷ്പാര്‍ച്ചന നടത്തിയിട്ടുമുണ്ട്. ഒരിക്കലും അദ്ദേഹം ഇവിടെ വരാന്‍ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല. ഇവിടെ വന്നിട്ട് കയറാതെ പോയിട്ടുമില്ല. എന്തെങ്കിലും മനസില്‍ വച്ച് പറയുന്നതാണെന്ന് സംശയിക്കുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് പ്രത്യേകസമയമുണ്ട്. മറ്റ് സമയങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ അനുവാദം വേണം. എന്നോട് അദ്ദേഹം അങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടില്ല. അസമയത്ത് ആരെങ്കിലും കേറി ഇവിടെ നിരങ്ങിയേച്ച് പോയാല്‍ അറിയേണ്ടേ?'- ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഗവര്‍ണറായി സ്ഥാനമേല്‍ക്കും മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്നായിരുന്നു ഗവര്‍ണര്‍ സിവി ആനന്ദബോസ് ഉന്നയിച്ച ആരോപണം. എല്ലാ നായന്‍മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും മന്നംസമാധിയില്‍ പുഷ്പാര്‍ച്ച നടത്തുകയെന്നത് നായര്‍ സമുദായ അംഗങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ മന്നം ജയന്തി അനുസ്മരണത്തിലായിരുന്നു ആനന്ദബോസിന്റെ പരാമര്‍ശം.

'എനിക്ക് വളരെ സങ്കടകരമായ ഒരുകാര്യം ഉണ്ടായി. അത് നിങ്ങളുമായി തുറന്നുപറയാന്‍ ആഗ്രഹിക്കുകയാണ്. ഗ്രാമപ്രദേശത്തെ മലയാളം മീഡിയത്തില്‍ പഠിച്ചയാളാണ് ഞാന്‍. ദൈവാനുഗ്രഹം കൊണ്ടും കരയോഗത്തില്‍ നിന്നുകിട്ടിയ ശിക്ഷണം കൊണ്ട് ഐഎഎസ് കിട്ടി. ഒരുദിവസം ഇന്ത്യയുടെ പ്രധാനമന്ത്രി വിളിച്ചിട്ട് പറഞ്ഞു. ആനന്ദബോസ് ഒന്നു കാണണം. എന്നിട്ട് പറഞ്ഞു. ബംഗാളിന്റെ ഗവര്‍ണറാകണം. എന്നെ ആ സ്ഥാനത്ത് എത്തിച്ചത് കരയോഗമാണ്. ഇത് മനസില്‍ വച്ചുകൊണ്ട് ടെലിഫോണില്‍ ഞാന്‍ ഒരു അപേക്ഷ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അറിയിച്ചു. എനിക്ക് പശ്ചിമബംഗാള്‍ ഗവര്‍ണറായി ചുമതലയെടുക്കുന്നതിന് മുന്‍പ് മന്നത്തിന്റെ സ്മാരകത്തില്‍ പുഷ്പാഞ്ജലി നടത്തണമെന്ന്. അതിന്റെ ഭാഗമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ അപ്പോയിന്റ്‌മെന്റ് കിട്ടി. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്നെ കാറിന്റെ ഡോര്‍ തുറന്ന് സ്വീകരിച്ചു. ചായ തന്ന് സംസാരിച്ച് കാറില്‍ കയറ്റി തിരികെ അയക്കുകയും ചെയ്തു'

'സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യമൊന്നും പറഞ്ഞില്ല. എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ?. നായര്‍ സമുദായത്തില്‍ പിറന്ന ഓരോരുത്തനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്ത് ആചാര്യന്റെ സമാധിയില്‍ പോയി പുഷ്പാര്‍ച്ചന നടത്തുകയെന്നത് ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതല്ലേ?. ഇത് ഒരാളുടെ മാത്രം കുത്തകയാണോ?. പണ്ട് സനകകുമാരന്‍മാര്‍ മഹാവിഷ്ണുവിനെ കാണാനെത്തി. കാവല്‍ക്കാരായ ജയവിജയന്‍മാര്‍ തടഞ്ഞു. അവര്‍ക്ക് ശാപംകിട്ടി അവര്‍ ഭൂമിയില്‍ പതിച്ചു. കാവല്‍ക്കാര്‍ ഒരു കാര്യം ഓര്‍ക്കണം. ഗേറ്റ് കീപ്പര്‍മാരെ കാണാന്‍ അല്ല പെരുന്നയില്‍ വരുന്നത്. ഇപ്പോഴുള്ളവരെ ബഹുമാനിക്കുന്നു. എന്നാല്‍ മന്നത്ത് ആചാര്യനെ ബഹുമാനിക്കാന്‍ അവസരം കിട്ടുന്നില്ലെന്നത് സങ്കടകരമാണ്. ഏതൊരു നായര്‍ യുവാവിനും യുവതിക്കും ഒരു നേട്ടം കിട്ടുമ്പോള്‍ മന്നത് ആചാര്യന് മുന്നില്‍ പ്രണാമിക്കാനും പുഷ്പാഞ്ജലി നടത്താനും അവസരം ഉണ്ടാക്കണം. ഇന്ദ്രപ്രസ്ഥത്തില്‍ മന്നത്ത് ആചാര്യന് വേണ്ടി ഒരു സ്മാരകം പണിയണം'- ആനന്ദബോസ് പറഞ്ഞു.

Tags:    

Similar News